- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവമാധ്യമ പ്രചാരണം ഫലവത്താകുന്നില്ലെന്ന് വിലയിരുത്തൽ; സാമൂഹിക മാധ്യമ പ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിക്കാൻ ഒരുങ്ങി കേരള സർക്കാർ; വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് ആരോപണം; നീക്കം തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഖജനാവിലെ പണം കൊണ്ട് സർക്കാർ നേട്ടം അവതരിപ്പിക്കാനുള്ള രാഷ്ട്രീയലക്ഷ്യം തന്നെ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാമൂഹിക മാധ്യമപ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിച്ചു. സർക്കാർ നേട്ടങ്ങളുടെ പ്രചാരണത്തിനായാണ് ഏജൻസിയെ ഏർപ്പെടുത്തുന്നത്. വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെയും നിയോഗിച്ചിച്ചുണ്ട്. പിആർഡി സെക്രട്ടറി ചെയർമാനായുള്ള കമ്മിറ്റിയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള പിആർഡിക്ക് സമൂഹമാധ്യമ വിഭാഗമുണ്ട്. എന്നാൽ വിപുലമായി സമൂഹമാധ്യമ ഇടപെടലുകൾ നടത്തുന്നതിനായാണ് ദേശീയ ഏജൻസിയെ ഏൽപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കമ്മിറ്റി രൂപീകരണം തന്നെ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് സംസ്ഥാന സർക്കാറിന്റെ മറ്റൊരു ധൂർത്തിന് തെളിവാണ് ഇതെന്ന ആക്ഷേപം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പു അടുത്തതോടെ ഖജനാവിലെ പണം എടുത്തു തെരഞ്ഞെടുപ്പു പ്രചരണം നടത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു.
പിആർ സർക്കാർ എന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ക്ഷേമപദ്ധതികൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ സ്വകാര്യ ഏജൻസി തന്നെ വേണമെന്ന തീരുമാനത്തിലേക്ക് പിണറായി വിജയൻ സർക്കാർ എത്തുന്നത്. ഇക്കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സമൂഹമാധ്യമങ്ങളിലൂടെ സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കാനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയുടെ സഹായം തേടാൻ തീരുമാനിച്ചത്.
പൊതുജനസമ്പർക്ക വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ സമിതിക്കാണ് ദേശീയ ഏജൻസിയെ കണ്ടെത്താനുള്ള ചുമതല. നിലവിൽ സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുജനസമ്പർക്ക വിഭാഗമാണ്. പിആർഡിയുടെ നവമാധ്യമ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയുടെ സഹായം വേണമെന്നുമുള്ള വിലയിരുത്തലോടെയാണ് സ്വകാര്യ ഏജൻസിയെ കണ്ടെത്താനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
നവമാധ്യമ പ്രചാരണത്തിനായി മാത്രം മുഖ്യമന്ത്രിയുടെ ഓഫിസിൽ 12 പേരെയാണ് സിഡിറ്റ് മുഖേന നിയമിച്ചിട്ടുള്ളത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ഏജൻസിയുടെ കൂടി സഹായം തേടാനുള്ള തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സ്വകാര്യ ഏജൻസിയെ നിയമിക്കുന്നത് ധൂർത്താണെന്ന വിമർശനങ്ങളാണ് ഉയരുന്നത്. നേരത്തെ കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും നാലുകോടി രൂപ ചെലവിട്ട് കിഫ്ബി പരസ്യം സർക്കാർ നൽകിയതും നേരത്തെ വിവാദമായിരുന്നു.
സർക്കാരിന് വെറും 7 മാസം മാത്രം കാലാവധി നിലനില്ക്കെ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് ഭരണാനുമതി പോലും നല്കാൻ കഴിയില്ലെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വാഗ്ദാന പെരുമഴയിലൂടെയും പരസ്യ പ്രചരണങ്ങളിലൂടെയും ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുന്നേ സോഷ്യൽ മീഡിയയിൽ പ്രചാരണ യുദ്ധം ആരംഭിച്ചിട്ടുണ്ട് ഇരു മുന്നണികളും. പ്രചാരണ മുദ്രാവാക്യങ്ങൾ തയ്യാറാക്കി ഇരുമുന്നണികളുടേയും പാളയങ്ങൾ സോഷ്യൽ മീഡിയ ക്യാംപെയ്ൻ തുടങ്ങിയിട്ടുണ്ട്. പ്രൊഫൈൽ പിക് സൈസിലുള്ള കാർഡുകൾ ഇരുവിഭാഗത്തിന്റേയും അനുകൂലികൾ ഡിസ്പ്ലേ പിക് ആക്കിത്തുടങ്ങി. മുന്നണികളുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെ യുഡിഎഫ് ആണ് ആദ്യം ഈ ക്യാംപെയ്ന് തുടക്കമിട്ടത്.
ഭരണം മാറും നല്ല കാലം വരും എന്നാണ് യുഡിഎഫിന്റെ പ്രചരണ മുദ്രാവാക്യം. യുഡിഎഫ് തിരിച്ചുവരുന്നു എന്ന ഹാഷ്ടാഗോടെയുള്ള കാർഡിൽ മഞ്ഞയും കറുപ്പും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജുകൾക്കും ഗ്രൂപ്പുകൾക്കും പുറമേ കാർഡ് വാട്സാപ്പിലും ടെലഗ്രാമിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കുറച്ച് മണിക്കൂർ വൈകിയെങ്കിലും എൽഡിഎഫ് ക്യാംപിന്റെ മറുപടിയെത്തി.
എൽഡിഎഫ് തുടരും കേരളം വളരും എന്നായിരുന്നു എൽഡിഎഫിന്റെ പ്രചരണ മുദ്രാവാക്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ എതിർ മുന്നണികൾ ഉപയോഗിച്ച മുദ്രാവാക്യത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്ന വാക്കുകൾ തന്നെയാണ് ഇരുവരും ഇത്തവണ എടുത്തിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഇരുമുന്നണികൾക്കും വേണ്ടി പരസ്യച്ചുമതലയേറ്റ പബ്ലിക് റിലേഷൻസ് ഏജൻസികൾ പരീക്ഷണാർത്ഥം പുറത്തുവിട്ടതാണോ ക്യാംപെയ്നുകൾ എന്ന് വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