- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതിർന്ന അറബി സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം; വെള്ളത്തിനു പോലും കാലു പിടിക്കണം; ഏജന്റുമാരെ വിളിച്ച ദിവസം നേരിടേണ്ടി വന്നത് ക്രൂര പീഡനം; കരഞ്ഞു കാലു പിടിച്ചിട്ടും എച്ചിൽ കഴിപ്പിച്ചു; ദൈവദൂതനെ പോലെ രക്ഷകനായത് തമ്പി നാഗാർജ്ജുന; ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച കഥ മറുനാടനോട് പറഞ്ഞ് പ്രീതി സെൽവരാജ്
കൊച്ചി: ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച മരവിപ്പിലാണ് എറണാകുളം ഞാറക്കൽ സ്വദേശി പ്രീതി സെൽവരാജ് എന്ന 43 കാരിയായ വീട്ടമ്മ. ഒരു വർഷവും നാലു മാസവുമാണ് ദോഹയിൽ പ്രീതി ജീവിച്ചുമരിച്ചത്. ജീവനോടെ നാട്ടിലെത്തിയെന്ന് കരഞ്ഞു തളർന്ന ആ കണ്ണുകൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കൊടിയ പീഡനം ഏറ്റുവാങ്ങിയ പ്രീതി ഒടുവിൽ രക്ഷപെട്ടത് ദൈവദൂതനെപോലെ എത്തിയ തമ്പി നാഗാർജ്ജുന എന്ന സാമൂഹിക പ്രവർത്തകന്റെ ഇടപെടലിലായിരുന്നു.
2020 മാർച്ച് നാലിനാണ് പ്രീതി ഞാറക്കലിൽ നിന്നും ഖത്തറിലേക്ക് പോകുന്നത്. ഏജന്റുമാർ വഴിയായിരുന്നു യാത്ര. അയൽവാസികൂടിയായ സലീം, ഖത്തറിൽ സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ സക്കീർ എന്നിവരായിരുന്നു ഏജന്റുമാർ. ദിവസം നാല് മണിക്കൂർ മാത്രം ജോലി, 23,000 രൂപ ശമ്പളം, ആറ് മാസം കൂടുമ്പോൾ നാട്ടിൽ വന്ന് പോകാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. നാട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന പ്രീതിക്ക് കൊറോണ വന്നതോടെ ജോലി ഇല്ലാതായി.
ഭർത്താവും മൂന്നു മക്കളും സുഖമില്ലാത്ത അമ്മയും അടങ്ങുന്ന വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് ഒരു താങ്ങാവാൻ വേണ്ടിയാണ് പ്രീതി വിദേശത്തു പോകാൻ തീരുമാനിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്ന് പ്രീതിക്ക് വൈകാതെ മനസ്സിലായി. നാല് മണിക്കൂർ മാത്രം ഉറങ്ങി, ദേഹോപദ്രവങ്ങൾ നിർത്താതെ ഏറ്റുവാങ്ങി, എച്ചിൽ കഴിച്ചു നരകിച്ചാണ് പതിനാറു മാസക്കാലം പ്രീതി അവിടെ ജീവിച്ചു മരിച്ചത്.
ഒരു മുതിർന്ന സ്ത്രീയും അവരുടെ ഏഴു മക്കളുമാണ് ഞാൻ ചെന്ന വീട്ടിലുണ്ടായിരുന്നത്. ആ മുതിർന്ന സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം മുഴുവനും. പേരിന് മാത്രമാണ് ആഹാരം. ചില ദിവസം വെള്ളത്തിനു പോലും കാലുപിടിക്കണം. ഏജന്റുമാരെ വിളിച്ച് ക്രൂര പീഡനമാണ് എന്ന് പറഞ്ഞ ദിവസം അവരെന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെന്ന് നോക്കുമ്പോ രണ്ടു ദിവസം മുൻപേ ഞാൻ തന്നെ മാറ്റിവച്ച അവരുടെ എച്ചിലാണ്. എന്നോട് അത് കഴിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതും മുടിക്ക് കുത്തിപ്പിടിച്ചു തൊഴിക്കാൻ തുടങ്ങി. മുട്ടിൽ തൊഴിച്ചതും ഞാൻ നിലത്തു വീണു. അവർ ആ പാത്രം മുന്നിൽ വെച്ച് എന്റെ വായിലേക്ക് എച്ചിൽ കുത്തികയറ്റി. എന്നോട് വാരി കഴിക്കാൻ പറഞ്ഞു. അതവർ ഫോട്ടോ എടുത്ത് എന്റെ വീട്ടിലേക്ക് അയച്ചു. എനിക്ക് ഇവിടെ ഭക്ഷണം കിട്ടുന്നുണ്ടെന്ന് കാണിക്കാനായിരുന്നു അത്;- കണ്ണീരോടെ പ്രീതി പറഞ്ഞു.
