തിരുവനന്തപുരം: പ്രേമം സിനിമ ഇറങ്ങുംമുമ്പ് 'മലർ' തിരുവനന്തപുരം മൃഗശാലയിലുണ്ട്. തനിച്ചു ജീവിച്ചിരുന്ന മലരിനു കൂട്ടായി ഇന്നലെ ശ്രവൺ എന്ന ആൺവെള്ളക്കടുവ എത്തി. എന്നാൽ ശ്രവണിനു 'പ്രേമം' സിനിമയിലെ നായകനായ ജോർജുകുട്ടിയുടെ പേര് നൽകാനാണ് ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നീക്കം. എന്നാൽ ഇതിനെതിരെ വേറൊരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തുവന്നതോടെ 'പ്രേമം' സിനിമ സൃഷ്ടിക്കുന്ന പൊല്ലാപ്പ് മൃഗശാലയിലേക്കും കടന്നുചെന്നിരിക്കുകയാണ്.

ഇന്നലെ പുലർച്ചയോടെയാണ് ശ്രവൺ മൃഗശാലയിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ രാവിലെ തന്നെ നേരിട്ടു കൂട്ടിൽ വിടുകയായിരുന്നു. മലരിനെ കൊണ്ടുവന്ന ഡൽഹി മൃഗശാലയിൽനിന്നുതന്നെയാണ് ശ്രവണിനേയും കൊണ്ടുവന്നത്. അവൻ ജനിച്ചപ്പോഴേ ഡൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ. മൃഗശാലയുടെ റെക്കോഡിലും ഈ പേരാണുള്ളത്.

പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രത്തിനൊപ്പമുള്ള ജോർജ് എന്ന കഥാപാത്രത്തിന്റെ പേര് ശ്രവണിന് ഇടാൻ തിരുവനന്തപുരം മൃഗശാലാ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. മലരും ജോർജ് കുട്ടിയും തിരുവനന്തപുരം മൃഗശാലയിൽ എന്നറിയിച്ചാൽ പത്രങ്ങളിലും ചാനലുകളിലും പടങ്ങളും വാർത്തകളും വരും.

തുടർന്നു നായികാനായകന്മാരെ കാണാൻ സന്ദർശകർ വർധിക്കും, കൂടുതൽ പാസ് ചെലവാകും എന്നൊക്കെയുള്ള ഓണക്കാലമാർക്കറ്റിംഗാണ ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. എന്നാൽ, വന്യജീവികൾക്ക് അവ ജനിക്കുന്ന മൃഗശാലകളിൽ നൽകിയിട്ടുള്ള പേര് മാറ്റാൻ യാതൊരു അധികാരവും മറ്റു മൃഗശാലകൾക്കില്ല. സെൻട്രൽ സൂ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പേരിടൽ നടത്തുന്നത്.

തിരുവനന്തപുരത്തെ പെൺവെള്ളക്കടുവയായ മലരിന്റെ പേരിട്ടതും ഡൽഹി മൃഗശാലയിൽ വച്ചാണ്. ഈ പേരും ഇനി മാറ്റാൻ കഴിയില്ല. തിരുവനന്തപുരം മൃഗശാലയിലെ ചില ഉദ്യോഗസ്ഥർ മൃഗങ്ങളുടെ പേരു മാറ്റുന്നതിനു കുറുക്കുവഴികൾ തേടുന്നുണ്ടെന്നാണറിയുന്നത്. ഇത് നിയമപ്രശ്‌നങ്ങൾ വിളിച്ചു വരുത്തുകയും, പുതിയ മൃഗങ്ങളെ മറ്റു മൃഗശാലകളിൽനിന്നു കൊണ്ടുവരുന്നതിനും തടസ്സങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഒരു സിനിമയുടെ പേരിൽ മൃഗത്തിന്റെ പേരുമാറ്റാൻ ശ്രമിക്കുന്ന നടപടിയോട് മൃഗശാലയിലെ ജീവനക്കാർക്കു പോലും കടുത്ത എതിർപ്പാണുള്ളത്. ഇതിനെതിരേ സെൻട്രൽ സൂ അഥോറിറ്റിയിലും വകുപ്പു മന്ത്രിക്കും പരാതി നൽകാനും ജീവനക്കാർ തയ്യാറാകുമെന്നാണറിയുന്നത്.