മെൽബൺ: സർക്കാർ സഹായം വെട്ടിച്ചുരുക്കുന്നത് പ്രീസ്‌കൂൾ, കിന്റർഗാർട്ടൻ ഫീസുകളിൽ വൻ വർധനയ്ക്ക് കളമൊരുക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസത്തെ ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിട്ടില്ലാത്തതിനാൽ പ്രീസ്‌കൂൾ, കിന്റർഗാർട്ടൻ ഫീസുകളിൽ 70 ശതമാനം വർധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തുന്നത്.

യൂണിവേഴ്‌സൽ ആക്‌സസ് ടു ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ എന്ന പദ്ധതിക്കാണ് സർക്കാർ സഹായം വെട്ടിച്ചുരുക്കുന്നത്. 1.6 ബില്യൺ ഡോളറിലധികം ചെലവു വരുന്ന പദ്ധതിക്കുള്ള സഹായം അടുത്ത ബജറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ Universal Access to Early Childhood Education scheme എന്ന പദ്ധതി നടപ്പാക്കണമെങ്കിൽ പൊതുജനങ്ങളിൽ നിന്നുള്ള സഹായത്തിന്റെ പിൻബലത്തിന്റെ ആവശ്യവുമുണ്ട്. എന്നാൽ ഇതിന്റെ ഭാരം പൂർണമായി വഹിക്കേണ്ടിവരിക കുട്ടികളുടെ മാതാപിതാക്കളാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ പ്രീസ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും 70 ശതമാനം ഫീസ് വർധന നടപ്പാക്കിയേ പറ്റൂ. ഇനി ഫീസ് വർധന നടപ്പാക്കാൻ മടിക്കുന്ന പ്രീസ്‌കൂളുകളും കിന്റർഗാർട്ടനുകളും അവരുടെ പ്രവർത്തന സമയത്തിൽ വെട്ടിച്ചുരുക്കൽ നടത്തുമെന്നും ഏർലി ലേണിങ് അസോസിയേഷൻ ഓസ്‌ട്രേലിയ സിഇഒ ഷേൻ ലൂക്കാസ് വ്യക്തമാക്കുന്നു. ഫീസ് വർധിപ്പിക്കാത്ത പ്രീസ്‌കൂളുകളും കിന്റർഗാർട്ടനുകളും 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തി സമയം വെട്ടിച്ചുരുക്കിയേക്കാം. കൂടാതെ സ്റ്റാഫുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ഒരുപക്ഷേ, ജോലി നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യവും ഉടലെടുത്തേക്കാമെന്ന് ഷേൻ ലൂക്കാസ് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ സംസ്ഥാന- ഫെഡറൽ സർക്കാരുകൾ 15 മണിക്കൂർ വരെയുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് സബ്‌സിഡി നൽകിവരുന്നുണ്ട്. പ്രീസ്‌കൂളുകൾ പ്രവർത്തന സമയം വെട്ടിച്ചുരുക്കുന്നത് വളരെ നിർണായകമായ കാര്യമാണെന്ന് ഏർലി ചൈൽഡ്ഹുഡിലെ തന്നെ സാം പേജ് എടുത്തുപറയുന്നു. അത്  സ്‌കൂളിലേക്ക് പോകാൻ ഒരുങ്ങുന്ന കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വികസനത്തെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