- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി പ്രമുഖർ; ജനറൽ ബിപിൻ റാവത്തിനെ പത്മവിഭൂഷൻ നൽകി ആദരിച്ച് രാജ്യം; രാഷ്ട്രപതിയിൽ നിന്നും മക്കൾ ഏറ്റുവാങ്ങി; പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച് ശോശാമ്മ ഐപ്പ്
ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങി പ്രമുഖർ. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ രാജ്യം ആദരിച്ചു. ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക റാവത്തും, തരിണി റാവത്തും രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൻ നൽകിയാണ് രാജ്യം അദ്ദേഹത്തിന് ആദരവറിയിച്ചത്. രാഷ്ട്രപതി ഭവനിൽ വച്ചാണ് പത്മ പുരസ്‌കാരങ്ങൾ നൽകിയത്. രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് ആദരവറിയിച്ചാണ് പത്മ പുരസ്‌കാരം നൽകിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അടക്കം 8 പേർ പത്മഭൂഷൺ ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് രാം നാഥ് കോവിന്ദിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്. കേരളത്തിൽ നിന്ന് നാല് പേരാണ് ഇക്കുറി പുരസ്‌കാരത്തിന് അർഹരായത്. ശോശാമ്മ ഐപ്പിന് പുറമേ കെ പി റാബിയ, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്‌കാരത്തിനർഹരായിരുന്നു.
സാമൂഹിക പ്രവർത്തക കെ വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവർക്ക് ആരോഗ്യപ്രശ്‌നങ്ങളാൽ പുരസ്‌കാരം വാങ്ങാനെത്തിയില്ല. കളരി പയറ്റ് ആചാര്യൻ ശങ്കരനാരായണ മേനോനടക്കം 64 പേർക്ക് അടുത്തയാഴ്ച പുരസ്‌കാരം നൽകും. 128 ജേതാക്കൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്.
ഗീത ട്രസ്റ്റ് ബോർഡ് ചെയർമാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ മകൻ രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു. വെല്ലിങ്ടണിലെ ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെ ഊട്ടിക്കടുത്ത് കുനൂരിൽ വച്ചാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മി 17 ഢ5 ഹെലികോപ്റ്റർ വിമാനത്തിൽ അദ്ദേഹവും ഭാര്യയുമുൾപ്പെടെ 14 പേരാണ് യാത്ര ചെയ്തിരുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ 13 പേരും മരിച്ചു. തുടർന്ന് ചികിത്സയിലായിരിക്കെ ഹെലികോപ്റ്റർ പറത്തിയിരുന്ന വ്യോമസേനാ പൈലറ്റും മരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്