തിരുവനന്തപുരം: ഓണമാഘോഷിക്കുമ്പോൾ മലയാളത്തനിമയുള്ള വേഷം നിർബന്ധമാണ്. സ്‌കൂളുകളിലെയും കോളേജുകളിലെയുമെല്ലാം ഓണാഘോഷത്തിന് യുവത്വത്തിന്റെ ആവേശത്തിൽ അൽപ്പം മാറ്റുകൂടുകയും ചെയ്യും. മാവേലിയുടെ വേഷം കെട്ടിയും വാമനനായും ഒക്കെയാണ് ആഘോഷം നടക്കാറ്. എന്നാൽ, ഇത്തവണത്തെ ഓണാഘോഷത്തിൽ നിന്നും മാവേലി ശരിക്കും ഔട്ടായെന്ന് പറയാം. പകരം നിവിൻ പോളിയുടെ പ്രേമമാണ് കാമ്പസുകളെ പിടിച്ചുകുലുക്കിയത്. പ്രേമത്തിലെ നായകനായ ജോർജ്ജും മലരുമായാണ് കാമ്പസിലെ ഓണാഘോഷം. പ്രേമം കവർന്ന ഓണാഘോഷം സൈബർ ലോകത്തും ഏറെ തരംഗം തീർക്കുകയാണ്.

പ്രേമത്തിലെ ജോർജ്ജിനെ അനുകരിച്ച് കറുത്ത ഷർട്ടിനും അതിനു യോജിച്ച കറുത്ത കരയുള്ള മുണ്ടും തപ്പി നടക്കുകയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ. കോളേജുകളിൽ ഓണാഘോഷം കൊഴുക്കുമ്പോൾ അതിൽ തിളങ്ങാൻ ജോർജ്ജിനെ പോലെ കറുത്ത ഷർട്ടുകൾക്കും കറുത്തകരമുണ്ടും ഇപ്പോൾ നിർബന്ധമെന്ന രീതിയിലായിരുന്നു ആഘോഷം. ബാർബർ ഷോപ്പിൽ പോയി ചേട്ടാ.. പ്രേമം താടി എന്ന് പറഞ്ഞാൽ ഞെടിയിടയിൽ താടി റെഡി. ആമ്പിള്ളേർക്ക് ജോർജ്ജാകാൻ എളുപ്പമാണെങ്കിൽ മലരാകാൻ പെൺകുട്ടികൾ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്.

അതുവരെ സാരിയുടുക്കാത്തവർ പോലും സെറ്റു സാരിയുമുടുത്ത് തലമുടി മുന്നോട്ടിട്ട് സ്വയം മലരാകുകയായിരുന്നു. ഇങ്ങനെ കാമ്പസുകളിലെല്ലാം മലരും ജോർജ്ജും കളിയാണ് നടന്നത്. വെള്ളിയാഴ്‌ച്ചയും ശനിയാഴ്‌ച്ചയുമായിട്ടായിരുന്നു കാമ്പസുകളിലെ ഓണാഘോഷം പൊടിപൊടിച്ചത്. +2 സ്‌കൂളുകളിലും ജോർജ്ജായി എത്തിയ ചുള്ളന്മാരുടെ എണ്ണം കുറവല്ല. കോഴിക്കോട് മിക്കകടകളിലും പ്രേമം സ്റ്റൈൽ മുട്ടും കറുത്ത ഷർട്ടിനും വൻ ഡിമാന്റായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. പലകടകളിലും കറുത്തഷർട്ടിനും മുണ്ടിനുമെല്ലാം നല്ല വിലയുമാണ്. പക്ഷേ കടക്കാർ പറഞ്ഞ വിലയ്ക്ക് സാധനം വാങ്ങി ഓണാഘോഷം പൊടിപിടിക്കകയാണ് ചുള്ളന്മാർ.

