ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെയും ജവാന്മാരുടെയും ശാസ്ത്രജ്ഞരുടെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ കർഷകർ വഹിച്ച പങ്കിനെയും കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനത്തെയും പട്ടാളക്കാരുടെ ത്യ​ഗത്തെയും രാഷ്ട്രപതി തന്റെ പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. 

ഭക്ഷ്യധാന്യങ്ങളിലും പാൽ ഉത്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നുവെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രകൃതിയുടെ പല പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികൾക്കിടയിലും കോവിഡ് മഹാമാരിക്കാലത്തും നമ്മുടെ കർഷകരാണ് കാർഷിക ഉത്പാദനം നിലനിർത്തിയതെന്നും രാഷ്ട്രപതി പറഞ്ഞു. ഈ രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറച്ചതിൽ രാജ്യത്തെ കർഷകരും പട്ടാളക്കാരും ശാസ്ത്രജ്ഞരും വലിയ സംഭാവനയാണ് നൽകിയത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് മരണ സംഖ്യ പിടിച്ചു നിർത്തിയതിലും അവർ വലിയ സംഭാവനയാണ് നൽകിയത്", രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

കോവിഡ് വാക്സിനെടുക്കാനും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂർണ സന്നദ്ധതയോടെയാണ് വാക്സിനേഷൻ യജ്ഞത്തിനായി പ്രവർത്തിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വാക്‌സിൻ എടുക്കാൻ ഈ സന്ദർഭത്തിൽ ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും രാഷ്ട്രപടി പറഞ്ഞു.

പട്ടാളക്കാർ നടത്തിയ ത്യാഗങ്ങളെയും രാഷ്ട്രപതി പരാമർശിച്ചു. "കഴിഞ്ഞ വർഷം പ്രതികൂല സമയമായിരുന്നു, അത് പല മേഖലകളിലും നിഴലിച്ചു. അതിർത്തിയിൽ ഒരു കയ്യേറ്റ നീക്കത്തെ നമ്മൾ നേരിട്ടു, നമ്മുടെ ധീരരായ സൈനികർ ആ ശ്രമം പരാജയപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അവരിൽ 20 പേർക്ക് ജീവൻ കൈവെടിയേണ്ടിവന്നു. ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കും", രാഷ്ട്രപതി കൂട്ടിച്ചേർത്തു.

പ്രാരംഭ ഘട്ടത്തിൽ പരിഷ്കരണത്തിനുള്ള പാത തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങളും കർഷക നന്മ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ, കാർഷിക മേഖലകളിൽ നിയമനിർമ്മാണത്തിലൂടെ ദീർഘകാലമായി നിലനിൽക്കുന്ന പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും രാം നാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.

പ്രതികൂല സാഹചര്യങ്ങൾ പലപ്പോഴും ഒരു മികച്ച അദ്ധ്യാപകന്റെ പങ്ക് വഹിക്കുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. " അത്ഞങ്ങളെ കൂടുതൽ ശക്തരും ആത്മവിശ്വാസമുള്ളവരുമാക്കുന്നു" - രാഷ്ട്രപതി പറഞ്ഞു. "ആ ആത്മവിശ്വാസത്തോടെ, ഇന്ത്യ നിരവധി മേഖലകളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങൾ അതിവേഗം തുടരുകയാണ്. തൊഴിൽ, കാർഷിക മേഖലകളിൽ നിയമനിർമ്മാണത്തിലൂടെ ദീർഘകാലമായി നിലനിൽക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ പരിഷ്കരണത്തിനുള്ള പാത തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാം. എന്നിരുന്നാലും, കർഷകരുടെ ക്ഷേമത്തിനായി സർക്കാർ നിലകൊള്ളുന്നുവെന്നതിൽ സംശയമില്ല- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പരിഷ്കാരമാണ് ഏറെ കാലതാമസം നേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.