തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സംഘപരിവാർ കാപട്യം ഓരോന്നോരോന്നായി പുറത്തുവരികയാണ്. സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ൽ കോടതിയെ സമീപിച്ച അഭിഭാഷകമാരിൽ ഒരാളായ പ്രേരണ കുമാരിയാണിപ്പോൾ സ്ത്രീപ്രവേശനത്തിനെതിരെ സേവ് ശബരിമല എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 'സേവ് ശബരിമല, ആചാരങ്ങളെ രക്ഷിക്കുക' 'ശബരിമലയെ സംരക്ഷിക്കൂ, ഹിന്ദുയിസത്തെ സംരക്ഷിക്കൂ,' 'ഞാനൊരു സ്ത്രീ, ഹിന്ദു ആചാരങ്ങളെ ബഹുമാനിക്കുന്നു'. എന്നായിരുന്നു അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

എന്നാൽ തന്റെ ഉള്ളിലിരിപ്പ് പ്രകടമാക്കിയതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള വിമർശനമാണ് പ്രേരണകുമാരിയുടെ നിലപാടിനെതിരെ ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവർ പിൻവലിക്കുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ സിദ്ധാർഥ് ശംഭുവിന്റെ ഭാര്യയാണ് പ്രേരണ കുമാരി.

സ്ത്രീപ്രവേശനം ശബരിമലയിൽ വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് കേരള സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിട്ട് വർഗീയ കലാപമുണ്ടാക്കാനും ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ ശ്രമം തന്നെയാണ് പ്രേരണ കുമാരിയും സ്വീകരിച്ചിരിക്കുന്നത് എന്നത് ഈ നിലപാടുമാറ്റത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.