- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിൽ കുഴഞ്ഞുവീണ ഗർഭിണിക്ക് നഴ്സുമാരുടെ പരിചരണത്തിൽ സുഖപ്രസവം; യുവതി കുഴഞ്ഞ് വീണത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ; സഹായവുമായെത്തിയത് ആനാകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാർ
വെഞ്ഞാറമൂട്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വഴിയിൽ കുഴഞ്ഞുവീണ ഗർഭിണിക്ക് നഴ്സുമാരുടെ പരിചരണത്തിൽ സുഖപ്രസവം.മനപുരം ആനാകുടി പണയിൽ പുത്തൻവീട്ടിൽ ചന്ദ്രന്റെ ഭാര്യ ലക്ഷ്മിയാണ്(26) ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ പരിചരണത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ 10ന് ആയിരുന്നു സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ലക്ഷ്മിയെ ആശുപത്രിയിലെക്കാൻ ഓട്ടോ വിളിച്ചിരുന്നു. എന്നാൽ വാഹനത്തിന് വീടിനടുത്തേക്ക് എത്താനുള്ള വഴി സൗകര്യമില്ല.ഇതേത്തുർന്ന് റോഡിലേക്ക് ഭർത്താവുമൊന്നിച്ച് നടന്നുപോകുന്നതിനിടയിൽ വഴിയിൽ ലക്ഷ്മി കുഴഞ്ഞുവീണു. ഈ സമയം അതിനടുത്ത റോഡിലൂടെ പോവുകയായിരുന്ന ആനാകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാരായ സോഫിയ, ദീപ എന്നിവർ ഓടിയെത്തി പരിചരണം നൽകി. തുടർന്നുള്ള പരിശോധനയിൽ ലക്ഷ്മിയെ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ലെന്നും പ്രസവം അടുത്തുവെന്നും മനസ്സിലാക്കി.
108 ആംബുലൻസിന്റെ സഹായം തേടുകയും ചെയ്തു. ആംബുലൻസ് കാത്തിരിക്കുന്നതിനിടെയായിരുന്നു പ്രസവം. അധികം വൈകാതെ 108 ആംബുലൻസ് എത്തുകയും അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.