ഷിക്കാഗോ: കാർബൺഡേയിൽ സതേൺ ഇല്ലനോയി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന 19 -കാരനായ പ്രവീൺ വർഗീസിന്റെ സംശയാസ്പദമായ മരണം നടന്നിട്ട് ഒരുവർഷം തികയുന്നു. ഇതോടനുബന്ധിച്ച് ഒരു അനുസ്മരണ സമ്മേളനം 15-ന് വൈകുന്നേരം 4 മണിക്ക് ഷിക്കാഗോ മാർത്തോമാ ചർച്ചിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രവീൺ ആക്ഷൻ കൗൺസിൽ കൺവീനേഴ്‌സായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സൺ വർഗീസ് എന്നിവർ അറിയിച്ചു.

സമ്മേളനത്തിൽ യു.എസ് കോൺഗ്രസ് വുമൺ ജാൻ ഷക്കോസ്‌കി, മുൻ ഇല്ലിനോയി ലഫ്റ്റനന്റ് ഗവർണർ ഷീല സൈമൺ, മോർട്ടൻഗ്രോവ് മേയർ ഡാൻഡിമരിയ, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂഗാൻഗ്, ആൾഡർമാൻ അമേയാ പവാർ, ഡമോക്രാറ്റിക് പ്രവർത്തക ആൻ കാലായിൽ, ആർക്കേഞ്ചൽസ് ഓഫ് ജസ്റ്റീസ് പ്രവർത്തകർ, ഗ്ലാഡ്‌സൺ വർഗീസ്, അറ്റോർണി ജിമ്മി വാച്ചാച്ചിറ എന്നിവർ പ്രസംഗിക്കും.

കൃത്യം നാലുമണിക്ക് എക്യൂമെനിക്കൽ വൈദീകരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിക്കും. ഷിക്കാഗോയിലെ എല്ലാ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും സഹകരണം കുടുംബാംഗങ്ങളും പ്രവീൺ ആക്ഷൻ കൗൺസിലും അഭ്യർത്ഥിച്ചു.