ന്യൂസൗത്ത് വേൽസ്: വിന്ററിന്റെ ആഗമനം അറിയിച്ചു തുടങ്ങിയതോടെ ഗർഭിണികൾ ഫ്‌ലൂവിനെതിരേ മുൻകരുതൽ സ്വീകരിക്കണമെന്ന് ന്യൂസൗത്ത് വേൽസ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗർഭകാലത്തിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമുള്ള ഗർഭിണികൾക്കാണ് ഫ്‌ലൂ പിടിപെട്ടാൻ ഏറെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഫ്‌ലൂ പിന്നീട് ന്യൂമോണിയ പോലെയുള്ള സങ്കീർണ രോഗങ്ങൾക്കു വഴി തെളിക്കുമെന്നും അത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുമെന്നും ന്യൂസൗത്ത് വേൽസ് ഹെൽത്തിലെ കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ വിക്കി ഷെപ്പേർഡ് അറിയിച്ചു.

അടുത്ത കാലത്ത് മാസം തികയാതെയുള്ള പ്രസവങ്ങൾ ഏറി വരുന്നുണ്ടെന്നും ഫ്‌ലൂ ബാധിച്ചാൽ ഇത്തരം പ്രീമച്വർ പ്രസവങ്ങൾക്ക് സാധ്യത ഏറുമെന്നുമാണ് വിക്കി ഷെപ്പേർഡ് വ്യക്തമാക്കിയിരിക്കുന്നത്. ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇൻഫ്‌ലുവെൻസാ വാക്‌സിനുകൾ ഇപ്പോൾ ലഭ്യമല്ല. അതുകൊണ്ടു തന്നെ ഗർഭിണികൾ വാക്‌സിനേഷൻ സ്വീകരിക്കുന്നത് അവരുടെ നവജാത ശിശുക്കൾക്കുള്ള സംരക്ഷണം കൂടിയാകും.

ഗർഭിണികളായ ഏവർക്കും ഫ്‌ലൂവിനെതിരേയുള്ള വാക്‌സിനുകൾ സ്വീകരിക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഗർഭത്തിന്റെ ഏതു ഘട്ടത്തിലുള്ളവരും വാക്‌സിനേഷൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ഇതു സുരക്ഷിതവും സൗജന്യവുമാണെന്നും ഡോ. വിക്കി പ്രത്യേകം അറിയിച്ചിട്ടുണ്ട്.