തിരുവനന്തപുരം: അടുത്തകാലത്തെങ്ങും മലയാള സിനിമയിൽ പ്രേമത്തോളം ഹിറ്റായ മറ്റൊരു ചിത്രം ഉണ്ടായിരുന്നില്ല. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രം മലയാള സിനിമയുടെ കല്ക്ഷൻ റെക്കോർഡുകളെല്ലാം തകർത്താണ് മുന്നേറിയത്. കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും കോടികൾ കൊയ്യുന്ന സിനിമയെ കൊല്ലുന്ന വിധത്തിലാണ് വ്യാജൻ പ്രചരിക്കുന്നത്. ഇന്റർനെറ്റ് വഴി വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ സിഡിയും മിക്ക നഗരങ്ങളിലും വ്യാപിക്കുന്നുണ്ട്. സ്മാർട്ട് ഫോൺ യുഗമായതിനാൽ ഫോണിൽ നിന്നും ഫോണിലേക്ക് പകർത്തുകയും ചെയ്യുമ്പോൾ ഞൊടിയിടയിൽ ചിത്രം കേരളത്തിൽ എല്ലായിടത്തും വ്യാപിക്കുകയാണ്. ഇതോടെ സിനിമ കണ്ടവർ തീയറ്ററിലേക്ക് എത്താതാകുമ്പോൾ നിർമ്മാതാവിന് തിരിച്ചടിയാകുകയും ചെയ്യുന്നു.

ഇങ്ങനെ മലയാള സിനിമ വരുംകാലഘട്ടത്തിൽ നേടിടാൻ പോകുന്ന വൻ പ്രതിസന്ധിയായി വ്യാജസിഡിയും ഇന്റർനെറ്റ് പതിപ്പും മാറുകയാണ്. എന്നാൽ, പ്രേമത്തിന്റെ സെൻസർ കോപ്പിയാണ് ലീക്കായത് എന്നതോടെ ഇത് സിനിമയിൽ പുതിയ ചേരിപ്പോരുകൾക്കും ഇടയാക്കുകയാണ്. മലയാളത്തിലെ സിനിമയിലെ തലമുറകൾ തമ്മിലുള്ള യുദ്ധമായി വിവാദം വളർന്നിട്ടുണ്ട്. പ്രേമം ചോർന്നതിന് പിന്നിൽ നിവിൻ പോളി എന്ന സൂപ്പർതാര പദവിയിലേക്ക് കുതിക്കുന്ന നടനെ ഒതുക്കാനുള്ള നീക്കമായി കാണുന്നവരുമുണ്ട്. ഇതിനിടെ സിനിമയുടെ വ്യാജൻ പുറത്തുവിട്ടത് സംവിധായകൻ പ്രിയദർശനാണെന്ന ആരോപണവും ശക്തമായി. ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷവൻ പ്രസിഡന്റ് ലിബർട്ടി ബഷീറാണ്.

സംവിധായകരായ പ്രിയദർശന്റെയും ബി ഉണ്ണികൃഷ്ണന്റെയും സ്ഥാപനങ്ങളിൽ നിന്നുമാണ് പ്രിന്റ് ചോർന്നതെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു. പ്രേമം സിനിമയുടെ പ്രിന്റുകൾ ചോർന്നത് പ്രിയദർശന്റെ ചെന്നൈയിലുള്ള ലാബിൽ നിന്നോ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയിൽ നിന്നുമാകാമെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.

എന്നാൽ സാങ്കേതിക പരിജ്ഞാനമില്ലാത്ത വിശദീകരണമാണ് ലിബർട്ടി ബഷീറിന്റേതെന്ന് ഫെഫ്ക പ്രഡിഡന്റും വിസ്മയ സ്‌റ്റോഡിയോ മാനേജിങ് ഡയറക്ടറുമായ ഉണ്ണിക്കൃഷ്ണൻ മറുപടി പറഞ്ഞു. പ്രേമം സിനിമയുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്ന സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണങ്ങളുമായി ഫിലിം എക്‌സിറ്റിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്. എന്നാൽ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷൻ ജോലികളൊന്നും വിസ്മയ സ്റ്റുഡിയോയിൽ നടന്നിട്ടില്ലെന്നും സെൻസർ കോപ്പി ഹാർഡ് ഡിസ്‌കിലേക്ക് കൺവേർട്ട് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.

