തിരുവനന്തപുരം: ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പ്രവീൺ എന്ന ഈ മലയാളി യുവാവ കെനിയൻ ജയിലിൽ കഴിയേണ്ടി വന്നത് മൂന്നര കൊല്ലമാണ്. ഒടുവിൽ സത്യം ബോധ്യമായി കെനിയൻ കോടതി വെറുതെ വിട്ടെങ്കിലും പ്രവീണിന്റെ ഉള്ള് ഇപ്പോഴും നീറുകയാണ്. മകന്റെ അവസ്ഥ അറിഞ്ഞ് മാനസിക നില തെറ്റിയ അമ്മയുടെ അവസ്ഥയാണ് പ്രവീണിനെ കൂടുതൽ തളർത്തുന്നത്.

മകന്റെ ദുരവസ്ഥയറിഞ്ഞ് തളർന്നുവീണ അമ്മയുടെ കാതിൽ മകന്റെ മോചന വാർത്തയെത്തിയിട്ടും മകൻ തന്നെ നേരിട്ടെത്തിയിട്ടും ഒന്നും തിരിച്ചറിഞ്ഞിട്ടില്ല. ഈ അമ്മ ഇപ്പോഴും ഓർമ്മകൾ നശിച്ച മറ്റേതോ ലോകത്താണ്. മകന്റെ മോചന വാർത്ത ഈ അമ്മയെ ഓർമ്മയുടെ ലോകത്തേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയില്ല.

കെനിയൻ ഹൈക്കോടതി വിധിയെത്തുടർന്നാണ് ഇന്നലെ കൊല്ലം പുന്നല സ്വദേശി പ്രവീൺ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ ആനന്ദക്കണ്ണീരോടെ അച്ഛനും സഹോദരിയും സുഹൃത്തുക്കളുമൊക്കെയെത്തിയിരുന്നു. എങ്കിലും ആ മകന് കാണേണ്ടിയിരുന്നത് അമ്മയെയായിരുന്നു. വേഗം വീട്ടിലേക്ക് പോയ പ്രവീണിനെ കണ്ട അമ്മ ആദ്യം ചിരിച്ചു, പിന്നെ കരഞ്ഞു. പിന്നെ ഒന്നും മിണ്ടിയില്ല. അവരുടെ ബോധതലത്തിൽ നിന്നും പ്രവീൺ മാത്രമല്ല വീട്ടുകാരും നാട്ടുകാരും എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. മൂന്നര വർഷത്തെ ജയിൽ ജീവിതത്തെക്കാൾ പ്രവീണിനെ തളർത്തിയത് തന്നെ തിരിച്ചറിയാൻ കഴിയാത്ത, മാനസികനില തെറ്റിയ അമ്മയുടെ അവസ്ഥയായിരുന്നു.

കോടികൾ വിലവരുന്ന 370 കിലോഗ്രാം ഹെറോയിനുമായി വന്ന എം.വി അൽ നൂർ എന്ന കപ്പൽ കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാട്ടയുടെ നേതൃത്വത്തിൽ കത്തിച്ചു. മയക്കുമരുന്നിനോടുള്ള കെനിയാട്ടയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പ്രഖ്യാപനമായിരുന്നു അത്.

ഈ കപ്പലിലെ ട്രെയിനി സീമാന്മാരായിരുന്നു പ്രവീണും ഹരിയാന സ്വദേശിയായ വികാസും. ദുബായിലായിരുന്നു ഇവരുടെ കപ്പൽ കമ്പനി. യാത്രാ മദ്ധ്യേയാണ് പാക്കിസ്ഥാൻ കമ്പനി കപ്പൽ വാങ്ങിയ വിവരം അറിയുന്നത്. മാനേജ്‌മെന്റ് മാറിയതോടെ ഇവർ വിരമിക്കാൻ തയ്യാറായെങ്കിലും കരാർ കാലാവധി പൂർത്തിയായില്ലെന്ന് പറഞ്ഞ് അനുവദിച്ചില്ല. പിന്നീടാണ് കപ്പലിൽ ഹെറോയിനുണ്ടെന്ന് ഇറ്റാലിയൻ പൊലീസ് വിവരം നൽകുന്നത്. അതോടെ കെനിയയിലെ മൊംബാസ പോർട്ടിൽ ഇവർ പിടിയിലായി. കപ്പലിൽ പിന്നീട് ജോലിക്ക് കയറിയ പാക്കിസ്ഥാൻകാരായിരിക്കും ഹെറോയിൻ കയറ്റിയിട്ടുണ്ടാകുക എന്നാണ് പ്രവീൺ കരുതുന്നത്.

മൊംബാസ കോടതി പ്രവീണിനെയും വികാസിനെയും നിരപരാധിയാണെന്ന് കണ്ടെത്തിയെങ്കിലും പ്രോസിക്യൂഷൻ അപ്പീൽ പോയി. ഒടുവിൽ രണ്ടു ദിവസം മുമ്പ് മൊംബാസ ഹൈക്കോടതി ഇവർ നിരപരാധികളാണെന്ന് വിധിച്ചതോടെ രണ്ടുപേർക്കും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനായി. മൊംബാസയിലെയും കെനിയയിലെയും മലയാളി അസോസിയേഷനും പത്തനാപുരത്തെ മറൈനേഴ്‌സ് അസോസിയേഷനുമാണ് ഇവരുടെ രക്ഷയ്‌ക്കെത്തിയത്. ഇന്ത്യയിൽ നിന്ന് അഭിഭാഷകനെ അയച്ചും അവിടെ നിയമസഹായത്തിന് വക്കീലിനെ വച്ചും വിദേശ മന്ത്രാലയവും സഹായിച്ചു. സംസ്ഥാന സർക്കാരും ബിജെപി സംസ്ഥാന ഘടകവും പിന്തുണ നൽകിയിരുന്നു.