പാരീസ്: ആരാധകരുടെ ക്ഷമ പരീക്ഷിക്കാതെ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ തന്നെ കോച്ച് മെസിക്ക് അവസരം നൽകിയിരുന്നു. നെയ്മറിന്റെ പകരക്കാരനായാണ് രണ്ടാം പകുതിയിൽ മെസി പിഎസ്ജിക്കായി അരങ്ങേറിയത്.മെസിയുടെ അരങ്ങേറ്റം കഴിഞ്ഞെങ്കിലും അതിന്റെ ആഘോഷങ്ങളിൽ നിന്ന് സോഷ്യൽ മീഡിയ ഇനിയും മുക്തമായിട്ടില്ല. അരങ്ങേറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെയായി അരങ്ങേറ്റം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.അതിൽ ഏറ്റവും വൈറലാകുന്നത് എതിർഗോളിയുടെ മകനുമൊത്തുള്ള മെസിയുടെ ചിത്രമാണ്.

പുതിയ കളിസംഘത്തോടൊപ്പം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി അങ്കം കഴിഞ്ഞ് തിരിച്ചുകയറുന്നതിനിടക്ക് ആരാധന നിറച്ച മുഖവും മനസ്സുമായി റീംസ് ഗോൾകീപ്പർ പ്രെഡ്രാക് റൈകോവിച്ച് പതിയെ താരത്തിനടുത്തേക്ക് നടന്നെത്തി. കുഞ്ഞുമകനെയുമെടുത്തായിരുന്നു റൈകോവിച്ചിന്റെ വരവ്.

മകനുമൊത്ത് മെസ്സിക്കൊപ്പം ഒരു ഫോട്ടോ. അതുമാത്രമായിരുന്നു റൈകോവിച്ചിന്റെ മനസ്സിൽ. പി.എസ്.ജി ഗോളി കെയ്‌ലർ നവാസിനൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് എതിർഗോളി വരുന്നത് മെസ്സി കണ്ടത്. അതോടെ താരം, റൈകോവിച്ചിനു നേർക്ക് ചെന്നു. മകനെ റൈകോവിച്ച് മെസ്സിയുടെ നേർക്ക് നീട്ടി. സ്‌നേഹത്തോടെ മെസ്സി കുഞ്ഞിനെ എടുത്ത് നിറഞ്ഞ ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്തു.

ഈ സമയമത്രയും റീംസ് താരം വാൻ ബെർഗൻ തൊട്ടപ്പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോൾ തനിക്കരികിലെത്തിയ ബെർഗന്റെ തോളിൽ കൈയിട്ട് മെസ്സിയുടെ കുശലം. അതുകഴിഞ്ഞ് ഗാലറിക്കുകീഴെ ബാനറുമായി കാത്തിരുന്നവരുടെ അടുത്തേക്ക്. 'മിസ്റ്റർ മെസ്സി' എന്നു തുടങ്ങുന്ന ബാനറിൽ ഒപ്പുവെച്ച് കാണികളെ അഭിവാദ്യം ചെയ്ത് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് നീങ്ങി.

റൈകോവിച്ചിന്റെ മകനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 'ലിയോ മെസ്സി, താങ്ക്‌യൂ' എന്ന അടിക്കുറിപ്പോടെ റൈക്കോവിച്ചിന്റെ ഭാര്യ അന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്.