തിരുവനന്തപുരം: കോവളം തീരത്തുനിന്ന് കാണാതായ വിദേശ വനിത ലിഗയെ ദ്വീപിന് സമാനമായ സ്ഥലത്ത് അന്വേഷിച്ചാൽ കണ്ടെത്തുമെന്ന് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു സ്ത്രീ തന്നെ നേരത്തേ അറിയിച്ചിരുന്നതായി ലിഗയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ. മാർച്ചിൽ കാണാതായ വിദേശവനിതയ്ക്കു വേണ്ടിയുള്ള പൊലീസിന്റെ തിരച്ചിൽ എങ്ങും എത്താതിരുന്ന സാഹചര്യത്തിലാണ് താൻ അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യക്കാരിയുടെ സഹായം തേടിയതെന്നും ലിഗയുടെ സഹോദരി ഇലീസ് പറയുന്നു.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സൂചനകൾ വച്ച് സാമ്യമുണ്ടായിരുന്ന തിരുവല്ലത്ത് പനത്തുറയിൽ, ഇപ്പോൾ ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കിടക്കുന്നതിന് സമീപത്തുവരെ താനും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും അവർക്കായി തിരച്ചിൽ നടത്തി എത്തിയെന്നും ഇലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ പറ്റി ഇലീസിന്റൈ വെളിപ്പെടുത്തലുകൾ ഇങ്ങനെ.

പൊലീസിന്റെ അന്വേഷണത്തിലും തങ്ങൾതന്നെ നടത്തിയ അന്വേഷണത്തിലും ലിഗയെപ്പറ്റി ഒരു വിവരവും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യക്കാരിയുടെ സഹായം തേടിയത്. തിരുവല്ലം മേഖലയിൽ തിരച്ചിൽ നടത്താനാണ് അവർ പറഞ്ഞത്. അവരുടെ ഉപദേശപ്രകാരമാണ് കഴിഞ്ഞ 20 ദിവസമായി ലിഗയ്ക്ക് വേണ്ടി തിരച്ചിൽ നടത്തിവരുന്നത്.

ഇത്തരത്തിൽ തിരുവല്ലം മേഖലയിൽ കണ്ടെത്താൻ സാധ്യത സൂചിപ്പിച്ചതോടെ പനത്തുറയിൽ മൃതദേഹം കണ്ടതിന് 500 മീറ്റർ അടുത്തുവരെ അന്വേഷണവുമായി ചെന്നിരുന്നു. തൊട്ടടുത്ത വീടുകളിൽ കയറി ഇലീസ് അന്വേഷിക്കുകയും ചെയ്തു. ലിഗയുടെ ഭർത്താവ് ആൻഡ്രൂസും കൂടെയുണ്ടായിരുന്നു. വീടുകളിൽ നിന്ന് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ അടുത്ത് കണ്ട കണ്ടൽക്കാട് പ്രദേശത്തും അന്വേഷിക്കാൻ തീരുമാനിച്ചു. എന്നാൽ സ്വകാര്യ ഭൂമിയാണ് അത് എന്ന് തോന്നിയതോടെ പിന്മാറിയെന്നും ഇലീസ പറയുന്നു. ഇപ്പോൾ അവിടെയാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

പൊലീസ് ഇപ്പോൾ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത് ലിഗയുടേതാണെന്ന സംശയങ്ങൾ ശക്തമാണ്. സമീപകാലത്തൊന്നും തലസ്ഥാനത്ത് ഒരു വിദേശവനിതയെ കാണാതായതായി റിപ്പോർട്ടില്ല. മാത്രമല്ല മറ്റു ലക്ഷണങ്ങളും ലിഗയുമായി സാമ്യമുള്ളതാണെന്ന സൂചനയാണ്. ഡിഎൻഎ പരിശോധനകൾക്ക് ശേഷമേ ലിഗയുടേതാണോ മൃതദേഹമെന്ന് സ്ഥിരീകരിക്കാനാവൂ. തല ഇല്ലാത്ത നിലയിൽ കണ്ടതിനാൽ കൊലപാതകമാണെന്ന സൂചനകളാണ് പൊലീസ് നൽകുന്നത്. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രത്തിലാണ് മൃതദേഹം കണ്ടത് എന്നതും അതിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.

