ലണ്ടൻ: ഇസ്രയേലിൽ കുടുംബവുമായി ആവധിക്കാലം ചിലവഴിക്കാൻ പോയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് മന്ത്രി പുലിവാലു പിടിച്ചു. പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയും അറിയാതെ ഇസ്രയേൽ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതാണ് ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ നിയമ കുരുക്കിലാക്കിയത്. ഇന്നലെ മാപ്പു പറഞ്ഞ് പ്രീതി പട്ടേൽ ഈ സംഭവത്തിൽ നിന്നും തലയൂരാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമാണ് ിഇവർക്കെതിരെ രൂപപ്പെട്ടിരിക്കുന്നത്.

പ്രധാന മന്ത്രി തെരെസമേയോയെ വിദേശ കാര്യ മന്ത്രി ബോറിസ് ജോൺസണോ അറിയാതെയായിരുന്നു ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഇസ്രയേൽ നേതാക്കളുമായുള്ള പ്രീതിയുടെ കൂടിക്കാഴ്‌ച്ച. അതേസമയം സംഭവം വിവാദമായതോടെ പ്രോട്ടോകോൾ ലംഘിച്ചതിന് മാപ്പു പറയുകയും ചെയ്തു. മുൻകൂട്ടി അറിയിക്കാതെ ഇത്തരം മീറ്റിങുകൾ ഇനി നടത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും ശക്തമായ പ്രതിഷേധമാണ് എതിർപാർട്ടിയിൽ നിന്നും ഇവർ നേരിടേണ്ടി വരുന്നത്.

ഇനി പ്രീതി പട്ടേലിന് മന്ത്രി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ലേബർ പാർട്ടി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ടോറികളും ഇവർക്കെതിരെ ശക്തമായ പ്രതി,ധേത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. അതേസമയം പ്രീതിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ പ്രധാനമന്ത്രി തെരേസ മെ ഇവർക്ക് ശക്തമായ താക്കീത് നൽകുക മാത്രമാണ് ചെയ്തത്.

അതേസമയം പ്രീതി പട്ടേൽ നൽകിയ വിശദീകരണം ഇതാണ്. ഈ സമ്മറിൽ കുടുംബവുമായി അവധി ആഘോഷിക്കാനാണ് ഞാൻ ഇസ്രയേലിലേക്ക് പോയത്. അതിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു. ഇസ്രയേലിൽ വെച്ച് എനിക്ക് നിരവധി സംഘടനകളും വ്യക്തികളുമായി കോണ്ടാക്ട് ചെയ്യുന്നതിനുള്ള അവസരം കിട്ടി. അവരുടെ എല്ലാം ലിസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫോറിൻ ആൻഡ് കോമൺ വെൽത്ത് ഓഫിസിന് എന്റെ സന്ദർശനത്തെ കുറിച്ച് അറിവുള്ളതായിരുന്നെന്നും അവർ പറയുന്നു. എന്നാൽ സദുദ്ദേശത്തോടെ ചെയ്തതെല്ലാം ദുർവ്യാഖ്യാനം ചെയ്തു. ഞാൻ അതിൽ ക്ഷമാപണം ചെദിക്കുന്നെന്നും അവർ പറഞ്ഞു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് തലവയാണ് പ്രീതി പട്ടേൽ. സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.