- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസത്തിൽ അഞ്ച് ലക്ഷം രൂപ ശമ്പളം; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നു; നികുതി നൽകുന്നത് വികസനത്തിനായി;എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യർത്ഥനയുമായി രാഷ്ട്രപതി
ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിനായി ആളുകൾ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഞാൻ എല്ലാ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയടക്കുന്നത്. എനിക്ക് മാസത്തിൽ അഞ്ചു ലക്ഷം രൂപ ലഭിക്കുന്നുവെന്ന് എല്ലാവരും പറയും. പക്ഷേ അതിന് നികുതിയുമുണ്ട്. ഉത്തർപ്രദേശിലെ ജന്മനാട്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഞാനും നികുതി അടക്കുന്നുണ്ട്. നികുതി അടച്ച ശേഷം തനിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
'ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നില്ലെന്ന് പറഞ്ഞ് നമ്മൾ അത് തടയുകയും ചിലപ്പോൾ ട്രെയിനിന് തീയിടുകയും ചെയ്യുന്നു. ആർക്കാണ് അതുകൊണ്ട് നഷ്ടം വരുന്നത്. ഇത് സർക്കാരിന്റെ സ്വത്താണെന്ന് ചില ആളുകൾ പറയും. എന്നാൽ ഇത് നികുതിദായകന്റെ പണമാണ്. എല്ലാവർക്കും അതറിയാം. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളമുള്ളയാൾ രാഷ്ട്രപതിയാണ്. എന്നാൽ അതിന് ആനുപാതികമായി നികുതിയും നൽകുന്നുണ്ട്. ഞാൻ എല്ലാ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയടക്കുന്നത്. എനിക്ക് മാസത്തിൽ അഞ്ചു ലക്ഷം രൂപ ലഭിക്കുന്നുവെന്ന് എല്ലാവരും പറയും. പക്ഷേ അതിന് നികുതിയുമുണ്ട്. അത് കഴിഞ്ഞ എത്ര ബാക്കിയുണ്ടാകും. ഞാൻ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ നമ്മുടെ ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുണ്ടാകും. ഇവിടെ അദ്ധ്യാപകരുണ്ട്. അവരാണ് കൂടുതൽ സമ്പാദിക്കുന്നത്. വികസനത്തിനായാണ് നികുതി നൽകുന്നതെന്ന് പറയാനാണ് ഞാനിത്രയും പറഞ്ഞത്. അപ്പോൾ എല്ലാ നഷ്ടങ്ങളും എന്റേതും നിങ്ങളുടേതുമാണ്' രാഷ്ട്രപതി പറഞ്ഞു.
ഒരു ഗ്രാമത്തിൽ നിന്നുള്ള തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവി ലഭിക്കുമെന്ന് സ്വപ്നങ്ങളിൽ പോലും താൻ ചിന്തിച്ചിരുന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. താൻ എവിടെയെങ്കിലും എത്തിച്ചേർന്നെങ്കിൽ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ട്രെയിനിലാണ് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കാൺപുരിലേക്ക് പോയത്. വെള്ളിയാഴ്ച സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാൺപുരിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതിയുടെ യാത്ര.
15 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നതെന്ന് പ്രത്യേകത കൂടി രാംനാഥ് കോവിന്ദിന്റെ യാത്രയ്ക്കുണ്ട്. 2006ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്തത്.
ന്യൂസ് ഡെസ്ക്