വിക്ടോറിയ: വേതന വർധന ആവശ്യപ്പെട്ടുകൊണ്ട് വിക്ടോറിയയിലെ പ്രീസ്‌കൂൾ ടീച്ചർമാർ ഓഗസ്റ്റ് 13ന് പണിമുടക്കുന്നു. 24 മണിക്കൂർ നീണ്ടു നിൽക്കുന്ന സമരത്തിൽ 60 പ്രീസ്‌കൂളുകളിലെ ആയിരത്തിലധികം ടീച്ചർമാരാണ് പണിമുടക്കുന്നത്. രണ്ടു വർഷത്തെ വേതന തർക്കമാണ് ടീച്ചർമാരെ പണിമുടക്കിലേക്ക് നയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിന് മുമ്പ് ആൻഡ്രൂസ് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നാണ് യൂണിയൻ ആരോപിക്കുന്നത്. രണ്ടു വർഷത്തെ വേതന തർക്കം ഉടൻ പരിഹരിക്കാമെന്ന് സർക്കാർ വാക്കു നൽകിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയന്റെ വിക്ടോറിയ ബ്രാഞ്ച് നേതാക്കൾ പറയുന്നു. പണിമുടക്കിനോട് അനുബന്ധിച്ച് രാവിലെ അഥീനിയം തിയേറ്ററിനു സമീപം യൂണിയൻ റാലി സംഘടിപ്പിക്കും. പിന്നീട് വിക്ടോറിയൻ പാർലമെന്റിലേക്ക് ജാഥ നയിക്കുകയും ചെയ്യും.

സ്റ്റേറ്റ് ഗവൺമെന്റ് വേജ് പോളിസി അനുസരിച്ച് 2.5 ശതമാനം വേതന വർധനയേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാരിന്റെ ഈ നയത്തോട് യൂണിയൻ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രീ സ്‌കൂൾ ടീച്ചേഴ്‌സിന്റെ വേതന വർധനയ്ക്കുള്ള ഫണ്ടിങ് വർധിപ്പിക്കണമെന്നും മറ്റു സ്‌കൂൾ ടീച്ചേഴ്‌സുമായുള്ള വേതനത്തിൽ ഏറെ അന്തരം നിലനിൽക്കാൻ പാടില്ലെന്നുമാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

പ്രീസ്‌കൂൾ ടീച്ചേഴ്‌സിന്റെ വേതനത്തിന് ആവശ്യമായ ഫണ്ടിങ് നടത്തുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്നും യൂണിയൻ ആരോപിക്കുന്നു. മറ്റു ടീച്ചേഴ്‌സുമായി വേതനത്തിന്റെ കാര്യത്തിൽ എട്ടു മുതൽ 13.5 ശതമാനം വ്യത്യാസമാണ് പ്രീസ്‌കൂൾ ടീച്ചേഴ്‌സിന് ഉള്ളതെന്നും ഇതിൽ ആൻഡ്രൂസ് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

പ്രീസ്‌കൂൾ ടീച്ചേഴ്‌സിന് ഉള്ള അമിത ജോലി ഭാരത്തിനും പുറമേ കുറഞ്ഞ വേതനം കൂടിയാകുമ്പോൾ ഇത് ഒട്ടും ന്യായീകരിക്കാൻ പറ്റാത്തതാണെന്നും ഏർലി ലേണിങ് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഷേയ്ൻ ലൂക്കാസ് വെളിപ്പെടുത്തി.