- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ കയറി അന്വേഷണം നടത്താൻ അധികാരമില്ലാത്തതിനാൽ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല; പത്രക്കാരും അഭിഭാഷകരും തമ്മിലെ അടിയിൽ കുറ്റം പൊലീസിനും; നടന്നത് ലക്ഷങ്ങൾ ഖജനാവിന് നഷ്ടമുണ്ടാക്കിയ പ്രഹസനം; ഹൈക്കോടതി സംഘർഷത്തിൽ സർക്കാർ ഇടപെടില്ല
തിരുവനന്തപുരം: ഹൈക്കോടതിക്ക് മുമ്പിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നഷ്ടമുണ്ടാക്കിയത് ഖജനാവിന് മാത്രം. സർക്കാർ കെട്ടിഘോഷിച്ച് നിയമിച്ച കമ്മീഷൻ ലക്ഷങ്ങളാണ് പൊടിച്ചു തീർത്തത്. എന്നാൽ ഇതേ കുറിച്ച് അന്വേഷിച്ച ജുഡീഷൽ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ തത്കാലം പരിഗണിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
ഇതോടെ ചെലുവുകൾ മാത്രം ബാക്കിയാക്കി. ഈ വിഷയത്തിൽ ഇടപെട്ടാൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും സർക്കാരിന് എതിരാകും. ഇത് ഒഴിവാക്കാനാണ് മൗനം. ഫലത്തിൽ ഇത് ഖജനാവിന് മാത്രം നഷ്ടമായി മാറുകയും ചെയ്തു. വിവാദം ആളിക്കത്തിയപ്പോൾ റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെ ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയോഗിച്ചിരുന്നു. വിശദ റിപ്പോർട്ട് തന്നെ കൈമാറുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കില്ല. സംഘർഷത്തിന്റെ കാരണം പോലും കമ്മീഷന് കണ്ടെത്താനായിട്ടില്ല. പൊലീസിനെ മാത്രം പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ട്.
2016 ജൂലായിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 2016 നവംബർ എട്ടിനാണ് റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെ കമ്മിഷനായി നിയോഗിച്ചത്. ആറ് മാസമായിരുന്നു കാലാവധിയെങ്കിലും 43 മാസത്തിനും 18 ദിവസത്തിനും ശേഷമാണ് കഴിഞ്ഞ വർഷം ജൂൺ 30ന് കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്മേൽ കഴിഞ്ഞ മാസം ആഭ്യന്തരവകുപ്പ് കൈക്കൊണ്ട നടപടികളാണ് നിയമസഭയിൽ സമർപ്പിച്ചത്.
സംഭവത്തിലുള്ള ക്രിമിനൽ കേസുകൾ തുടരട്ടെയെന്നാണ് തീരുമാനം. ഇത്തരംസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശ സമർപ്പിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു. തർക്കത്തിനും സംഘർഷത്തിനും അടിസ്ഥാന കാരണം എന്താണെന്നതിലേക്ക് റിപ്പോർട്ടിൽ വിശദീകരണമില്ല. 2016 ജൂലായ് 20-ന് ഹൈക്കോടതിക്ക് മുമ്പിൽ നടന്ന സംഘർഷത്തെക്കുറിച്ചാണ് കമ്മിഷൻ അന്വേഷിച്ചത്.
സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും പരസ്പരം അസഭ്യം പറഞ്ഞത് പ്രകോപനമായെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്. അക്രമസംഭവം തടയുന്നതിന് ജില്ലാതലത്തിലെ പൊലീസുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ ഏകോപനമില്ലായിരുന്നു. മുൻകൂർ നിർദ്ദേശങ്ങൾ അധികൃതർ നൽകിയില്ല. മാധ്യമപ്രവർത്തകർ ജൂലായ് 19ന് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു.
അനുമതിയില്ലാത്ത ഈ മാർച്ചിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിൽ 20ലെ സംഘർഷം ഒഴിവാക്കാമായിരുന്നു. പൊലീസ് ലാത്തിച്ചാർജ്ജിലാണ് ഭൂരിഭാഗം അഭിഭാഷകർക്കും ക്ലർക്കുമാർക്കും പരിക്കേറ്റത്. ലാത്തിച്ചാർജ്ജ് നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ഹൈക്കോടതിയിലെ നാലാം നിലയിലെ മീഡിയ റൂമിന് പുറത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കമ്മിഷന് നിഗമനത്തിലെത്താനായില്ല.
കോടതിയിൽ കയറി അന്വേഷണം നടത്താൻ കമ്മിഷന് അധികാരമില്ലാത്തതാണ് കാരണം. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പ്രകോപനമെന്തെന്ന് അതിനാൽ കണ്ടെത്താനായില്ല. അക്രമസംഭവവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത ക്രിമിനൽ കേസുകൾ വിവിധ ഘട്ടങ്ങളിലായതിനാൽ പ്രത്യേക നിലപാടെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും നിയമസഭയിൽ വച്ച നടപടി റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