തിരുവനന്തപുരം: പ്രേമം സിനിമയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട നാൽപതു പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇവരേയും അറസ്റ്റ് ചെയ്ത് പ്രേമം സിനിമയുടെ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ചെന്നൈയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പറഞ്ഞതൊക്കെ വെറുതെയായി. വെറും സാധാരണക്കാരിൽ മാത്രമായി സൂപ്പർ ഹിറ്റ് സിനിമയുടെ ഇൻർനെറ്റ് പതിപ്പിൽ അന്വേഷണം തീർന്നു. ''വില്ലനെ പറ്റി വ്യക്തമായ സൂചന കിട്ടി, ദാ ഇപ്പോ പിടിക്കും, ശാസ്ത്രീമായ തെളിവു കൂടി ബാക്കിയുണ്ട്.... '' പ്രേമം സിനിമ ഇന്റർനെറ്റിലൂടെ പ്രചരിച്ചതിനെ കുറിച്ച് അന്വേഷണ സംഘം അവകാശപ്പെട്ടത് ഇങ്ങനെയാക്കെയാണ്. ഈ വാക്കുകൾ കൂടിയാണ് പഴംവാക്കാകുന്നത്.

ഇന്റർനെറ്റിൽ സിനിമകൾ എത്തുന്നത് ഇനിയുണ്ടാകില്ലെന്ന് ആന്റി പൈറസി സെല്ലിന്റെ വിശദീകരണവും നടക്കുമെന്ന് ആർക്കും ഉറപ്പില്ല. അതിനിടെ സിനിമയുടെ അണിയറ പ്രവർത്തകരും കേസ് അവസാനിച്ചതിൽ ആശ്വാസത്തിലാണ്. പ്രേമം സിനിമയുടെ അന്വേഷണം തുടങ്ങിയതു മുതൽ സിനിമാ മേഖല ആകെ പ്രതിസന്ധിയിലായിരുന്നു. കാരണം എഡിറ്റർമാരും ക്യാമറാമാനം സംവിധായകനും പോലും സംശയത്തിന്റെ നിഴലിലായി. പ്രിയദർശന്റെ ചെന്നൈയിലെ സ്റ്റുഡിയോയും തിരുവനന്തപുരത്തെ വിസ്മയാ മാക്‌സും പ്രതിക്കൂട്ടിലായി. ദൃശ്യം സിനിമയുടെ കളക്ഷൻ റിക്കോർഡ് പ്രേമം മറികടക്കുമെന്ന ഭയം പോലും വ്യാജ ഇന്റർനെറ്റ് പതിപ്പിന് പിന്നിലുണ്ടെന്ന് കഥയിറങ്ങി. ഇതെല്ലാം ഏറ്റുപിടിച്ച് സെൻസർ ബോർഡ് അംഗം തന്നെ രംഗത്തുവന്നു. സിനിമയിലെ ഉൾപോരാണ് എല്ലാത്തിനും കാണമെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ മലയാളി അതിയായ താൽപ്പര്യവും കാട്ടി.

അതിനിടെയാണ് എല്ലാം അവസാനിക്കുന്നത്. അന്വേഷണത്തിന് ഒടുവിൽ മൂന്നു പേർ അറസ്റ്റിലായി. സെൻസർ ബോർഡിലെ മൂന്ന് മുൻ താത്കാലിക ജീവനക്കാർ മാത്രം വലിയ സ്രാവുകളെ ഒഴിവാക്കാനാണ് ഈ പരൽ മീനുകളെ പിടികൂടിയതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. അപ്പോഴും വ്യക്തമായ ന്യായങ്ങളിലൂടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുകയാണ് പൊലീസ്. 'പ്രേമം' സിനിമയുടെ സെൻസർ പകർപ്പ് ചോർത്തിയ കേസിൽ 40ഓളം പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്. ഇവർ നിരീക്ഷണത്തിലാണ്. സെൻസർകോപ്പി ചോർത്തിയ ആദ്യയാളെയും അപ്ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോൾ പിടിയിലായ പ്രതികൾ മോഹൻലാലിന്റേതുൾപ്പെടെ ഈ വർഷമിറങ്ങിയ നിരവധി ചിത്രങ്ങൾ ചോർത്തിയിരുന്നു.

