ബെംഗളൂരു: മൈസൂരു രാജാവായിരുന്ന ടിപ്പുസുൽത്താനെ പുകഴ്‌ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബ്രിട്ടീഷുകാരെ ചെറുത്ത് വീരചരമം വരിച്ച മഹാനായ പോരാളിയാണ് ടിപ്പുവെന്ന് രാഷ്ട്രപതി, കർണാടക നിയമസഭാ-നിയമനിർമ്മാണ കൗൺസിൽ സംയുക്തസമ്മേളനത്തെ അഭിസംബോധനചെയ്യവേ പറഞ്ഞു. ഇകഴ്‌ത്തുന്ന സമീപകാല ബിജെപി.-സംഘപരിവാർ നിലപാടിന് വിരുദ്ധമായ പരാമർശവുമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പരാമർശത്തിൽ അതൃപ്തിയറിയിച്ച് ബിജെപി. നേതാക്കൾ പിന്നീട് രംഗത്തെത്തി.

രാഷ്ട്രപതിയാകുന്ന ആദ്യ ആർഎസ്എസുകാരനാണ് കോവിന്ദ്. അതുകൊണ്ട് കൂടിയാണ് ബിജെപിക്കാർക്ക് ഈ പ്രസംഗം തിരിച്ചടിയാകുന്നത്. സംഭവത്തിൽ വിശദീകരണത്തിന് രാഷ്ട്രപതി തയ്യാറായിട്ടുമില്ല. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രപതിയുടെ പ്രസംഗവും കർണ്ണാടകത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

വികസനത്തിന്റെ വഴികാട്ടിയായിരുന്നു ടിപ്പുവെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു. യുദ്ധങ്ങളിൽ ടിപ്പു 'മൈസൂരു റോക്കറ്റുകൾ' പ്രയോഗിച്ചു. ഈ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ ഏറ്റെടുക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു. കർണാടക വിധാനസൗധയുടെ വജ്രജൂബിലിയുടെ ഭാഗമായാണ് സഭാസംയുക്തസമ്മേളനം നടന്നത്. കർണാടകത്തിൽ ടിപ്പുജയന്തി ആഘോഷിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് സർക്കാരും പ്രതിപക്ഷമായ ബിജെപി.യും തമ്മിൽ പോരുമുറുകുന്നതിനിടെയാണ് രാഷ്ട്രപതി, ടിപ്പുസുൽത്താനെ പുകഴ്‌ത്തിയത്.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്കായി കർണാടകത്തിലെ ആദ്യകാല ഭരണാധികാരികളും പട്ടാളക്കാരും രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും നൽകിയ സംഭാവനകൾ പരാമർശിക്കുന്നതിനിടെയാണ് ടിപ്പുവിന്റെ പങ്ക് പരാമർശിക്കപ്പെട്ടത്. രാഷ്ട്രപതിയുടെ പരാമർശങ്ങൾ കൈയടിയോടെയാണ് ഭരണകക്ഷി അംഗങ്ങൾ സ്വീകരിച്ചത്. എന്നാൽ, പ്രതിപക്ഷാംഗങ്ങൾ മൗനംപാലിച്ചു.

ടിപ്പുവിനെ പുകഴ്‌ത്തി സർക്കാർ എഴുതിക്കൊടുത്ത വാചകങ്ങൾ രാഷ്ട്രപതി വായിക്കുകയായിരുന്നുവെന്ന് സംസ്ഥാനത്തെ മുതിർന്ന ബിജെപി. നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ പിന്നീട് പറഞ്ഞു. രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും കുറ്റപ്പെടുത്തി. എന്നാൽ, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയാണ് പ്രസംഗം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.