വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ട് വിമാനത്തിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണതിനു കാരണം കാറ്റെന്ന് വൈറ്റ്ഹൗസ്. പ്രസിഡണ്ടിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, പൂർണ്ണാരോഗ്യവാനാണെന്നും അറിയിപ്പ്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്നും അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറാൻ ഒരുങ്ങവേയാണ് ജോ ബൈഡന് അടിതെറ്റിയത്. ഒന്നല്ല, രണ്ടല്ല, മൂന്നു പ്രാവശ്യമാണ് പ്രസിഡണ്ട് താഴെ വീണത്. മൂന്നാമത്തെ തവണ മുട്ടുകുത്തി വീണ ബൈഡനെ താങ്ങിയെടുത്ത് വിമാനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ബൈഡൻ വിമാനത്തിൽ കയറിയ ഉടനെ വൈറ്റ്ഹൗസ് ഡെപ്യുട്ടി പ്രസ്സ് സെക്രട്ടറി കരീൻ ജീൻ പിയാറെ പ്രസിഡണ്ട് പൂർണ്ണ ആരോഗ്യവാനാണെന്നറിയിച്ചു. പുറത്ത് അതിശക്തമായ കാറ്റുണ്ടായിരുന്നു എന്നും, തനിക്കും ഒന്നുരണ്ടുതവണ അടിതെറ്റി എന്നും അവർ കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് വിമാനത്തിൽ കയറുന്ന സമയത്ത് മണിക്കൂറിൽ 19 മൈൽ വേഗത്തിലായിരുന്നു പുറത്ത് കാറ്റ് വീശിയിരുന്നത്. അംഗീകൃത ബ്യുഫോർട്ട് സ്‌കെയിൽ (കാറ്റിന്റെ വേഗത അളക്കുന്ന അളവ്) പ്രകാരമുള്ള കണക്കിനനുസരിച്ച് ഇളങ്കാറ്റ്, മന്ദമാരുതൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്ര മാത്രം വേഗതയുള്ള കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അറ്റലാന്റയിൽ എത്തിയശേഷം, തന്റെ എ എഫ് 2 വിമാനത്തിൽ വൈസ്പ്രസിഡണ്ട് കമലാ ഹാരിസ് എത്തുന്നതുവരെ ബൈഡൻ തന്റെ വിമാനത്തിനകത്തു തന്നെ കഴിച്ചുകൂട്ടി. എ എഫ് 1 ലേക്ക് കയറിയ കമലാ ഹാരിസ് പിന്നീട് ബൈഡന് തൊട്ടുപുറകെ ഇറങ്ങുകയായിരുന്നു. പരിപാടികളുടെ അജണ്ട തീരുമാനിക്കുന്നതിനായിട്ടായിരുന്നു വൈസ് പ്രസിഡണ്ടിനു വേണ്ടി കാത്തിരുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

കുറച്ചുനാളുകളായി ചില വേദികളിൽ ബൈഡൻ കാണിക്കുന്ന ചില ആശയക്കുഴപ്പങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകൾ ഉയർത്തിയിരുന്നു. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ഓർമ്മ, തിരിച്ചറിയൽ ശക്തി എന്നിവ സംബന്ധിച്ച്. ബൈഡനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകർ ഈ വീഴ്‌ച്ച ഉടനടി റിപ്പോർട്ട് ചെയ്തെങ്കിലും എകദേശം 30 മിനിറ്റ് വരെ അത് ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെട്ടില്ല. മാത്രമല്ല, പല പരധാന മാധ്യമങ്ങളുടെയും വെബ്സൈറ്റുകളിൽ നിന്ന് ഈ വാർത്ത ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയുമാണ്. ഇതുതന്നെ, മാധ്യമങ്ങൾ ബൈഡന് അനുകൂലമായി നിൽക്കുന്നു എന്നതിന്റെ സൂചനയാണെന്ന ആരോപണവുമായി ഡൊണാൾഡ് ട്രംപ് ജൂനിയർ രംഗത്തുവന്നു.

ബൈഡന്റെ വാക്കുകൾക്ക് അറം പറ്റുമോ ?

നാവിൽ ഗുളികൻ കയറിയ സമയത്ത് അറിയാതെയാണെങ്കിലും എന്തെങ്കിലും പറഞ്ഞുപോയാൽ അത് സംഭവിക്കുമെന്ന് പണ്ട് നാട്ടിൻപുറത്തെ കാരണവന്മാർ പറയാറുണ്ടായിരുന്നു. വിമാനത്തിൽ കയറുന്നതിനിടക്ക് കാലിടറിവീണ ജോ ബൈഡന്റെ നാവിൽ അത്തരത്തിൽ ഗുളികൻ കയറി ഇരിക്കുകയായിരുന്നോ തൊട്ടു മുൻപത്തെ ദിവസം എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. വ്യാഴാഴ്‌ച്ച നടന്ന പത്രസമ്മേളനത്തിൽ ജോ ബൈഡൻ, കമലാ ഹാരിസിനെ വിശേഷിപ്പിച്ചത് പ്രസിഡണ്ട് എന്നായിരുന്നു.

