തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടം നടക്കുന്നതായി ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെ അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഇതിനുള്ള അച്ചടക്ക നടപടികൾ തുടങ്ങാൻ പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി കമ്മീഷനേയും നിയോഗിച്ചു. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യപാനമുണ്ടെന്ന് വാർത്ത നൽകിയ മറുനാടൻ മലയാളിക്കും മാദ്ധ്യമം പത്രത്തിനുമെതിരെ മാനനഷ്ടകേസ് നൽകും. ഇതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമായി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുക്കകുയെന്നാണ് സൂചന.

എന്നാൽ സങ്കേതത്തിലെ മദ്യപാനം ശരിവയ്ക്കുന്ന ചർച്ചകളാണ് വാർഷക പൊതു യോഗത്തിലും നടന്നത്. പൊലീസ് ക്ലബ്ബിലും ഡോക്ടർമാരുടെ സംഘടനാ ആസ്ഥാനമായ ഐഎംഎയിലും അംഗങ്ങൾ രഹസ്യമായി മദ്യപിക്കുന്നു. ഇതൊന്നും വാർത്തയാകുന്നില്ല. പാവം മാദ്ധ്യമ പ്രവർത്തരുടെ കള്ളുകളി മുട്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രസ് ക്ലബ്ബ് ചർച്ചകളിൽ ഉയർന്നൊരു പ്രധാന വികാരം. പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് ബാർ ലൈസൻസിനായി അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അത് വാർഷിക പൊതു യോഗം അംഗീകരിച്ചു. അതിനിടെ ഒരു തിരുത്തുമായി ഒരാൾ എഴുന്നേറ്റു. സങ്കേതത്തിൽ മദ്യപാനമില്ലെന്നും അത് വാർത്തയാക്കിയവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കാനും തീരുമാനിക്കുമ്പോൾ ബാർ ലൈസൻസിന് ശ്രമിക്കുന്ന തീരുമാനം കൂടി വരുന്നത് തിരിച്ചടിയാകും. ഇവിടെ ബാർ ഉണ്ടെന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്നായിരുന്നു അഭിപ്രായം.

ഇതോടെ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് കുമാർ പ്രശ്‌നത്തിൽ ഇടപെട്ടു. അതു വേണ്ടെന്ന് തീരുമാനിച്ചു. ഇതിനൊപ്പം പ്രസ് ക്ലബ്ബിലെ റിക്രിയേഷൻ സ്ഥലമായ സങ്കേതത്തിലെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിലും നടപടികളെടുക്കാൻ യോഗം തീരുമാനിച്ചിതായി മിനിട്‌സിൽ രേഖപ്പെടുത്തി. ഇത് ഫലത്തിൽ ബാർ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ തന്നെയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മറുനാടൻ മലയാളിക്ക് എതിരെ രൂക്ഷ ഭാഷയിലായിരുന്നു അംഗങ്ങളുടെ വിമർശനം. പ്രസ് ക്ലബ്ബിൽ മദ്യപാനം നിർത്തിക്കാൻ ഇവർ ആരാണെന്ന് വരെ ചോദ്യം ഉയർന്നു. എന്നാൽ മാദ്ധ്യമം പത്രത്തിനെതിരെ രൂക്ഷ പ്രതിഷേധങ്ങൾ ഉയർന്നതുമില്ല. മാദ്ധ്യമത്തിലെ അംഗങ്ങളിൽ പ്രമുഖർ വിവാദം ഭയന്ന് യോഗത്തിനെത്തിയതുമില്ല. മാദ്ധ്യമത്തിൽ വാർത്ത വന്നതിനാൽ പ്രസ് ക്ലബ്ബിൽ കയറിയാൽ കാൽ തല്ലിയൊടിക്കുമെന്ന ഭീഷണിയുണ്ടെന്ന് മാദ്ധ്യമത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞു.

രൂക്ഷമായ ഭാഷയിലായിരുന്നു വിനു വി ജോണിനെതിരെയുള്ള വിമർശനങ്ങൾ. പ്രസ് ക്ലബ്ബിനെതിരെ ട്വീറ്റ് ചെയ്തത് അച്ചടക്ക നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരക്കാർ ഇനി അംഗങ്ങളായി വേണ്ടെന്നും നിലപാട് എടുത്തു. ന്യൂനപക്ഷം മാത്രമാണ് ഈ ചർച്ചകളുടെ ഭാഗമായത്. സങ്കേതത്തിലെ മദ്യക്കച്ചവടം ഇല്ലാതാക്കിയ വിനു വി ജോണിനെ പാഠം പഠിപ്പിക്കണമെന്നും വാദമുയർന്നു. ഇതോടെയാണ് അച്ചടക്ക നടപടികൾ പൂർത്തിയാക്കി വിനു വി ജോണിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഹിന്ദുവിലെ വിനോദ്, മാതൃഭൂമിയിലെ സിജി കടയ്ക്കൽ, മംഗളത്തിലെ ഋഷി കെ മനോജ് എന്നിവരെ അച്ചടക്ക സമിതി അംഗങ്ങളായും നിയോഗിച്ചു. ഇവർ തെളിവെടുപ്പും മറ്റും നടത്തി വിനു വി ജോണിനെ പുറത്താക്കും. അതിനിടെ അച്ചടക്ക നടപടിയുമായി വിനു വി ജോൺ സഹകരിക്കില്ലെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഈ നടപടികൾ പ്രഹസനമാകും.