അവിടെ എത്തി ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ മർദ്ദനം തുടങ്ങി. അന്ന് തന്നെ ഏജന്റിനോട് വിളിച്ചു പറഞ്ഞു, അയാൾ പക്ഷേ കൈമലർത്തി. ഇതിനിടയിൽ ആ മുതിർന്ന സ്ത്രീ കാണിച്ച വീഡിയോയിൽ നിന്നാണ് സക്കീർ എന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് അവരിൽ നിന്ന് പണം വാങ്ങുന്നത് കണ്ടത്. കാശ് കൊടുത്ത് വാങ്ങിയ അടിമയെ എന്തും ചെയ്യാമെന്നൊരു ഭാവമായിരുന്നു അവർക്ക്. അവരുടെ വീട്ടുകാരിൽ തന്നെ പൊലീസുകാരും പട്ടാളക്കാരും ഒക്കെയുണ്ട്, അതിന്റെ അഹങ്കാരം വേറെ. ഉപദ്രവിക്കുന്ന കാര്യം ഫോൺ ചെയ്ത് പറഞ്ഞതിന് തിളച്ചുകൊണ്ടിരിക്കുന്ന കറി കോരി ദേഹത്തോഴിച്ചു. ഏജന്റുമാരുടെ രണ്ട് പേരുടെയും നമ്പർ ഡിലീറ്റ് ചെയ്യിച്ചു. ഇടയിക്കിടെ ഫോൺ വാങ്ങി അവർ പൂട്ടി വെച്ചു.
അടിക്കുന്നതും തുടയിക്കുന്നതും ഒന്നും വൃത്തിയാകുന്നില്ലെന്ന് പറഞ്ഞത് മുടിക്ക് കുത്തിപ്പിടിച്ചു എടുത്ത് ഏറിയും. ആ വീട്ടിലുള്ള എല്ലാവരുടെയും വസ്ത്രങ്ങൾ കൂമ്പാരം കൂട്ടിയിട്ടിട്ട് മൂന്നു മണിക്കൂറിനുള്ളിൽ അതൊക്കെ തേക്കണം എന്ന് പറയും... അതിനിടയ്ക്ക് വേറെ ജോലികളും തരും. ഒടുക്കം മൂന്ന് മണിക്കൂറിൽ തേച്ചു തീർന്നില്ലെങ്കിൽ കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് ഇടിക്കും.
ഇവരുടെ കൂട്ടുകാരിയുടെ വീട്ടിലെ ഡ്രൈവർ മലയാളിയാണ്. അയാളെക്കൊണ്ട് പ്രീതിയുടെ മെസ്സേജ് വായിപ്പിക്കും. ഇയാൾ ആദ്യം വന്ന് എന്താണ് പ്രശ്നം എന്നൊക്കെ ചോദിച്ചപ്പോൾ പൊലീസിൽ നിന്നാണെന്ന് കരുതി അവർ ചെയ്ത ഉപദ്രവങ്ങളെല്ലാം പറഞ്ഞു. അയാൾ അറബിയിൽ അവർക്ക് തർജിമ ചെയ്തുകൊടുത്തു. ഞങ്ങൾ ഇവളെ ഉപദ്രവിക്കാറില്ല സ്വന്തം മോളെ പോലെയാണ് കരുതുന്നതെന്നാണ് അവർ അയാളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ഇതോടെ അവർ പ്രീതിയുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
പിറ്റേദിവസം അമ്മയും മകളും കൂടി പൊലീസിൽ പിടിപ്പിക്കും എന്നും പറഞ്ഞ് ഉടുപ്പിൽ കുത്തിപ്പിടിച്ചു മുറിക്കു വെളിയിലേക്ക് എറിഞ്ഞു. പ്രീതിയുടെ വിളിയോ മെസ്സേജോ കാണാതായപ്പോൾ വീട്ടിൽ നിന്ന് ഏജന്റുമാരെ ഭർത്താവ് വിളിച്ചിരുന്നു. അവരോടൊക്കെ വീട്ടുകാർ പറഞ്ഞത് ഫോണിന് എന്തോ തകരാറ് പറ്റിയതുകൊണ്ട് വിളിക്കാൻ പറ്റാത്തതാണെന്നാണ്. കുറേ ദിവസങ്ങൾക്ക് ശേഷമാണ് പിന്നെ ഫോൺ കിട്ടിയത്. ഏജന്റുമാരെ കൊണ്ട് ഒന്നും നടക്കില്ല, വേറെ ആരോടെങ്കിലും പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഈ വേദനകളിൽ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കൂ എന്ന് പ്രീതി ഭർത്താവിനെ വിളിച്ചു പറഞ്ഞു.
