ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂൺ 29 വരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം. ജൂൺ 30നായിരിക്കും സ്ഥാനാർത്ഥി വിവരങ്ങൾ സൂക്ഷമപരിശോധന ചെയ്യുക.. ജൂലൈ രണ്ട് വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവസരമുണ്ട്. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. ഇതിനു മുൻപ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്‌കെ, ദ്രൗപതി മുർമു, കർണാടക ഗവർണർ തവാർചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകൾ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. നിലവിൽ ഛത്തീസ്‌ഗഢ് ഗവർണറാണ് അനുസൂയ. ദ്രൗപതി മുർമു ജാർഖണ്ഡ് മുൻഗവർണറും.

രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി. 4,033 എംഎൽഎ മാർ ഉൾപ്പടെ ആകെ 4,809 വോട്ടാണ് ഉള്ളത്. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എംപിമാരുടെ വോട്ട് മൂല്യം 5,43,200. 10,86,431 ആകെ വോട്ട് മൂല്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ എല്ലാ ഘട്ടത്തിലും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.

രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. നിയമസഭാ കൗൺസിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.