പുനലൂർ: വർക്ഷോപ് ഉടമ പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ സുഗതൻ ജീവനൊടുക്കിയ സംഭവത്തിൽ എങ്ങുമെത്താതെ പൊലീസ് അന്വേഷണം. സംഭവത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിന്റെ അനാസ്ഥയാണ് അന്വേഷണം എങ്ങുമെത്താത്തതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന പിരിവിന് ഇറങ്ങിയതാണ് സുഗതന്റെ ജീവനെടുത്തത്. അച്ഛനുണ്ടായ അനുഭവം ഇനി രു പ്രവാസിക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്. ഇവിടുത്തെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് തങ്ങളുടെ അച്ഛനെന്ന് സുജിയും സുജിത്തും ഒരേശബ്ദത്തിൽ പറയുന്നു. കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ മാർച്ച് 20നു നടക്കുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കും.

സുഗതന്റെ മകൻ സുനിലിന്റെ മൊഴിയനുസരിച്ചു മൂന്ന് എഐവൈഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും തെളിവു ലഭിച്ചിട്ടില്ലെന്നു കുന്നിക്കോട് എസ്‌ഐ കെ.ജി.ഗോപകുമാർ പറഞ്ഞു. ഷെഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐ നേതാക്കൾ ഇടപെട്ടു ചർച്ച നടത്തിയിട്ടുണ്ട്. എഐവൈഎഫ് കൊടി കുത്തിയതായും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഷെഡ് പൊളിക്കണമെന്ന് അന്ത്യശാസനം നൽകിയെന്നതിനും പണം ആവശ്യപ്പെട്ടതിനും തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു.

വിളക്കുടി പൈനാപിൽ ജങ്ഷന് സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിലാണ് സുഗതൻ ജീവനൊടുക്കിയത്. മറ്റ് മൂന്ന് കയറുകൾ കൂടി അദ്ദേഹം കെട്ടിയിരുന്നു. ഇങ്ങനെ പോയാൽ ആ കയറുകൾ ഞങ്ങൾ ഉപയോഗിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. തങ്ങൾ ഉൾപ്പെടെ ഒരു കൂട്ടം പ്രവാസികളുടെ ജീവിത സ്വപ്നമാണ് എ.ഐ.വൈ.എഫിന്റെ കൊടികുത്തിലൂടെ പൊലിഞ്ഞതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

40 വർഷമായി മസ്‌കത്തിലെ ജിബ്രാലിൽ സ്വന്തമായി വർക്ക് ഷോപ് നടത്തിവരുകയായിരുന്നു ഭാര്യക്കും മക്കൾക്കും ഒപ്പം സുഗതൻ. മസ്‌കത്തിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടിൽ സ്ഥാപനം തുടങ്ങി ഗൾഫ് ജീവിതം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് രണ്ടു മാസം മുമ്പാണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വർക്ക് ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്‌കത്തിൽ വർക്ക് ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉൾപ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലിൽ മുമ്പ് നികത്തിയ വയൽ പാട്ടത്തിനെടുത്തത്. ഇവിടെ നാലു ലക്ഷത്തോളം രൂപ മുടക്കി ഷെഡ് സ്ഥാപിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ സമീപിച്ച് താൽക്കാലിക അനുമതിയും വാക്കാൽ നേടി.

എന്നാൽ, നീർത്തടം നികത്തിയ സ്ഥലമായതിനാൽ എ.ഐ.വൈ.എഫുകാരുടെ ഭാഗത്തുനിന്ന് എതിർപ്പ് നേരിട്ടു. നേതാക്കളെ കണ്ട് പലതവണ കാര്യം ബോധിപ്പിച്ചു. ഇവരാരും കാര്യമായ എതിർപ്പുകൾ കാട്ടിയില്ല. ഇതിനിടയിലാണ് അഞ്ചുദിവസം മുമ്പ് എ.ഐ.വൈ.എഫുകാർ സ്ഥലത്തുകൊടിനാട്ടിയത്. ഇതിനു ശേഷവും നേതാക്കളെ കണ്ട് വർക്ക് ഷോപ് തുടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവർ വലിയ തുക സംഭാവന ചോദിച്ചിരുന്നതായി അച്ഛൻ പറഞ്ഞതായി മക്കൾ ഓർക്കുന്നു.

അച്ഛൻ മരിക്കുന്ന വെള്ളിയാഴ്ച രാവിലെ അവസാന ശ്രമമെന്ന നിലയിൽ മറ്റാരെയോ കണ്ട് കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വർക്ക് ഷോപിലെത്തിയ ശേഷം ആംഗ്ലയറിൽ നാലു കയറുകൾ കെട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് എന്തിനാണെന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. ഇദ്ദേഹത്തെ കടുംചായ വാങ്ങിക്കാൻ തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. ചായയുമായി ഇയാൾ എത്തിയപ്പോൽ അച്ഛൻ തൂങ്ങിനിൽക്കുന്നതാണ് കാണുന്നത്. ആത്മഹത്യക്ക് പ്രേരകമായ മറ്റൊരു കാരണങ്ങളും ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. അച്ഛന്റെ മരണത്തിന് കാരണക്കാരായ പൊതുപ്രവർത്തകരെ നിയമത്തിനു മുന്നിലെത്തിക്കണം. നീതി ലഭിച്ചില്ലങ്കിൽ ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

അതേസമയം വിഷയം പ്രവാസി ലോകം ഏറ്റെടുത്തതോടെ പ്രതിരോധിക്കാൻ പാടുപെടുകയാണ് സിപിഐ. സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം എ.ഐ.വൈ.എഫിനാണെന്ന ആരോപണങ്ങളും പ്രചാരണങ്ങളും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി വയൽനികത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റും കെട്ടിട നമ്പറും നൽകുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എ.ഐ.വൈ.എഫ് ഇളമ്പൽ ലോക്കൽ കമ്മിറ്റി. ഇവിടെ വയൽ നികത്തിയ സ്ഥലം പാട്ടത്തിനെടുത്ത് വർക്ക്ഷോപ് തുടങ്ങുന്നതിന് പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പണി തുടങ്ങിയപ്പോൾ തന്നെ എ.ഐ.വൈ.എഫ് നിയമവിരുദ്ധ നടപടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സുഗതൻ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും ഭരണത്തണലിൽ കേസ് അട്ടിമറിക്കപ്പെടുന്നെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പ്രവാസിയുടെ ദുരൂഹമരണത്തിന് കാരണക്കാരായ പാർട്ടിയുടെ സംസ്ഥാന അസി. സെക്രട്ടറിയുടെയും മന്ത്രി കെ. രാജുവിന്റെയും മൗനം പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.