തിരുവനന്തപുരം: അത്യാധുനിക സംവിധാനവുമായാണ് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. എല്ലാം പരാതിരഹിതമാകണമെന്ന് നിർബന്ധം. പക്ഷേ അത്തരമൊരു തെരഞ്ഞെടുപ്പിലും പ്രവാസികളുടെ ആവശ്യം മാത്രം നടപ്പാകുന്നില്ല. വിദേശത്ത് ജോലിയെടുത്ത് കുടുംബ പുലർത്തുന്നവർക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാകാൻ ഇത്തവണയും കഴിയില്ല. വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ നാട്ടിലെത്തി വോട്ട് ചെയ്യാമെന്നത് തന്നെയാകും ഇത്തവണത്തേയും അവസ്ഥ.

പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ ഇരുന്ന് വോട്ട് ചെയ്യാനോ പ്രോക്‌സി വോട്ട് സംവിധാനം ഏർപ്പെടുത്തണമെന്നാണ് ദീർഘനാളായുള്ള ആവശ്യം. പ്രവാസികളുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യാൻ അവസരം (പ്രോക്‌സി വോട്ട്) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാർശ നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഈ നിയമം ഇനി പാസാക്കാൻ കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ പ്രോക്‌സി വോട്ട് നടക്കില്ല.

അതേസമയം, വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് നാട്ടിലത്തെിയാൽ വോട്ട് ചെയ്യാൻ സാധിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കണക്കു പ്രകാരം 16.25 ലക്ഷവും അനൗദ്യോഗിക കണക്കുകൾ പ്രകാരം 25 ലക്ഷവും മലയാളികളാണ് പ്രവാസികളായുള്ളത്. ഇവരിൽ 90 ശതമാനത്തോളം പേരും കഴിയുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. പ്രവാസികളിൽ ബഹുഭൂരിഭാഗം പേർക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കാത്ത അവസരമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലാണ് പ്രവാസി വോട്ട് വിഷയം വീണ്ടും ഉയർന്നുവന്നത്.

പ്രവാസി വ്യവസായിയും വി.പി.എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ സുപ്രീംകോടതിയെ സമർപ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയുമായിരുന്നു. എന്നാൽ, ഏത് രീതിയിൽ വോട്ടവകാശം സാധ്യമാക്കും എന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ മൂലം ഇത് നീണ്ടുപോയി. വിദേശ രാജ്യങ്ങളിൽ പോളിങ് ബൂത്തുകൾ, ഓൺലൈൻ സംവിധാനം, പ്രോക്‌സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലത്തെിയത്. പ്രോക്‌സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ നൽകിയത്. അതും എങ്ങുമെത്താത്ത അവസ്ഥ.

നോട്ടയ്ക്ക് പ്രത്യേക ചിഹ്നം, ഭിന്ന ശേഷിയുള്ളവർക്കും ഗർഭിണികൾക്കും പരിഗണന

പ്രാവാസികളുടെ വിഷമം മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായില്ലെങ്കിലും മറ്റ് ഒട്ടേറെ പരിഷ്‌കാരങ്ങൾ കമ്മീഷൻ കൊണ്ടു വരുന്നുണ്ട്. നോട്ടയ്ക്ക് ചിഹ്നം നൽകുന്നതുൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് ഇവ.

ബാലറ്റ് പേപ്പറിലും പോസ്റ്റൽ ബാലറ്റിലും ഇത്തവണ സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉൾപ്പെടുത്തും. രാഷ്ട്രിയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച അനുമതികൾ സമയബന്ധിതമായി നൽകുന്ന ഏകജാലക സംവിധാനം ഇ അനുമതി, വാഹനങ്ങളുടെ ഉപയോഗങ്ങൾ സംബന്ധിച്ച് ഇ വാഹനം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്ന ഇ പരിഹാരം എന്നിവ ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. കൂടാതെ വോട്ടെടുപ്പ് പ്രക്രിയ അവലോകനം ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തും.

കേരളത്തിലാകെ 12038 കേന്ദ്രങ്ങളിലായി 21498 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുക്കുന്നത്. വോട്ടെടുപ്പിന് 2006ന് ശേഷം നിർമ്മിച്ച ഇസിഐഎൽ വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ടുചെയ്യുന്ന സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും വോട്ടർക്ക് മാത്രം കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുന്ന വിവിപിഎടി സംവിധാനം പത്ത് ജില്ലകളിലെ 12 മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 64 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ്. സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ഇരുപത്തിയെട്ട് ലക്ഷം രൂപയാണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് കേന്ദ്ര സേനാവിഭാഗം ഇല്ലാത്തിടത്ത് വെബ്കാസ്റ്റിങ്, സിസി ടിവി , സൂക്ഷ്മ നിരീക്ഷകർ ഇവയിൽ ഏതെങ്കിലും ഒരു സംവിധാനം ഉണ്ടായിരിക്കും.

അംഗപരിമിതർ, ഗർഭിണികൾ, കുട്ടികളുമായി വരുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വോട്ടിംഗിന് മുൻഗണന ലഭിക്കും. വാട്ടർപട്ടിക പരിശോധിക്കുന്നതിന് ജില്ലാ കളക്റ്റ്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ടച്ച് സ്‌ക്രീൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ടോൾഫ്രീ നമ്പരായ 1950ലും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. വോട്ടെടുപ്പ് ദിവസം വോട്ടിങ് ശതമാന വിവരങ്ങൾ രണ്ട് മണിക്കൂർ ഇടവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ ലഭ്യമാകും. ഇക്കഴിഞ്ഞ ജനുവരി പതിനാലിന് പ്രസിദ്ധപ്പെടുത്തിയ വോട്ടർ പട്ടികയിൽ സംസ്ഥാനത്താകെ 12326185 പുരുഷവോട്ടർമാരും 13301435 സ്ത്രീ വോട്ടർമാരുമാണുള്ളത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ഇത്തവണ ഓൺലൈനായി സമർപ്പിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ഓഫീസുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.