മനില: പ്രസിഡന്റ് റോദ്രിഗോ ഡ്യുടേർടിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു മാഫിയയ്‌ക്കെതിരേ ഫിലിപ്പീൻസിൽ നടന്നുവരുന്ന സന്ധിയില്ലാ പോരാട്ടത്തിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 6000 പേർക്ക്. മയക്കുമരുന്നിന് അടിമകളായ ഒമ്പതു ലക്ഷം പേരെ പിടിച്ചു ജയിലിലും അടച്ചു.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിജയം നേടുകയാണെന്ന് ഫിലിപ്പീൻസ് സർക്കാർ അവകാശപ്പെടുമ്പോൾത്തന്നെ രാജ്യത്തിന്റെ തെരുവുകളിലുടനീളം പൊലീസിന്റെ വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ദിവസേന പ്രത്യക്ഷമാകുന്നു. തെരുവുകളിൽ മരിച്ചുകിടക്കുന്നവരുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം തന്നെ നിറഞ്ഞുകവിഞ്ഞ ജയിലുകളുടെ ചിത്രങ്ങളുമുണ്ട്.

രാജ്യത്തെ മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രസിഡന്റ് റോദ്രിഗോ ആറു മാസം മുമ്പാണ് ക്യാമ്പയിൻ ആരംഭിച്ചത്. ദശലക്ഷണക്കിനു ഡോളറിന്റെ മയക്കുമരുന്നു കണ്ടെടുക്കപ്പെട്ടതിനൊപ്പം രാജ്യത്തെ ജയിലുകളെല്ലാം തന്നെ അറസ്റ്റിലായവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

അറസ്റ്റും വിചാരണയുമൊന്നമില്ലാതെ തെരുവുകളിൽ ആൾക്കാരെ കൊന്നൊടുക്കുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം പ്രസിഡന്റിനെതിരേ രംഗത്തുവന്നിരുന്നെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ല. വേണ്ടിവന്നാൽ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുമെന്നും പ്രസിഡന്റ് റൊദ്രിഗോ ഭീഷണി മുഴക്കി. അതേസമയം, രാജ്യത്ത് അനൗദ്യോഗികമായി പട്ടാള നിയമം നിലനിൽക്കുകയാണെന്നാണ് നിരവധി പേർ കൊല്ലപ്പെട്ട മനിലയിലെ ആർച്ച്ബിഷപ് ബ്രൊഡറിക് പാബില്ലോ പ്രതികരിച്ചത്.

അതേസമയം മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിൽ സർക്കാരിന്റെ പൂർണ പിന്തുണ പ്രസിഡന്റിനുണ്ട്. ഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ പേരിൽ അമേരിക്കയും യൂറോപ്പും ശക്തമായി എതിർത്തിട്ടും ഫിലിപ്പീൻസിലെ 84 ശതമാനം ജനങ്ങളുടെ പിന്തുണ റോദ്രിഗോയ്ക്കുണ്ട്.

അഴിമതിക്കെതിരായ പോരാട്ടത്തിൽ വിവാദ പരാമർശങ്ങൾ നടത്തുന്ന റൊദ്രിഗോ വൻ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ മേയിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം ക്രിമിനലുകളെ വധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യം തന്നെ. 2022 ലാണ് പ്രസിഡന്റ് കാലാവധി അവസാനിക്കുന്നത്.

അഴിമതിക്കാരെ ഹെലികോപ്റ്ററിൽനിന്നു താഴെയിട്ടു കൊന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യുമെന്നും റോദ്രീഗോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കുറച്ചുനാൾ മുൻപ്, താൻ ഹിറ്റ്ലറാണെന്നും ലഹരിമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ഫിലിപ്പീൻസിലെ 30 ലക്ഷത്തോളം പേരെ കൂട്ടക്കൊല ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഡ്യൂടേർട് പറഞ്ഞിരുന്നു.

മയക്കുമരുന്നിനെ ദേശീയസുരക്ഷാ ഭീഷണിയായിട്ടും പൊതുജനാരോഗ്യ പ്രശ്‌നമായിട്ടുമാണ് ഫിലിപ്പീൻസ് സർക്കാർ പരിഗണിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവരെ താമസിപ്പിക്കാനായി രാജ്യത്തുടനീളം പുനരധിവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതും വെല്ലുവിളിയാണെന്ന് സർക്കാർ പറയുന്നു.

പ്രസിഡന്റ് റൊദ്രിഗോയുടെ നേതൃത്വത്തിലുള്ള കാമ്പയിൻ ആരംഭിച്ചതിനുശേഷം രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതായും അവകാശപ്പെടുന്നു. മുമ്പു നടന്നിരുന്ന കുറ്റകൃത്യങ്ങളിൽ പലതും മയക്കുമരുന്നുമായി ബന്ധപ്പെട്ടതായിരുന്നു.