ഷിക്കാഗോ: ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 13-ന് കാണാതാവുകയും, അഞ്ചുദിവസങ്ങൾക്കുശേഷം ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത പ്രവീൺ വർഗീസിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും, ലൗലിയും, സഹോദരി പ്രീതിയും മറ്റ് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും വാഷിങ്ടണിൽ എത്തി. ഷിക്കാഗോയിൽ നിന്ന് പതിന്നാലര മണിക്കൂർ ഡ്രൈവ് ചെയ്താണ് അവർ തലസ്ഥാനത്ത് എത്തിയത്.

സെനറ്റ് അംഗങ്ങളായ റിച്ചാർഡ് ഡർബിൻ, മാർക്ക് കെർക്ക് എന്നിവരേയും കോൺഗ്രസ് വുമൺ ജൻഷെക്കവ്‌സ്‌കി എന്നിവരേയും അവർ സന്ദർശിച്ച് നിവേദനം നൽകി. സെനറ്റ് അംഗങ്ങളും കോൺഗ്രസ് വുമണും എല്ലാവിധ സഹായങ്ങളും അവർക്ക് വാഗ്ദാനം ചെയ്തു. ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റീസും ഈ കേസിൽ കുടുംബാംഗങ്ങൾക്ക് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. പ്രവീൺ മരണമടഞ്ഞ പ്രദേശമായ കാർബൺഡേയ്ൽ സിറ്റി പൊലീസ്, സ്റ്റേറ്റ് അറ്റോർണി തുടങ്ങിയവരുടെ അനാസ്ഥയാണ് ഈ കേസിലെ പ്രതികളെ പിടികൂടുവാനുള്ള തടസ്സമെന്ന് പ്രവീണിന്റെ മാതാപിതാക്കൾ ആരോപിച്ചു.

പ്രവീൺ ആക്ഷൻ കൗൺസിൽ അംഗങ്ങളും, ദേശവാസികളും പുർണ്ണമായ പിന്തുണയും സഹകരണങ്ങളും നൽകുന്നതായി അവർ പറഞ്ഞു. ഡീക്കൻ ലിജു പോൾ അറിയിച്ചതാണിത്.