ന്യൂഡൽഹി: അധികാരമേറ്റാലുടൻ അമേരിക്കയിലും ബ്രിട്ടനിലുംപോയി അവിടുത്തെ നേതാക്കളുമായി ചങ്ങാത്തം സ്ഥാപിക്കാനാണ് പൊതുവെ ലോകനേതാക്കളെല്ലാം ശ്രമിക്കുക. എന്നാൽ, ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇവിടെ തീർത്തും വ്യത്യസ്തനാണ്. തന്റെ മൂന്നാമത്തെ വിദേശ സന്ദർശനത്തിന് ഏപ്രിൽ ഏഴിന് പുറപ്പെടുന്ന രാഷ്ട്രപതി പോകുന്നത് ആഫ്രിക്കൻ രാജ്യങ്ങളായ ഇക്വറ്റോറിയൽ ഗിനിയിലേ്ക്കും സ്വാസിലാൻഡിലേക്കുമാണ്.

ജൂലൈ 25-ന് രാഷ്ട്രപതിയായി ചുമതലയേറ്റശേഷം മൂന്നാമത്തെ വിദേശ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. മൂന്നും ആഫ്രിക്കയിലേക്കായിരുന്നു. ഒക്ടോബറിൽ ജിബൂട്ടിയിലേക്കും എത്യോപ്യയിലേക്കുമായിരുന്നു ആദ്യ സന്ദർശനം. മാർച്ച് 11 മുതൽ മൗറീഷ്യസിലേക്കും മഡഗസ്സ്‌കറിലേക്കുമായിരുന്നു രണ്ടാമത്തെ സന്ദർശനം. ആഫ്രിക്കൻ ജനതയോടുള്ള പ്രത്യേക മമതയാണ് അദ്ദേഹം തന്റെ യാത്രകൾക്ക് ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

ആഫ്രിക്കയും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് മനസ്സിലാക്കിയാണ് രാഷ്ട്രപതി ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ സഹായമെത്തിക്കാൻ മുതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഫ്രിക്കൻ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും വ്യത്യസ്ത മേഖലകളിൽ സഹകരിക്കാനും അദ്ദേഹത്തിന്റെ സന്ദർശനങ്ങളും ഉപയോഗിച്ചിരുന്നു.

എംപിയായിരുന്ന കാലയളവിൽ രാംനാഥ് കോവിന്ദ് ഒമ്പത് വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അതിലൊന്നും ആഫ്രിക്കൻ രാജ്യങ്ങളുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. തായ്‌ലൻഡ്, നേപ്പാൾ, പാക്കിസ്ഥാൻ, സിംഗപ്പുർ, ജർമനി, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. എന്നാൽ, പ്രസിഡന്റായശേഷം തന്റെ സന്ദർശനങ്ങൾക്ക് ആഫിക്കയിലെ പിന്നോക്ക രാജ്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.

ഏദൻ കടലിടുക്കിലുള്ള ജിബൂട്ടി സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ജിബൂട്ടി. 2016-17 സാമ്പത്തിക വർഷം ജിബൂട്ടിയുമായി 28.4 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യ നടത്തിയത്. അമേരിക്കയുടെയും ജപ്പാന്റെയും ഫ്രാൻസിന്റെയും നാവികസേനകൾക്ക് താവളമൊരുക്കുന്ന ഡിബൂട്ടി ഇന്ത്യക്കും ഏറെ ത്ര്രന്ത പ്രധാനമായ രാജ്യമാണ്.

യെമനിൽ യുദ്ധത്തിനിടെ പെട്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഒട്ടേറെ സഹായങ്ങൾ നൽകിയതും ജിബൂട്ടിയാണ്. ഇതിനോടുള്ള നന്ദി പ്രകാശിപ്പിക്കുന്നതിനുവേണ്ടിക്കൂടിയാണ് രാഷ്ട്രപതി അവിടം സന്ദർശിച്ചത്. ആയിരക്കണക്കിന് ഇ്ന്ത്യക്കാരെയാണ് യെമനിൽനിന്ന് ജിബൂട്ടിവഴി ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തിയത്.

എത്യോപ്യയിൽ 45 വർഷത്തിനുശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. 1972-ൽ വി.വി. ഗിരി പോയശേഷം എത്യോപ്യയിലേക്ക് ഇന്ത്യയുടെ രാഷ്ട്രപതിമാരാരും സന്ദർശനം നടത്തിയിട്ടില്ല. 100 കോടി ഡോളറിന്റെ വ്യാപാരബന്ധമാണ് 2016-17 കാലയളവിൽ ഇന്ത്യയും എത്യോപ്യയുമായി നടത്തിയത്. ഒട്ടേറെ ഇന്ത്യക്കാർ വിവിധ മേഖലകളിൽ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ആഫ്രിക്കയിൽ അതിവേഗം സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് എത്യോപ്യ.

(നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)