തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിച്ച സംഭവത്തിൽ ഉന്നതരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ പുറത്തുവരുന്നതിനിടെ അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. ഇൻർനെറ്റിൽ സിനിമ എത്തിയത് സെൻസർ ബോർഡിലെ താൽക്കാലിക ജീവനക്കാരിലൂടെയെന്ന തിയറി ആവർത്തിച്ചുറപ്പിക്കാനാണ് ശ്രമം. അതിനിടെ കേസിൽ തിരുവനന്തപുരം വഴയില സ്വദേശിയായ രഞ്ജു ആന്റി പൈറസി സെല്ലിന് മുന്നിൽ കീഴടങ്ങി. നേരത്തെ അറസ്റ്റിലായ അരുണിന്റെ സുഹൃത്താണ് രഞ്ജു.

സെൻസറിംഗിനെത്തിച്ച സിനിമയുടെ സിഡികൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്ന അരുൺകുമാറാണ് ഇത് കമ്പ്യൂട്ടർ വഴി കോപ്പി ചെയ്തത്. പിന്നീട് അരുൺ കുമാറിന്റെ അനുമതിയോടെ ലിതീഷും കുമാരനും സിനിമ കോപ്പി ചെയ്തു. വീട്ടിലുള്ളവർക്ക് സിനിമ കാണാനായിരുന്നു ഇത്. ഇതിനൊന്നും സെൻസർ ബോർഡിലെ ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിരുന്നില്ല. എല്ലാം അരുൺ കുമാർ സ്വന്തം ഇഷ്ട പ്രകാരമാണ് ചെയ്തത്. ഇതിനൊപ്പം തന്റെ സുഹൃത്തുക്കൾക്കും നൽകി. ഇവർ വഴിയാണ് സിനിമ ഇന്റർനെറ്റിലെത്തിയത്. ഇതിലെ പ്രധാന കണ്ണിയാണ് പൊലീസിൽ കീഴടങ്ങിയ രഞ്ജു.

അരുൺകുമാർ സുഹൃത്തായ വഴയില സ്വദേശി രഞ്ജുവെന്നയാൾക്ക് സിനിമയുടെ കോപ്പി നൽകി. ഇയാൾ സഹോദരനായ രഞ്ജിത്തിനും രഞ്ജിത്ത് വാട്ട്‌സ് ആപ് വഴി ഗൾഫിലുള്ള സുഹൃത്തിനും സിനിമ കൈമാറി. ഗൾഫിലുള്ളയാൾ കൊല്ലം സ്വദേശിനിയായ ഒരു പെൺകുട്ടിക്ക് സിനിമ അയച്ചുകൊടുത്തു. ഈ പെൺകുട്ടിയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് പിടിയിലായ കൊല്ലം സ്വദേശികളായ മൂന്നംഗസംഘത്തിന് സിനിമ വാട്ട്‌സ് ആപ് വഴി കൈമാറിയത്. ഈ +1 വിദ്യാർത്ഥികൾ ടോറന്റ് സൈറ്റിൽ സിനിമ ഇട്ടു. വ്യാജ ഐപിയിലൂടെ ആയിരുന്നു ഇത്.

അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി. ഇത്തരത്തിൽ സിനിമ ഷെയർ ചെയ്ത കൂടുതൽ പേരെ പറ്റിയുള്ളവിവരം പൊലീസ് ശേഖരിച്ചു വരികയാണ്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ സിനിമ പ്രചരിപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പെലീസിന്റെ നീക്കം. ഇതോടെ വലിയ മാഫിയയയുടെ ചുരുൾ അഴിയുമെന്നാണ് പൊലീസിന്റെ വാദം. വാട്ട്‌സ് ആപ് വഴി സിനിമ കൈമാറിയ കേസിലെ ആദ്യകണ്ണിയായ വഴയില സ്വദേശി രഞ്ജുവിനെ ആന്റിപൈറസി സെൽ ചോദ്യം ചെയ്തുവരികയാണ്. മറ്റേതെങ്കിലും സിനിമകൾ ഇങ്ങനെ ഇൻർനെറ്റിലെത്തിയോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നതിന് തെളിവുണ്ടാക്കാനാണ് ഇത്.

ആന്റിപൈറസി കേസിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്യുന്ന കേസായിരിക്കുമിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിക്കഴിഞ്ഞു. സെൻസറിംഗിനായി സെൻസർ ബോർഡ് ഓഫീസിൽ എത്തിയ മിക്ക ചിത്രങ്ങളും ഇത്തരത്തിൽ ഇവർ പകർത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ പ്രേമം സിനിമ ചോരുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ താൽക്കാലിക ജീവനക്കാരായ മൂന്നുപേരെയും സെൻസർ ബോർഡ് ഓഫീസിൽ നിന്ന് പുറത്താക്കിയിരുന്നു.

ഇങ്ങനെയൊക്കെ പറയുമ്പോഴും സിനിമാ പ്രവർത്തകർക്ക് നേരെ ഉയർന്ന അന്വേഷണം എന്തുകൊണ്ട് അവസാനിപ്പിക്കേണ്ടി വന്നുവെന്നതിന് ഉത്തരവുമില്ല. ഇതു തന്നെയാണ് ദുരൂഹതകൾ അവശേഷിപ്പിക്കുന്നത്.