അതിനിടെ പ്രേമം സിനിമയുടെ അവസാനവട്ട എഡിറ്റിങ്ങ് നടന്ന സ്റ്റുഡിയോയിൽ നിന്നാകാം സിനിമയുടെ പകർപ്പ് ചോർന്നതെന്ന് ഐടി വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത്. വ്യാജ ഐപി വിലാസം ഉപയോഗിച്ച് ഇന്ത്യക്കകത്തു നിന്നുതന്നെ ചിത്രം അപ്‌ലോഡു ചെയ്തതാകാമെന്ന സംശയമാണ് ബലപ്പെടുന്നത്. പ്രേമം സിനിമയുടെ സെൻസർ ചെയ്ത കോപ്പി കാനഡയിലെ സെർവറിൽ എത്തിയത് അവസാനവട്ട എഡിറ്റിങ് നടന്ന സ്റ്റുഡിയോയിൽ നിന്നാകാമെന്നാണ് ഐടി വിദഗ്ധനായ വർഗീസ് ബാബു പറയുന്നത്.

സിനിമ അപ് ലോഡ് ചെയ്തത് കാനഡയിൽ നിന്നാണെന്ന് സൈബർ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. പകർപ്പവകാശ നിയമം ലംഘിച്ച് സിനിമ ഡൗൺലോഡ് ചെയ്താൽ ഉറവിടം കണ്ടെത്തുന്നതിനുള്ള സോഫ്ട് വെയർ കണ്ടുപിടിച്ച് വർഗീസ് നേരത്തെ തന്നെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ഹാക്കർമാരുടെ സാന്നിധ്യം സംബന്ധിച്ച് സംവിധായകർ ബോധവാന്മാരാണെന്നിരിക്കെ , സൈബർ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണെന്നും ഈ െഎടി വിദഗ്ധൻ അഭിപ്രായപ്പെടുന്നു.

അതേസമയം പ്രേമം സിനിമയുടെ വ്യാജ കോപ്പികൾ പ്രചരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. അനധികൃതമായി ഒരു സിനിമ കാണുന്നതിനോ ഷെയർ ചെയ്യുന്നതിനോ മുൻപ് അതിന്റെ പിന്നിലുള്ള പ്രയത്‌നത്തെക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് ഒരു ജീവിതമാണ്. ഇത് പ്രേമത്തിന്റെ മാത്രം പ്രശ്‌നമല്ല. പൈറസിയിൽ കൊല ചെയ്യപ്പെടുന്നത് ഓരോ കലാസൃഷ്ടിയാണ്. അൻവർ റഷീദിന് എല്ലാ പിന്തുണയും നൽകുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തണമെന്ന് നിവിൻ പോളി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. സെൻസർ കോപ്പി ലീക്ക് ചെയ്തവനെ കണ്ടുപിടിക്കണം. ഇന്ന് നിങ്ങൾ മൗനം പാലിച്ചാൽ നാളെ ഇതേ ആവശ്യത്തിനായി നിങ്ങൾ ശബ്ദം ഉയർത്തുമ്പോൾ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്. സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കിൽ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ് ഇപ്പോൾ ഇത്. പക്ഷെ ഇത് നാളെ റിലീസ് ചെയ്യാൻ ഇരിക്കുന്ന എല്ലാ സിനിമകൾക്കും ബാധകമാണ് നിവിൻ പോളി - ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

അതേസമയം പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതുമായി ഇതുവരെ ഒമ്പത് പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റിലായിട്ടുണ്ട്. എന്നാൽ വിവാദം മുറുകവേ സിനിമാ രംഗത്ത് ചേരിതിരിഞ്ഞ് അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ഇത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.