- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ സ്വീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത് ഡൽഹിയിലെ ആർ.ആർ ആശുപത്രിയിലെത്തി
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിഡ് വാക്സിനേഷന് വിധേയനായി. ഡൽഹിയിലെ ആർ.ആർ ആശുപത്രിയിലെത്തിയാണ് അദ്ദേഹം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി വാക്സിൻ സ്വീകരിച്ചത്.
മാർച്ച് ഒന്നിന് രണ്ടാംഘട്ടം ആരംഭിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷ് വർധൻ തുടങ്ങിയവർ വാക്സിൻ സ്വീകരിച്ചിരുന്നു.അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.
അതിനിടെ, കോവിഡ് വാക്‌സിൻ ഇനി ജനങ്ങളുടെ സൗകര്യം അനുസരിച്ച് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷനുള്ള സമയ പരിധി നീക്കിയതായി ആരോഗ്യമന്ത്രി ഹർഷ വർധൻ അറിയിച്ചു. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങൾക്കു വാക്സിൻ സ്വീകരിക്കാം. വാക്‌സിനേഷന്റെ വേഗം കൂട്ടാനാണ് സർക്കാർ തീരുമാനം, കേന്ദ്ര ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു.''ദിവസത്തിൽ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങൾക്കു വാക്സിനെടുക്കാം.ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്ല ബോധ്യമുണ്ട്'' - ഹർഷ വർധൻ ട്വിറ്ററിൽ കുറിച്ചു.
വാക്സിനേഷൻ കേന്ദ്രങ്ങൾ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്സിനേഷൻ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാൻ സൗകര്യമൊരുക്കണം. വാക്സിനേഷനു വേഗം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.
രണ്ടാം ഘട്ട വാക്‌സിനേഷൻ തിങ്കളാഴ്ചയാണ് തുടങ്ങിയത്. മുതിർന്നവർക്കും 45 വയസിന് മേൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇതിനായി ഇതുവരെ കോവിൻ പോർട്ടൽ വഴി അൻപതു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചു ലക്ഷം പേർക്ക് ഇന്നലെ വൈകിട്ടു വരെ വാക്സിൻ നൽകി. രണ്ടാം ഘട്ടത്തിൽ 10 കോടിയോളം പേർക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളെയും വാക്‌സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
60 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് ദേശീയ തലത്തിൽ സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾ എല്ലാ സാധ്യതകളും ഉപയോഗിച്ച് വാക്‌സിനേഷന്റെ വേഗം കൂട്ടണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