ആറ് മാസത്തോളം ഭക്ഷണം തന്നില്ല, എഴുന്നേറ്റ് നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതിന് ശേഷമാണ് അവർ എച്ചിൽ തീറ്റിച്ചത്. നേരം വെളുക്കുന്നത് ഓർക്കുമ്പോൾ പേടിയായി തുടങ്ങി. ഗതികെട്ട് ഞാൻ വിളിക്കാൻ പറ്റാവുന്നവരോടൊക്കെ എന്നെ രക്ഷിക്കാൻ കരഞ്ഞാപേക്ഷിച്ചു. ഒടുവിൽ അവിടുത്തെ ഏജന്റ് ആയ സക്കീർ പറഞ്ഞതനുസരിച്ച് ആ വീട്ടിൽ നിന്ന് ചാടിക്കാൻ നോക്കി. പൊലീസ് പിടിയിലായി. പൊലീസ് ചോദിച്ചാൽ എന്റെ പേര് പറയരുതെന്ന് പറഞ്ഞ് സക്കീർ അപ്പോഴേക്കും മുങ്ങി.
അപ്പോഴാണ് രണ്ട് മാസത്തെ വിസിറ്റിങ് വിസയിലാണ് എന്നെ അങ്ങോട്ടു കൊണ്ട് പോയത് എന്നറിയുന്നത്. മറ്റ് രേഖകൾ ഒന്നുമില്ല. ഇവരുടെ വീട്ടുകാർ തന്നെ പൊലീസിൽ ഉള്ളതുകൊണ്ട് അവരെ വിളിപ്പിച്ചു. പൊലീസും ആ മുതിർന്ന സ്ത്രീയും കൂടി എന്നെ മാറി മാറി തല്ലി... അവർക്കൊപ്പം എന്നെ തിരികെ വിടല്ലേ... എന്നെ എന്റെ വീട്ടിലേക്ക് വിട്ടേക്കൂ... എന്ന് പറഞ്ഞതിന് ബൂട്ട് ഇട്ട കാല് കൊണ്ടായിരുന്നു ചവിട്ട്;-പ്രീതി വിങ്ങിപ്പൊട്ടി.
പിന്നീടാണ് തമ്പി നാഗാർജ്ജുന എന്ന സാമൂഹിക പ്രവർത്തകൻ ബന്ധപ്പെടുന്നതും അവിടെ നിന്നും രക്ഷപെടുത്തുന്നതും. നാട്ടിലെത്തി അറബികൾക്ക് വിറ്റ സലീമിനും സക്കീറിനുമെതിരെ കേസു കൊടുത്തെങ്കിലും പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നരകതുല്യമായ ജോലി ചെയ്തിട്ടും ഇനിയും ശമ്പളം അവിടെ നിന്നും ലഭിച്ചിട്ടില്ല. നാട്ടിലുള്ള ഏജന്റിന്റെ പക്കൽ നിന്നും അത് ഈടാക്കണമെന്നാണ് പ്രീതിയുടെ ആവശ്യം. എങ്കിലും അവിടെ നിന്നും രക്ഷപെട്ട് പോരാൻ കഴിഞ്ഞത് ഭാഗ്യമെന്ന് കരുതുകയാണ് അവർ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.