ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ഐജി സി നാഗ രാജു ഉൾപ്പടെ കേരള പൊലീസിലെ പത്തു പേർ അർഹരായി.

ഐജി സി നാഗരാജു, എസ് പി ജയശങ്കർ രമേഷ് ചന്ദ്രൻ, ഡി വൈ എസ് പിമാരായ മുഹമ്മദ് കബീർ റാവുത്തർ ,വേണുഗോപാലൻ ആർ കെ, ശ്യാം സുന്ദർ ടി.പി, ബി കൃഷ്ണകുമാർ, സിനീയർ സിപിഒ ഷീബാ കൃഷ്ണൻകുട്ടി, അസ്റ്റിസ്റ്റ് കമ്മിഷണർ എം.കെ ഗോപാലകൃഷ്ണൻ, എസ് ഐ സാജൻ കെ ജോർജ്ജ്, എസ് ഐ ശശികുമാർ ലക്ഷമണൻ എന്നിവരാണ് പൊലീസ് മെഡലിന് അർഹരായത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി ടി.പി അനന്ദകൃഷ്ണൻ, അസം റൈഫിൾസിലെ ചാക്കോ പി ജോർജ്ജ്, സുരേഷ് പ്രസാദ്, ബി എസ് എഫിലെ മേഴ്സി തോമസ് എന്നിവരും മെഡലിന് അർഹരായി.

സ്തുത്യർഹ സേവനത്തിനുള്ള ജയിൽ വകുപ്പ് ജീവനക്കാർക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകൾ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കും ലഭിച്ചു.. ജോയിന്റ് സൂപ്രണ്ട് എൻ രവീന്ദ്രൻ, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോൾ പി എസ് എന്നിവർക്കാണ് മെഡൽ. ഫയർഫോഴ്സ് ജീവനക്കാർക്ക് ഉള്ള രാഷ്ട്രതിയുടെ മെഡൽ കേരളത്തിൽ നിന്ന് അഞ്ച് പേർക്ക് കിട്ടി. വിശിഷ്ട സേവനത്തിനുള്ള മെഡൽ വിനോദ് കുമാർ ടി, സതികുമാർ കെ എന്നിവർക്കും, സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അശോകൻ കെ.വി, സുനി ലാൽ എസ്, രാമൻ കുട്ടി പി.കെ എന്നിവരും അർഹരായി.

രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിക്കാനിരിക്കെ പ്രധാന നഗരങ്ങളിൽ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന റിപബ്ലിക്ക് പരേഡിൽ 99 പേരായിരിക്കും പങ്കെടുക്കുക. സാധാരണയായി സേന ടീമുകളുടെ എണ്ണം 146 ആയിരിക്കും. വിജയ്ചൗക്കിൽ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ അവസാനിപ്പിക്കും.

റിപ്പബ്ലിക് ദിനത്തിൽ ഉപയോഗിക്കുന്ന കടലാസ് നിർമ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിർദ്ദേശം നൽകിയിട്ടുണ്ട്.

1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. നാൾവഴികൾ പിന്നിട്ട് ഇന്ത്യയുടെ സ്വന്തം ഭരണഘടന നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.