പോത്തൻകോട് അരുവിക്കരക്കോണോത്ത് റിസോർട്ടിൽ നിന്നാണ് ലീഗയെ കാണാതായത്. അതീന്ദ്രിയ ജ്ഞാനിയായ റഷ്യൻ സ്ത്രീയുടെ ഉപദേശപ്രകാരം അവർ സാധ്യത കൽപിച്ച സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിവരികയായിരുന്നു ഇലീസയും ആൻഡ്രൂസും. കഴിഞ്ഞ 20 ദിവസമായി അവരുടെ നിർദ്ദേശപ്രകാരമായിരുന്നത്രേ തിരച്ചിൽ. വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര ഉൾപ്പെടെ ചിഹ്നങ്ങളുള്ള പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്നായിരുന്നു പ്രവചനം. ഇതേക്കുറിച്ച് ഇലീസും ആൻഡ്രൂസും ഫേസ്‌ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു. തുടർന്ന് പ്രവചനക്കാരി നൽകിയ സൂചനകൾ വച്ച് സ്ഥലങ്ങൾ കണ്ടെത്തിയാണ് തിരച്ചിൽ നടത്തിവന്നത്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഇരുവരും സമാനമായ പല സ്ഥലങ്ങൾ കണ്ടെത്തി. അതോടെ ഓരോ സ്ഥലത്തും പോയി നോക്കുകയായിരുന്നു. അങ്ങനെയാണ് തിരുവല്ലത്തും പനത്തുറയിലെത്തിയത്. പൊഴിയൂരിലും മറ്റും പോയ ഇവർ കാസർകോട്ടെ ഉപ്പളയിലും ഇത്തരത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് പനത്തുറയിൽ സംശയാസ്പദമായ മൃതദേഹം കണ്ടെത്തിയ വിവരമറിയുന്നതും ഇങ്ങോട്ട് വരുന്നതും എന്ന് ഇലീസ പറയുന്നു.

തിരുവല്ലത്ത് കണ്ടെത്തിയത് വിദേശവനിതയുടെ മൃതദേഹം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ കൊല്ലപ്പെട്ടതാണെന്നും ശക്തമായ സൂചനകളുണ്ട്. മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ലഹരിമരുന്ന് മാഫിയയുടെ ഇടപെടലും സജീവമാണ്. അതിനാൽ ഇതെല്ലാം അന്വേഷിക്കുകയാണ് പൊലീസ്. മാർച്ച് 14ന് രാവിലെ കോവളം ബീച്ചിലാണ് ലിഗയെ അവസാനമായി കണ്ടത്. ഓട്ടോ ഡ്രൈവർ പോത്തൻകോടുനിന്ന് കോവളത്ത് എത്തിച്ചുവെന്ന് മൊഴി നൽകിയിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യം ഉള്ള സ്ത്രീയായിരുന്നു ലിഗ.

ലിഗയുടേതെന്ന് 90 ശതമാനം ഉറപ്പിക്കുന്ന മൃതദേഹം കണ്ടെത്തിയത് കോവളം ബീച്ചിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെ ആളൊഴിഞ്ഞ കണ്ടൽക്കാടുകൾക്കുള്ളിലാണ് കണ്ടെത്തുന്നത്. റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിൽ നടപ്പ് വഴി പോലുമില്ലാത്ത സ്ഥലമാണിത്. മദ്യപാനികളുടെയും ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെയും താവളവും. അതിനാൽ ലിഗ ഒറ്റയ്ക്ക് ഇവിടെ എത്തിയതാകുമെന്ന് പൊലീസ് കരുതുന്നില്ല. മൃതദേഹം വള്ളികളിൽ കുടുങ്ങിയ നിലയിലാണെന്നതും സംശയം വർധിപ്പിക്കുന്നു. തൂങ്ങിയോ വിഷം കഴിച്ചോ മരിച്ചതിന്റെ സാഹചര്യവും കാണാനില്ല. ഇതെല്ലാം കൊലപാതകം എന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് പൊലീസ് സമ്മതിക്കുന്നു. ഏതാനും മാസം മുൻപ് ഇതേപ്രദേശത്ത് സമാന സാഹചര്യത്തിൽ മറ്റൊരു മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. അതിലും അന്വേഷണം നടന്നുവരികയാണ്. ഏതായാലും പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡിഎൻഎ ഫലവും ലഭിച്ചാലേ മരിച്ചത് ലിഗയാണോ എന്നും കൊല്ലപ്പെട്ടതാണോ എന്നും സ്ഥിരീകരിക്കാനാകൂ.