കാര്യം മുണ്ടിനും ഷർട്ടിനും കടകളിൽ ക്ഷാമമാണെങ്കിലും എറണാകുളം സെന്റ് തെരേസാസ് കോളേജിലെയും തിരുവനന്തപുരം വുമൺസ് കോളേജിലെയും പെൺകൊടികൾ ഓണം ആഘോഷിക്കാൻ എത്തിയത് ജോർജ്ജിനെ അനുകരിച്ച് തന്നെയാണ്. കറുത്ത ഷർട്ടും മുണ്ടും ധരിച്ച് കോളേജുകളിൽ തിളങ്ങി. കറുത്ത ഷർട്ട് ധരിച്ച് മാത്രമല്ല ജോർജ്ജിനെ മനസ്സിൽ ആവാഹിച്ച ചുള്ളന്മാർ തിളങ്ങിയത്. മീശപിരിചും കറുത്ത കൂളിംങ് ഗ്ലാസ് ധരിച്ചും സ്‌ലോമോഷനിൽ കോളേജ് ക്യാമ്പസിനകത്ത് കയറുന്ന ഈ വിദ്യാർത്ഥികളുടെ മനസ്സിൽ പ്രേമം മാത്രമാണ്. ഇതുവരെ കോളേജുകളിലെ ഓണാഘോഷം വളരെ സിംപിൾ ആയിരുന്നു. പക്ഷേ ഇന്നിപ്പോൾ പ്രേമത്തിളപ്പിൽ ഓണാഘോഷം തകർക്കുകയാണ്.

അതിനിടെ ഓണാഘോഷത്തിനിടയിൽ എടുത്ത ചിത്രങ്ങളും സെൽഫിയും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യാൻ തിരക്കാണ്. ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്. നൂറനാട് ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് കോളേജിലെ ഓണാഘോഷത്തിന്റെ ചിത്രമാണ് അതിവേഗം സൈബർലോകത്ത് വൈറലായത്. കോളേജിലെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കാൻ കോളേജിലേക്ക് വരുന്ന വരവു തന്നെ കിടിലനാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഈ ഫോട്ടോയ്‌ക്കൊപ്പം കൊടുത്ത കമന്റ് ഇങ്ങനെയാണ്: '136 ആങ്ങളമാർക്കെല്ലാം കൂടി ഒരേയൊരു പെങ്ങൾ.. ആ ബാച്ചിലെ ഒരേയൊരു പെൺകുട്ടിയാണു അത്.. ഒറ്റക്കേ ഉള്ളു എന്ന സങ്കടം എന്നെങ്കിലും ആ കുട്ടിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിനെല്ലാം പകരമായി ആ ആങ്ങളമാർ കൊടുത്ത മറക്കാനാവാത്ത നിമിഷം..!!കേരളത്തിലെ ഏറ്റവും സുരക്ഷിതയായ പെൺകുട്ടികളിലൊരാൾ'

ചുവന്ന സാരിയുടുത്ത് മുടി മുന്നോട്ടിട്ട് പെൺകുട്ടി നടന്നുപോകുമ്പോൾ നല ഷർട്ടും മുണ്ടുമുടുത്ത് കൂളിങ് ഗ്ലാസും ധരിച്ച്ആൺകുട്ടികൾ പിന്നാലെ പോകുന്നതാണ് ഫോട്ടോ. നെറ്റിപ്പട്ടം കെട്ടിയ ഒരു ആനയെയും ചിത്രത്തിൽ കാണാം. ഫേസ്‌ബുക്കിൽ നിന്ന് ആയിങ്ങളാണ് ഈ ചിത്രം ഷെയർ ചെയ്തത്. ഒറ്റനോട്ടത്തിൽ അതീവ ആകർഷണം തോന്നുന്നതാണ് ഈ ചിത്രം. എന്തിനെയും ആഘോഷമാക്കാൻ അതീവ തൽപ്പരരായ മലയാളി യുവത്വം പ്രേമംത്തെ കൂട്ടുപിടിച്ചാണ് ഇത്തവണ ആഘോഷം കൊഴുപ്പിച്ചത്. ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷങ്ങളെയും പ്രേമം റാഞ്ചിയ മട്ടാണ്. ചുരുക്കത്തിൽ പ്രേമത്തിളപ്പിൽ മലയാൡകൾ മാവേലിയെ മറന്ന സ്ഥിതിയിലാണ് ഇത്തവണത്തെ ഓണാഘോഷം.