സെൻസറിങ്ങിന് വരുന്ന ചിത്രങ്ങൾ പകർത്തി സുഹൃത്തുകൾക്ക് കൈമാറുന്നത് പതിവാണെങ്കിലും വ്യാപകമായി പ്രചരിച്ചത് ആദ്യമായാണ്. പൊലീസ് നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏറെയും കൊല്ലം ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ സെൻസറിങ്ങിന് നൽകിയ ഭൂരിപക്ഷം സിനിമകളും മൂന്നംഗസംഘം പകർത്തിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സെൻസറിങ്ങിന് കൊണ്ടുവരുന്ന സി.ഡി., ഡി.വി.ഡി. എന്നിവ സെൻസറിങ് ഓഫീസർ അറിയാതെ കൈക്കലാക്കി അത് ലാപ്‌ടോപ്പ് വഴി പെൻഡ്രൈവിൽ കോപ്പി ചെയ്യുകയാണ് രീതി. കഴിഞ്ഞ മെയ് 19ന് ഇവർ പെൻഡ്രൈവിൽ പകർത്തിയതിനും അന്നുതന്നെ ഇവരുടെ സ്വകാര്യ ലാപ്‌ടോപ്പിൽ സിനിമ കണ്ടതിനും തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയിരത്തോളം പേരെ ചോദ്യംചെയ്ത ശേഷമാണ് സിനിമ ചോർത്തിയവരെ പൊലീസിന് കണ്ടെത്താനായത്. മൂന്നേെുപരയും ആദ്യം ചോദ്യം ചെയ്തപ്പോൾത്തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. പിന്നീട് ഇവരുടെ ഫോൺവിളിയും ചാറ്റിങ്ങും പൊലീസ് പരിശോധിച്ചപ്പോഴാണ് എല്ലാം വ്യക്തമായത് അത്രേ.

എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ആന്റിപൈറസി സെല്ലിന്റെ വിശദീകരണം. കഴിഞ്ഞ മാസം 29നാണ് 'പ്രേമ' ത്തിന്റെ വില്ലന്മാരെ തേടിയുള്ള അന്വേഷണം തുടങ്ങിയത്. സെൻസർ ബോർഡിലും സംവിധായകന്റെ വീട്ടിലും, ചെന്നൈയിലെ സ്റ്റുഡിയോവിലുമൊക്കെ പരിശോധന നടത്തി. ഹാർഡ് സിസ്‌കുകളും ഡി.വി.ഡികളും കണ്ടെടുത്തു. ചിത്രത്തിന്റെ നിർമ്മാതാവും പരാതിക്കാരനുമായ അൻവർ റഷീദ് ആന്റി പൈറസി സെൽ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി മൊഴി നൽകി.

തുടർന്നായിരുന്നു പരിശോധനകളും ചോദ്യം ചെയ്യലുമൊക്കെ ഊർജ്ജിതമായത്. അൽഫോൻസ് പുത്രനെ ഏഴു മണിക്കൂറാണ് ചോദ്യം ചെയ്തത്. ചെന്നൈയിലെ സ്റ്റുഡിയോ ഉടമ പ്രിയദർശൻ ഉൾപ്പെടെ നിരവധി പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. ഇതിനിടയിൽ സിനിമ സൈറ്റിൽ അപ്പ്‌ലോഡ് ചെയ്തതിന് മൂന്നു വിദ്യാർത്ഥികളെ പിടികൂടി. സെൻസർ ബോർഡായിരുന്നു ആദ്യം പ്രതിക്കൂട്ടിലായത്. മെയ്‌ 18നാണ് പ്രേമം സെൻസർ ബോർഡിനെ കാണിച്ചത്. ചില മാറ്റങ്ങൾ നിർദേശിച്ച് ഡിവിഡി തിരിച്ചു നൽകി. 19നു തന്നെ മാറ്റങ്ങൾ വരുത്തിയ രണ്ടു ഡിവിഡികൾ സെൻസർ ബോർഡിനു കൈമാറാനായി അണിയറക്കാരിലൊരാൾ കൊണ്ടുവന്നു. ഒരു ഡിവിഡി മാത്രമേ കൈമാറിയുള്ളൂ. മറ്റേ ഡിവിഡി നശിപ്പിച്ചെന്നാണ് ഡിവിഡി കൊണ്ടുപോയയാൾ നൽകിയ മൊഴി. ഈ മൊഴിയെ ചുറ്റിപ്പറ്റിയായിരുന്നു കുറച്ചു ദിവസം അന്വേഷണം നടന്നത്.

ഇതിനിടെ സംവിധായകൻ അൽഫോൻസ് പുത്രനും മറ്റ് അണിയറപ്രവർത്തകർക്കും സിനിമ സംരക്ഷിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതെല്ലാം ഇപ്പോൾ ഉദ്യോഗസ്ഥർ വിഴുങ്ങുന്നു. നല്ല ഉദ്യോഗസ്ഥനെന്ന് പേരെടുത്ത രാജ്പാൽ മീണയെ ആന്റി പൈറസി സെല്ലിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിലെ ദുരൂഹതയും മാറിയിട്ടില്ല.