ന്യൂയോർക്ക്: സ്ത്രീകൾ സമൂഹത്തിൽ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സ്ത്രീയെ ബഹുമാനിക്കാത്തവർ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കുന്നില്ലെന്നും പ്രവാസി മലയാളി ഫെഡറേഷൻ വിമൻസ് ഫോറം ഗ്ലോബൽ കോ ഓർഡിനേറ്റർ ലൈസി അലെക്‌സ് പറഞ്ഞു. സ്ത്രീദിനമായി ലോകമാകെ ആചരിച്ച മാർച്ച് എട്ടിനു പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ ലൈസി അറിയിച്ചതാണിത്.

പുരുഷന്റെയും, സമൂഹത്തിന്റെയും നിർദ്ദയമായ ചൂഷണങ്ങളും അടിമത്തവും സഹിച്ചുകൊണ്ടായിരുന്നു സ്ത്രീകൾ ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ഇതിനെതിരെ സ്ത്രീകൾ പടുത്തുയർത്തിയ  പ്രതിഷേധങ്ങൾ ആണ് സ്ത്രീകൾ ഇന്നനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങൾക്കു പോലും പുതിയ ഉണർവ്വും ശക്തിയും പ്രദാനം ചെയ്തത്. തുല്യ പൗരത്വത്തിനും രാഷ്ട്രീയ സാമൂഹിക സമത്വങ്ങൾക്കും വേണ്ടിയുള്ള സ്ത്രീകളുടെ അവകാശ സമരങ്ങളിലെ നിർണ്ണായകമായ കാലഘട്ടമാണിത്.

ലോകത്തിലെ പല രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും ഇന്നും സ്ത്രീകൾ സ്വതന്ത്രരൊ, തുല്യരോ അല്ല. പുരുഷന്മാർ അവരെ ഗാർഹിക അടിമകളായും, ഭോഗവസ്തുവായും, സന്താനസൃഷ്ടിക്കുള്ള യന്ത്രവുമായാണ് കാണുന്നത്.  ഇന്നും സ്ത്രീകൾക്ക് വിദ്യാഭ്യാസവും, പുറത്തിറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അവസ്ഥയാണ് പല രാജ്യങ്ങളിലും. ജോലി സ്ഥലങ്ങളിലും, മറ്റു സമൂഹങ്ങളിലും അവരെ രണ്ടാംതര പൗരന്മാരായാണ് കാണുന്നത്. ഒരേ ജോലിക്ക് സ്ത്രീകൾക്ക് പുരുഷനെക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്ന രാജ്യങ്ങളിലും ഇന്നും ഭയത്തോടെ മാത്രമെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ സാധിക്കൂ. അതിനൊക്കെ തെളിവുകളാണ് ലോകത്തിൽ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീ ശരീരങ്ങൾ.

പ്രവാസി മലയാളി ഫെഡറേഷൻ സ്ത്രീകൾക്ക് തുല്യത നൽകുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളിൽ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളിൽ കഴിയുന്ന സ്ത്രീകൾ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളിൽ സഹായിക്കേണ്ടതും ഒരു കർത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ പ്രയാസങ്ങളിൽ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാർക്കും, ഗാർഹിക തൊഴിലാളികൾക്കും സഹായം നൽകാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തങ്ങളിലും സ്ത്രീകൾക്കു പ്രാധാന്യം നൽകി കൊണ്ടായിരിക്കും സംഘടന പ്രവർത്തിക്കുക. ഓഗസ്റ്റിൽ തിരുവനന്തപുരത്തു നടക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം'ത്തിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ പങ്കെടുക്കുന്നതും, സ്ത്രീ ശാക്തീകരണ വിഷയത്തിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നതുമായിരിക്കും.

സ്ത്രീകൾ സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ, അവർക്ക് സമൂഹത്തിൽ നേരിടുന്ന അനീതികളും അസമത്വങ്ങളും പീഡനങ്ങളും അവസാനിക്കണമെങ്കിൽ സ്ത്രീകൾ പ്രതിബന്ധങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സംഘടനകളും, സമൂഹവും അതിനായുള്ള അവസരങ്ങൾ ഒരുക്കണം. ഭാവിയിൽ സാമ്പത്തികമായും രാഷ്ട്രീയമായും വിജയിക്കുന്ന സ്ത്രീകളാക്കി വാർത്തെടുക്കണം. ആദിവാസികളുടെ ഭൂമിക്കായുള്ള പോരാട്ടത്തിൽ തന്റെ നിൽപ്പ് സമരത്തിലൂടെ ചരിത്രം കുറിച്ച് 2015ലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം കരസ്ഥമാക്കിയ സി.കെ ജാനുവിനെ ഈ അവസരത്തിൽ അനുമോദിക്കുന്നതായും ലൈസി തന്റെ പ്രസ്താവനയിൽ അറിയിച്ചു.