- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഭാര്യ ഒബാമയുടെ വൈസ് പ്രസിഡണ്ടായിരുന്നു എന്ന് ജോ ബൈഡൻ; തിരുത്തി പ്രസ്താവന ഇറക്കി വൈറ്റ് ഹൗസും; ഓർമ്മപിശകുമൂലം നിരന്തരം മണ്ടത്തരം പറയുന്ന അമേരിക്കൻ പ്രസിഡണ്ട് മറ്റൊരു വിവാദത്തിൽ
വാഷിങ്ടൺ: വീണ്ടുമൊരു ഓർമ്മപിശക് സംഭവിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വിവാദത്തിലായിരിക്കുകയാണ്. അമേരിക്കൻ നേവിയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പൽ നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കിടയിലായിരുന്നു ബൈഡൻ ഏറ്റവും പുതിയ മണ്ടത്തരം എഴുന്നെള്ളിച്ചത്. ഒബാമ അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത് തന്റെ ഭാര്യ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു എന്നതാണ് ഇത്തവണ അദ്ദേഹം വിളമ്പിയ മണ്ടത്തരം.
സൈനികരുടെ കുടുംബാംഗങ്ങൾക്കായി ജിൽ ബൈഡൻ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളെ അഭിനന്ധിക്കുന്നതിനിടയിലായിരുന്നു പ്രസിഡണ്ടിന് ഇത്തരത്തിലൊരു അബദ്ധം പിണഞ്ഞത്. തന്റെ ഭാര്യ ചെയ്യുന്ന പ്രവർത്തനങ്ങളിൽ തനിക്ക് അഭിമാനമുണ്ട് എന്നുപറഞ്ഞ ബൈഡൻ, ഒബാമ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അന്നത്തെ പ്രഥമവനിത മിഷേൽ ഒബാമയും വൈസ്പ്രസിഡണ്ടായിരുന്ന ജില്ലും ചേർന്ന് ആരംഭിച്ച സംരംഭം ഇന്നും തുടർന്നുകൊണ്ടു പോകുന്നു എന്നാണ് പറഞ്ഞത്.
വൈറ്റ്ഹൗസിന് പ്രസിഡണ്ടിന്റെ പ്രസ്താവന തിരുത്തി കുറിപ്പിറക്കേണ്ടി വന്ന ഏറ്റവും അവസാനത്തെ സന്ദർഭമായിരുന്നു ഇത്. ഞാൻ എന്നതിനു പകരം അറിയാതെ അവർ എന്ന വാക്ക് ഉപയോഗിച്ചു പോയതാണെന്നാണ് വൈറ്റ്ഹൗസ് വിശദീകരിക്കുന്നത്. വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ അവർ തുടങ്ങിയ സംരംഭം എന്നത് ഞാൻ വൈസ് പ്രസിഡണ്ടായപ്പോ അവർ തുടങ്ങിയ സംരംഭം എന്ന് തിരുത്തിക്കൊണ്ട് വൈറ്റ്ഹൗസ് പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
ഈയടുത്ത കാലത്ത് ബൈഡന്റെ ഭരണസംവിധാനങ്ങളിൽ ഉണ്ടായ നിരവധി പിഴവുകൾക്കും അതുപോലെ ബൈഡൻ പരസ്യമായി പറഞ്ഞ പല മണ്ടത്തരങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കും തിരിച്ചറിയൽ ശേഷിക്കും സംഭവിച്ചിരിക്കുന്ന മന്ദതയാണെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ പറയുന്നത്. ഈയടുത്ത കാലത്ത് പോളണ്ടിലെ വാഴ്സയിലുള്ള അമേരിക്കൻ സൈനികരോട് യുക്രെയിനിലേക്ക് പോകേണ്ടി വരുമെന്നു പറഞ്ഞതും അതുപോലെ റഷ്യക്ക് മേൽ രാസായുധങ്ങൾ പ്രയോഗിക്കാൻ അമേരിക്ക മടിക്കില്ലെന്ന് പറഞ്ഞതുമൊക്കെ ഏറെ വിവാദമായിരുന്നു.
റഷ്യൻ ജനതയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം കൊണ്ടുവരാൻ അമേരിക്ക ശ്രമിക്കുന്നു എന്നൊരാരോപണം സമീപകാലത്ത് ഉയരാനും കാരണമായത് ജോ ബൈഡന് ഇത്തരത്തിൽ സംഭവിച്ച ഒരു പിഴവായിരുന്നു. അപ്പോഴും വൈറ്റ്ഹൗസ് വിശദീകരണകുറിപ്പുമായി എത്തിയിരുന്നു. ഏതായാലും, ഇന്നലെ ആണവ മുങ്ങിക്കപ്പൽ നീറ്റിലിറക്കുമ്പോൾ അത് അമേരിക്കയുടെ സുരക്ഷ വർദ്ധിപ്പിക്കും എന്നതല്ലാതെ, റഷ്യൻ ആക്രമണത്തെ കുറിച്ചൊന്നും അദ്ദേഹം പറഞ്ഞില്ല.
ആരോഗ്യപരമായ കാരണങ്ങളാലോ, അമറ്റെന്തെങ്കിലും കാരണങ്ങളാലോഅമേരിക്കൻ പ്രസിഡണ്ട് അധികാരത്തിലിരിക്കാൻ യോഗ്യനല്ല എന്ന് തെളിഞ്ഞാൽ, മന്ത്രിസഭയും വൈസ് പ്രസിഡണ്ടും ചേർന്ന് പ്രസിഡണ്ടിനെ ചുമതലയിൽ നിന്നും നീക്കം ചെയ്യാൻ അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതി അധികാരം നൽകുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ പക്ഷെ ഇതുവരെ ഈ അധികാരം ആരും ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇപ്പോ അത് ഉപയോഗിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നായി വരുന്നുണ്ട്. ഓർമ്മശക്തിയും തിരിച്ചറിയുവാനുള്ള കഴിവും കുറഞ്ഞു വരുന്ന പ്രസിഡണ്ടിന്റെ പല വാക്കുകളും ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഈ വാദം ഉയർത്തുന്നവർ പറയുന്നത്.
മറുനാടന് ഡെസ്ക്