ഔദ്യോഗിക ചുമതലയേറ്റ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ 100 മില്ല്യൺ കോവിഡ് വാക്സിനുകൾ നൽകുക എന്ന ലക്ഷ്യത്തോട് അടുക്കുകയാണെന്ന് പറഞ്ഞ ബൈഡൻ, താനും പ്രസിഡണ്ട് കമലാ ഹാരിസും കൂടി അരിസോണയിലെ ചില വാക്സിൻ കേന്ദ്രങ്ങളിലൂടെ ഒരു വെർച്ച്വൽ യാത്ര നടത്തി എന്നും പറഞ്ഞു. ആ സമയം, പ്രസിഡണ്ടിന്റെ തൊട്ടു പുറകിൽ നിൽക്കുകയായിരുന്ന കമല പക്ഷെ ബൈഡനെ തിരുത്താൻ നിന്നില്ല. പിന്നീട് ആ പ്രസംഗം പത്രക്കുറിപ്പായി ഇറക്കിയപ്പോൾ കമലയുടെ ശരിയായ പദവി അതിൽ കാണിച്ചിരുന്നു.

ബൈഡനെ ട്രോളി ജൂനിയർ ട്രംപ്

കാറ്റിന്റെ ശക്തികൊണ്ടൊന്നുമല്ലത്രെ ജോ ബൈഡൻ വിമാനത്തിൽ കയറുന്നതിനിടയിൽ മൂന്നു തവണ കാലിടറി വീണത്. തന്റെ പിതാവ്, മുൻപ്രസിഡണ്ടിന്റെ ഗോൾഫ് ബോൾ കൊണ്ടാണെന്നാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ പറയുന്നത്. അതി മനോഹരമായി എഡിറ്റ് ചെയ്ത ഒരു വീഡിയോ പൊസ്റ്റിലൂടെയാണ് ഈ അസാമാന്യ ട്രോൾ വരുന്നത്. ഒരു ഗോൾഫ് കോഴ്സിൽ കളിച്ചുകൊണ്ടു നിൽക്കുന്ന ട്രംപ്, മുന്നിലിരിക്കുന്ന പന്തിനെ ആഞ്ഞടിക്കുന്നു. അത് പാഞ്ഞുവന്ന് ബൈഡന്റെ തലക്ക് പുറകിൽ ആഞ്ഞു പതിക്കുകയും അതിന്റെ ആഘാതത്തിൽ ബൈഡൻ നിലത്തു വീഴുകയും ചെയ്യുന്നതാണ് ആ വീഡിയോ.

കാറ്റല്ലത് സുഹൃത്തുക്കളേ എന്ന തലക്കെട്ടോടുകൂടിയാണ് ജൂനിയർ ട്രംപ് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് വിമാനത്തിൽ കയറുന്നതിനിടയിൽ കൈവരിയിൽ ഒന്നു പിടിച്ചപ്പോൾ ട്രംപിനെതിരെ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഇവിടത്തെ മാധ്യമങ്ങൾ ഇപ്പോൾ ബൈഡൻ മൂന്നു തവണ വീണിട്ടും മൗനം പൂണ്ടിരിക്കുകയാണെന്നും ജൂനിയർ ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചു. ഒരു ഇളങ്കാറ്റ് തട്ടി താഴെയിടാൻ മാത്രം ദുർബലനാണോ അമേരിക്കയുടെ പ്രസിഡണ്ട് എന്നും അദ്ദേഹം ട്വീറ്ററിലൂടെ ചോദിക്കുന്നു.

ബൈഡന്റെ വീഴ്‌ച്ചയെക്കുറിച്ച് മൗനം പൂണ്ട് അമേരിക്കൻ മാധ്യമങ്ങൾ

ഇടതുപക്ഷ ചായ്വുള്ള പ്രധാന അമേരിക്കൻ മാധ്യമങ്ങളെല്ലാം തന്നെ വലിയ പ്രാധാന്യം കൊടുക്കുന്നില്ല, പ്രസിഡണ്ട് വിമാനത്തിൽ കയറുന്നതിനിടയിൽ തുടർച്ചയായി മൂന്നു തവണ വീണ സംഭവത്തിന്. എന്നാൽ, ഇക്കാര്യത്തിൽ പക്ഷാഭേദമൊന്നുമില്ല, ശക്തമായ വലതുചായ്വുള്ള അമേരിക്കൻ ന്യുസ് നെറ്റ് വർക്ക് പോലുള്ള മാധ്യമങ്ങളും പ്രധാന തലക്കെട്ടുകളിൽ ഈ വാർത്ത ഉൾപ്പെടുത്തിയിട്ടില്ല. സി എൻ എനും, എ ബി സിയും ഈ സംഭവത്തിന്റെ വീഡിയോ കാണിച്ചെങ്കിലും വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് പ്രസിഡണ്ട് പൂർണ്ണ ആരോഗ്യവാനാണെന്നു മാത്രമായിരുന്നു പറഞ്ഞത്.

അതേസമയം പല വിദേശ മാധ്യമങ്ങളും ഇത് ഒരു ആഘോഷമാക്കി. ബ്രിട്ടനിലെ പല മാധ്യമങ്ങൾക്കും ഇത് പ്രധാന വാർത്തയായിരുന്നു. സ്പെയിൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന പത്രങ്ങളും തങ്ങളുടെ മുൻപേജ് ബൈഡനുവേണ്ടി മാറ്റിവച്ചിരുന്നു. അമേരിക്കൻ മധ്യമങ്ങൾ ഈ വാർത്തക്ക് പ്രാധാന്യം നൽകിയില്ലെന്ന് മാത്രമല്ല, പല പ്രമുഖ അമേരിക്കൻ മാധ്യമങ്ങളുടെയും വെബ്സൈറ്റുകളിൽ നിന്ന് ഈ വാർത്ത അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.