ആറ്റിങ്ങൽ: പ്രമുഖ പാമ്പുപിടിത്ത വിദഗ്ധനും പരിസ്ഥിതി പ്രവർത്തകനുമായ പ്രേംസലിൽ(45) പാമ്പുകടിയേറ്റു മരിച്ചു. മണമ്പൂരിൽനിന്ന് മൂർഖനെ  പിടിക്കുന്നതിനിടയിലാണ് പ്രേംസലിന് കടിയേറ്റത്. ആരോഗ്യനില ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ര്ക്ഷിക്കാനായില്ല. സജീവ പരിസ്ഥിതി പ്രവർത്തകനായ പ്രേംസലിന് മികച്ച പ്രവർത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടിലിറങ്ങി ഭീതി പരത്തുന്ന ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി പ്രേംസലിൻ ശ്രദ്ധേയനായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രേംസലിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നിരവധി ബോധവത്ക്കരണ ക്ലാസുകളും നടത്തിപ്പോന്നിരുന്നു.

കഴിഞ്ഞ ദിവസം സന്ധ്യയോടെ നരിക്കല്ല് മുക്കിനു സമീപം ഒരു വീട്ടിൽ മൂർഖനെ പിടിക്കുന്നതിനിടയിലാണ് കടിയേറ്റത്. എന്നാൽ മുപ്പതിൽ പരം മൂർഖന്മാരുടെ കടിയേറ്റിട്ടുള്ള പ്രേം സലിൽ ഇത് കാര്യമാക്കിയില്ല. എന്നാൽ, എട്ടു മണിയോടെ സംഭവ സ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സലിലിനെ സുഹൃത്തുക്കൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . പുലർച്ചെ അന്ത്യം സംഭവിച്ചു. ചാത്തമ്പാറ തോൽക്കാട്ട് പുത്തൻവീട്ടിൽ അബ്ദുൾ സലാമിന്റെയും സഫിയയുടെയും മകനാണ്. ഇരുവരും അദ്ധ്യാപകരായിരുന്നു. സഹോദരങ്ങൾ ഷീജ നാസർ, ഷീനാ നാസർ.

പഠനത്തിൽ മിടുക്കനായിരുന്നുവെങ്കിലും പാമ്പുകളോടായിരുന്ന കൂടുതൽ ഇഷ്ടം. അതുകൊണ്ട് മാത്രമാണ് വീട്ടുകാരുടെ എതിർപ്പ് കാര്യമാക്കാതെ പരിസ്ഥിതി പ്രവർത്തനത്തിന് ജീവിതം മാറ്റി വച്ചത്. മൂന്നു പതിറ്റാണ്ടിലേറെ പാമ്പുപിടിത്ത രംഗത്ത് നിറഞ്ഞു നിന്നിരുന്ന പ്രേംസലിലിനെ സുഹൃത്തുക്കളും സ്ഥലവാസികളും സ്‌നേഹപൂർവം വിളിച്ചിരുന്നത് പാമ്പ് സലിൽ എന്നായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവിചാരിതമായി റോഡരികിൽ കുറ്റിച്ചെടിക്കുള്ളിൽ കണ്ട പാമ്പിനെ സലിൽ കൈകൊണ്ട് എടുത്ത് മാറ്റിയിട്ടത്. മുൻപേ പോയ സുഹൃത്തിന്റെ കാലുകൾ പാമ്പിനു മുകളിൽ പതിയുമെന്നു കണ്ടതിനെ തുടർന്നായിരുന്നു അത്. ഇതോടെ പാമ്പിനോടുള്ള പേടി മാറി. സ്‌നേഹം മാത്രമായി പിന്നീട് അവയോട്.

നാട്ടുവഴികളിൽ ശ്രദ്ധാപൂർവം നടക്കുന്ന പ്രേംസലിൽ പാമ്പുകളെ കാണുന്ന മാത്രയിൽ തന്നെ അവയെ കൈകൊണ്ട് എടുത്ത് താലോലിക്കുന്നതും നാട്ടുകാർക്ക് പതിവ് കാഴ്ചയായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ മികച്ച വിജയം കാഴ്ചവച്ച മകൻ പാമ്പിനു പിറകേ പോയി സമയം കളയുന്നതിൽ വീട്ടിൽ എതിർപ്പുണ്ടായെങ്കിലും അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും കണ്ണുവെട്ടിച്ച് പാമ്പുകളെ പിടിച്ചു താലോലിക്കുന്ന തൊഴിൽ സലിൽ തുടർന്നു. ഏത് ഉഗ്ര വിഷമുള്ള പാമ്പിനെയും ഞൊടിയിടയിൽ പിടികൂടുക എന്നതായിരുന്നു പ്രേംസലിലിന്റെ രീതി. പിടികൂടുന്ന പാമ്പുകളെ തരംതിരിച്ച് സൂക്ഷിച്ചിരുന്നതും വീടിനോട് ചേർന്ന് തന്റെ മുറിക്കു സമീപമായിരുന്നു. വീട്ടുകാരെ ആരെയും ബുദ്ധിമുട്ടിക്കാത്ത സലിൽ തന്നെയായിരുന്നു കൂട്ടിലടയ്ക്കപ്പെട്ട പാമ്പുകളുടെ കാര്യവും നോക്കിയിരുന്നത്.

ചെറു കുടങ്ങളായി നൂറു കുടങ്ങളിലും പാമ്പുകൾ നിറയുമ്പോൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കും. പാമ്പുകളെ കുറിച്ച് ക്ലാസ് എടുക്കലും മറ്റൊരു പ്രധാന വിനോദമായിരുന്നു. സലിൽ കുട്ടികൾക്ക് മുന്നിലെ പാമ്പിന്റെ വിജ്ഞാനകോശം തന്നെയായിരുന്നു. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്ക് പാമ്പുകളെയും പരിസ്ഥിതിയേയും കുറിച്ചുള്ള ശാസ്ത്രീയമായ അവബോധം നൽകുന്നതിൽ സജീവ സാന്നിധ്യമായിരുന്നു പ്രേം സലിൽ. വിവിധയിനങ്ങളിൽപ്പെട്ട രണ്ട് ഡസനോളം പാമ്പുകളെ അദ്ദേഹം വീട്ടിൽ സംരക്ഷിച്ചിരുന്നു. ഇവയെയാണ് പാമ്പ് പ്രദർശനത്തിന് ഉപയോഗിച്ചിരുന്നത്. പ്രേംസലിലിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെ പാമ്പുകളെ വനപാലകർ ഏറ്റെടുത്തു.

നിരവധി തവണ പാമ്പിന്റെ കടിയേറ്റ് ചികിത്സ തേടിയിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് കൈവിരലുകൾ ഇങ്ങനെ നഷ്ടപ്പെട്ടിരുന്നു. പ്രേംസലിലിന്റെ മരണവാർത്തയറിഞ്ഞ് ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയത്. രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ശനിയാഴ്ച 12 മണിയോടെ ആലംകോട് ജുമ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കി.