ആലത്തൂർ: വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം ചാക്കിലാക്കി അഴുക്ക് ചാലിൽ തള്ളിയ കേസിൽ ഇവരുടെ ബന്ധുകൂടിയായ തിരക്കഥാകൃത്ത് പിടിയിലായി. ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി (39) കൊല്ലപ്പെട്ട കേസിലാണ് അമ്മാവന്റെ മകനായ തിരക്കഥാകൃത്ത് ചെന്താമരയെ (41) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കം മുതലേ ചെന്താമരയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു. ചെന്താമരയെ ചോദ്യം ചെയ്‌തെങ്കിലും ഇയാളുടെ മറുപടികൾ പൊലീസിനെ കുഴക്കി. ഒടുവിൽ ശാസ്ത്രീയമായ തെളിവുകളുടെ സഹായത്തോടെയാണ് പ്രതിയെ കുരുക്കിയത്.

സിനിമ പിടിക്കാനായി പണം ഉണ്ടാക്കാനാണ് കൊലയെന്നാണ് പൊലീസ് നൽകുന്ന സൂചന. പലതവണയായി ചെന്താമര പ്രീതിയിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതും പ്രകോപന കാരണമായി. ഇതിനൊപ്പം കൂടുതൽ പണം മോഷ്ടിക്കുകയും ചെയ്തു. പ്രീതിക്കു നേരെ മാനഭംഗശ്രമം നടന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യം പറയാനാകൂ. ഇക്കഴിഞ്ഞ 14നാണ് ചേങ്ങോട് വീട്ടിൽ മകൾ സ്മൃതിക്കൊപ്പം താമസിക്കുന്ന പ്രീതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പ്രീതിയുടെ ഭർത്താവ് ശിവരാമൻ ഗൾഫിലാണ്.

സ്‌കൂൾ വിട്ട് വന്ന സ്മൃതി അമ്മയെ കാണാത്തതിനെ തുടർന്ന് മറ്റുബന്ധുക്കൾക്കൊപ്പം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ 26ാം തിയതി പൊള്ളാച്ചി മീനാക്ഷിപുരം പാതയിൽ വളന്തായി മരത്തിന് സമീപമുള്ള അഴുക്കുചാലിൽ ചാക്കിൽ കെട്ടിയ നിലയിൽ പ്രീതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിനിമാ, ഡോക്യുമെന്ററി തിരക്കഥാക്കൃത്തായ ചെന്താമര തിരക്കഥയെഴുതിയ മൂന്ന് ചിത്രങ്ങൾ പണിപ്പുരയിലാണ്. ഇതിലൊന്ന് പ്രശസ്ത സംവിധായകനു വേണ്ടി എഴുതിയതാണിത്. ഈ സിനിമാ മോഹമാണ് ചെന്താമരയെ കൊലപാതികയാക്കിയതെന്ന് പൊലീസ് പറയുന്നു.

ഭാര്യയും ഒരു കുഞ്ഞുമുള്ള ചെന്താമര നേരത്തെ വിദേശത്തായിരുന്നു. തിരിച്ചെത്തിയ ശേഷം കൃഷിപ്പണിയും തിരക്കഥാരചനയുമായി കഴിയുകയായിരുന്നു. സംഭവ ദിവസം രാവിലെ 11ന് പ്രീതിയുടെ വീട്ടിലെത്തിയ ചെന്താമര അടുക്കളയിലേക്ക് പോയ പ്രീതിയെ പിറകിൽ നിന്ന് ആക്രമിച്ചു. ഭിത്തിയിൽ തലയിടിച്ച് വീണ പ്രീതിയെ മുഖം പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു. തുടർന്ന് പ്രീതിയുടെ കൈയും കാലും ഒറ്റ കയറു കൊണ്ട് കെട്ടി മൃതദേഹം ചാക്കിലാക്കിയെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങളും എടുത്തു. ചാക്കിലാക്കിയ മൃതദേഹം സ്‌കൂട്ടറിന്റെ മുൻവശത്ത് വച്ച് മീനാക്ഷിപുരം ദിവാൻ പൂത്തൂരിൽ മാലിന്യം തള്ളുന്ന സ്ഥലത്തിനടുത്ത് ഉപേക്ഷിച്ചു.

തിരികെ വന്ന് വീടിനു പിറകുവശത്തെ തെങ്ങിൻ ചുവട്ടിൽ മോഷ്ടിച്ച ആഭരണങ്ങൾ കുഴിച്ചിട്ടു. രണ്ടു വളകൾ പാലക്കാട്ടെ ജുവലറിയിൽ വിറ്റു. പകൽസമയത്ത് ഒരു സ്‌കൂട്ടർ പ്രീതിയുടെ വീടിന്റെ പോർച്ചിലുണ്ടായിരുന്നെന്ന അയൽവാസികളുടെ മൊഴി നിർണായകമായി.സ്‌കൂട്ടറിലെ ചോരക്കറ ഒരു സർവീസ് സ്റ്റേഷനിൽ കൊണ്ട്‌ചെന്ന് ചെന്താമര കഴുകിപ്പിച്ച വിവരവും പൊലീസിന് ലഭിച്ചു. സംഭവം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നെന്ന് വ്യാജമൊഴി നൽകാൻ പറഞ്ഞേൽപ്പിച്ചിരുന്നുവെന്ന് ബന്ധുകൂടിയായ പെൺസൃഹൃത്ത് സത്യം പറഞ്ഞതും വിനയായി. മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ സി.സി.ടി.വി കാമറയിൽ ഇയാളുടെ വാഹനവും ചിത്രവും തെളിഞ്ഞതും സത്യം പുറത്തുകൊണ്ടു വന്നു.