ന്നലെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥം കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകൾ ഇടയ്ക്കിടക്ക് നടത്താതെ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു രാഷ്ട്രപതി ആവശ്യപ്പെട്ടത്. ലോക്‌സഭ ഇക്കൊല്ലമൊടുവിൽ പിരിച്ചുവിട്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താൻ ബിജെപി. തയ്യാറായേക്കുമെന്നതിന്റെ സൂചനയാണ് രാഷ്ട്രപതിയുടെ പ്രസംഗം നൽകുന്നതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന്.

തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന പക്ഷക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം എന്തായാലും ആ ചർച്ചകൾക്ക് ഔദ്യോഗിക സ്വഭാവം നൽകിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകൾ ഇടയ്ക്കിടയ്ക്ക് വരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണെന്ന് രാഷ്ട്രപതി പറയുന്നു. ചെലവുകൾ വർധിക്കുന്നുവെന്നതിനെക്കാൾ, മനുഷ്യശേഷി അനാവശ്യമായി ചെലവഴിക്കേണ്ടതായും വരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നുവെന്നതാണ് മറ്റൊരു പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം നിലവിൽവന്നുകഴിഞ്ഞാൽ, കേന്ദ്ര സർക്കാരിനും ക്ഷേമപ്രവർത്തനങ്ങളും വികസനപ്രവർത്തങ്ങളും നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇത് രാജ്യത്തിന്റെ വികസനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടന്നതിനെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും സമവായത്തിലെത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ, എൻ.ഡി.എ. നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ കാര്യം ഉന്നയിച്ചു. തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ചചെയ്യണമെന്നും ഇക്കാര്യത്തിൽ പോസിറ്റീവായ ചിന്താഗതി വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തുന്നത് സംബന്ധിച്ച് മോദി മുമ്പും ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ആവർത്തിച്ചുവരുന്ന തിരഞ്ഞെടുപ്പുകൾ വികസനത്തിനും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാൽ, തിരഞ്ഞെടുപ്പുകൾ ഒരേസമയത്താക്കുന്നത് സംബന്ധിച്ച് കോൺഗ്രസ്സിന് അഭിപ്രായമില്ല. ഗുജറാത്തിലെ തിരഞ്ഞെടുപ്പും ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പും ഒരേ സമയത്താക്കിയതിനെ കോൺഗ്രസ് അടുത്തിടെ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പുകൾ ഒരേസമത്താക്കുകയെന്ന മോദിയുടെ ആവശ്യത്തിന് വഴങ്ങുകയാണ് കമ്മിഷൻ ചെയ്തതെന്നായിരുന്നു കോൺഗ്രസ്സിന്റെ ആരോപണം. ബിജെപി. സർക്കാരിനെതിരെ വിവിധ സംസ്ഥാനങ്ങളിലുയരുന്ന ഭരണവിരുദ്ധ വികാരത്തെ തടയിടാനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേ സമയത്ത് നടത്തണമെന്ന് മോദി ആവശ്യപ്പെടുന്നതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

എന്നാൽ, ലോക്‌സഭാ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബിജെപിക്ക് ഇപ്പോൾ സാധിക്കും. ഇക്കൊല്ലമൊടുവിൽ ലോക്‌സഭ പിരിച്ചുവിടുകയും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തുവാനും സാധിക്കും. അങ്ങനെ വന്നാൽ, സംസ്ഥാനങ്ങൾ നിലനിർ്ത്തുക ബിജെപിക്ക് ശ്രമകരമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനൊപ്പം, പിന്നീട് തിരഞ്ഞെടുപ്പ് നടക്കേണ്ട തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനും ശ്രമം നടന്നേക്കും.