അഹമ്മദാബാദ്: തന്നെ കൊല്ലാൻ നീക്കം നടത്തി എന്ന വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയയുടെ ആരോപണം കള്ളക്കഥയെന്ന് പൊലീസ്. തെളിവുകൾ നിരത്തി അക്കമിട്ടാണ് പൊലീസ് ഏറ്റുമുട്ടലിൽ തന്നെ കൊലപ്പെടുത്താൻ നീക്കം തൊഗാഡിയയുടെ ആരോപണത്തെ ഖണ്ഡിച്ചത്.അതേസമയം മൂന്നു വർഷംമുൻപ് പിൻവലിച്ച കേസിലാണ് തൊഗാഡിയയ്ക്ക് പൊലീസ് വാറന്റുമായി പോയതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.

അതേസമയം തന്നെ കുടുക്കാനുള്ള ഈ നീക്കത്തിന് പിന്നിൽ നരേന്ദ്ര മോദിയാണെന്നാണ് തൊഗാഡിയ ആരോപിക്കുന്നത്. 'ഡൽഹിയിലെ രാഷ്ട്രീയ ബോസിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണർ ജെ.കെ. ഭട്ട് എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്.'-ബുധനാഴ്ച രാത്രി ആശുപത്രി വിട്ടയുടൻ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ വധിക്കുകയെന്ന ലക്ഷ്യവുമായെത്തിയ പൊലീസിനെ വെട്ടിച്ച് ഒളിവിൽപ്പോയ താൻ യാത്രക്കിടെ അബോധാവസ്ഥയിലായി എന്നാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന തൊഗാഡിയ പത്രസമ്മേളനത്തിൽ പറഞ്ഞത്. 15 വർഷം മുമ്പുള്ള കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ വാറന്റുമായി എത്തിയ രാജസ്ഥാൻ പൊലീസ് തന്നെ കൊലപ്പെടുത്തുമെന്ന സൂചന ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ഈ കേസ് 2015-ൽ വസുന്ധരരാജെ സർക്കാർ പിൻവലിച്ചതാണെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ ബുധനാഴ്ച അറിയിച്ചു.

അതേസമയം വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന ഭീഷണിയുണ്ടെന്ന ആരോപണം തൊഗാഡിയയുടെ നാടകമാണെന്നാണ് ഗുജറാത്ത് പൊലീസ് വ്യക്തമാക്കിയത്. ഏറ്റുമുട്ടലിൽ വധിക്കാനുദ്ദേശിച്ച് രാജസ്ഥാൻ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനെത്തുന്നു എന്ന വിവരത്തെത്തുടർന്നു രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബോധരഹിതനാവുകയായിരുന്നു എന്നാണു തൊഗാഡിയ പറഞ്ഞത്. എന്നാൽ പൊലീസ് റിപ്പോർട്ട് ഇങ്ങനെ: സുബോധത്തോടെ തന്നെയായിരുന്നു തൊഗാഡിയയെ സഹായി ആശുപത്രിയിലാക്കിയത്.

2002 ഏപ്രിലിൽ സവായി മധോപോർ ജില്ലയിലെ ഗംഗാപുരിൽ നിരോധനാജ്ഞ ലംഘിച്ച് ഒരു യോഗത്തിൽ പങ്കെടുത്തതിനാണ് പൊലീസ് കോസെടുത്തത്. കോൺഗ്രസ് സർക്കാരായിരുന്നു അന്ന് അധികാരത്തിൽ. കേസിൽ തൊഗാഡിയ അടക്കം 16 പ്രതികളുണ്ട്. മറ്റുള്ളവരൊക്കെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. തൊഗാഡിയയുടെ സമൻസ് പലവട്ടം മടങ്ങിയതിനെത്തുടർന്ന് വാറന്റായി.

ഏറ്റുമുട്ടലിൽനിന്ന് രക്ഷപ്പെടാൻ ഒളിവിൽപ്പോയെന്ന തൊഗാഡിയയുടെ ആരോപണം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജെ.സി.പി. ഭട്ട് നിഷേധിച്ചു. സി.സി.ടി.വി., തെളിവുകളും ഫോൺ ദൃശ്യങ്ങളും പരിശോധിച്ചാണ് വ്യക്തതവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 11.10 നു സെഡ് വിഭാഗം സുരക്ഷാഭടന്മാരെ ഒഴിവാക്കി ധിരു കാപുരിയ എന്ന സഹായിക്കൊപ്പം തൊഗാഡിയ പാൽഡിയിലെ വിശ്വഹിന്ദു പരിഷത്ത് ഓഫിസിൽ നിന്നിറങ്ങി. 11.30 നു താൽത്തേജിലെ ഘനശ്യാംഭായ് ചരൺദാസ് എന്നയാളുടെ വീട്ടിലെത്തി. അടുത്തുള്ള അടിയന്തര ആംബുലൻസ് സർവീസിലേക്കു വിളിച്ചു സഹായം ഉറപ്പാക്കി. ആംബുലൻസിലേക്കു മാറ്റുമ്പോൾ തൊഗാഡിയ പൂർണ ആരോഗ്യവാനായിരുന്നു.

തൊട്ടടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിക്കാമെന്ന ആംബുലൻസ് ജീവനക്കാരുടെ തീരുമാനത്തെ മറികടന്നു ചന്ദ്രമണി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അർധ ബോധാവസ്ഥയിലാണു തൊഗാഡിയയെ കൊണ്ടുവന്നതെന്നായിരുന്നു അവിടത്തെ ഡോക്ടർമാരുടെ വിശദീകരണം. നേരത്തേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഘനശ്യാംഭായ് വിളിച്ച് എല്ലാം ഏർപ്പാടാക്കിയിരുന്നുവെന്നും ഫോൺ വിളികളും മറ്റും ഇതിനു െതളിവായുണ്ടെന്നും പൊലീസ് അറിയിച്ചു.

രാജസ്ഥാനിൽനിന്ന് മൂന്നു പൊലീസുകാരാണ് തൊഗാഡിയയെ തേടിവന്നത്. അദ്ദേഹത്തെ വീട്ടിൽ കാണാത്തതിനാൽ ഇവർ സോല പൊലീസ് സ്റ്റേഷനിൽപ്പോയി ഇക്കാര്യം രേഖപ്പെടുത്തി മടങ്ങി.

എന്നാൽ, പിൻവലിച്ച കേസിൽ സർക്കാരിനെ അറിയിക്കാതെ തൊഗാഡിയയെപ്പോലെ ഒരു നേതാവിനെ അറസ്റ്റുചെയ്യാൻ പൊലീസ് പോയതിനെ കടാരിയ വിമർശിച്ചു. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും അത് ലഭിക്കാത്തതുകൊണ്ടാണ് കോടതിയുടെ നടപടിയുണ്ടായതെന്ന് മധേപോർ എസ്‌പി. വ്യക്തമാക്കിയിട്ടുണ്ട്.

താൻ ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്ക് പോയപ്പോൾ ബോധരഹിതനായെന്നാണ് തൊഗാഡിയ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്.

അതേസമയം രാജസ്ഥാൻ-ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാൻ ജെ.കെ. ഭട്ട് ബുധനാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഇതാണ് വി.എച്ച്.പി. നേതാവിനെ പ്രകോപിപ്പിച്ചത്. ''പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോൺ കോളുകൾ പരിശോധിച്ചാൽ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.' -തൊഗാഡിയ പറഞ്ഞു.