മംഗളം സിഇഒയായ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായാണ് വാർഷിക പൊതു യോഗം കൂടിയത്. ഇന്ത്യൻ എക്സ്‌പ്രസിലെ പ്രദീപ് പിള്ളയുടെ നേതൃത്വത്തിലെ ഭരണ സമിതി ഇന്നലെ ചുമതലയേറ്റു. അതായത് ഈ തീരുമാനങ്ങൾ നടപ്പാക്കേണ്ട ബാധ്യത പുതിയ ഭരണ സമിതിക്കാണ്. ഇത് മനസ്സിലാക്കി അജിത് കുമാറും സംഘവും വിവാദ തീരുമാനങ്ങളായി വന്നതെല്ലാം അംഗീകരിക്കുകയായിരുന്നു. ദേശാഭിമാനിയിലെ കെ ആർ അജയനാണ് സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം മാനിച്ചാണ് ഋഷിരാജ് സിങ് സങ്കേതത്തിലെ മദ്യകച്ചവടം നിർത്തിച്ചത്. ഈ സാഹചര്യത്തിൽ അജയൻ എപ്രകാരം പ്രവർത്തിക്കുമെന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അംഗങ്ങൾ പോലും വീക്ഷിക്കുന്നത്.

കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചതാണ് വിവാദത്തിന് കാരണം. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്‌ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ചാനൽ അവതാരകൻ വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്.

ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്ന നിലപാടിലാണ് പ്രസ് ക്ലബ്ബ്.

പ്രസ് ക്ലബ്ബിൽ മദ്യശാല പ്രവർത്തിക്കുന്നു എന്നും എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചിരുന്നു. പ്രസ് ക്ലബ്ബ് സങ്കേതം എന്ന ഒരു മദ്യശാല പ്രവർത്തിക്കുന്നില്ല. റിക്രിയേഷൻ ഹാളിൽ പത്രക്കാർ ഉച്ചയ്ക്കും വൈകുന്നേരവും ഒത്തുകൂടാറുണ്ട്. ടേബിൾ ടെന്നീസ്, കാരംസ്, ചെസ് തുടങ്ങിയ ഇൻഡോർ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. വിശ്രമ വേളകളിൽ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങൾ സജീവ ചർച്ചക്ക് വിധേയമാക്കുന്നവരുമുണ്ട്. സെക്രട്ടറിയേറ്റിലും അതിനു മുന്നിലും തിരക്കേറിയ മാദ്ധ്യമപ്രവർത്തനങ്ങൾ നടത്തി ക്ഷീണിക്കുന്നവർക്ക് ഒന്നിരിക്കാനുള്ള ഇടം പോലും ലഭ്യമല്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണെന്നും പറയുന്നു.

ഈ ന്യൂനത പരിഹരിക്കുന്നതിനാണ് 1964 ൽ പ്രസ് ക്ലബ്ബ് ആരംഭിച്ചതു മുതൽ വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ റിക്രിയേഷൻ സെന്ററിൽ മദ്യം ശേഖരിച്ചു വെയ്ക്കുകയോ വിൽക്കുകയോ ചെയുന്നില്ല. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതിൽ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നിൽ. റിക്രിയേഷൻ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്തനും നിർദ്ദേശിച്ചിട്ടില്ല. അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ കായിക വിനോദങ്ങൾക്ക് ഇത് തുറന്നുകൊടുക്കറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗർഭ അറയില്ല. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിന് പിന്നാലെയാണ് ജനറൽ ബോഡിയിൽ ബാർ ഉണ്ടെന്ന് സമ്മതിക്കുന്ന തരത്തിലെ ചർച്ചകൾ ഉയർന്നത്. എന്നാൽ പൊതു സമൂഹത്തിൽ ബാറില്ലെന്ന നിലപാട് ആവർത്തിക്കാൻ തന്നെയാണ് പുതിയ ഭരണസമിതിയുടേയും തീരുമാനം.