- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ക്ലബ് തെരഞ്ഞെടുപ്പിൽ ലല്ലുവിന്റെ പാനൽ തോറ്റു; സെക്രട്ടറി സ്ഥാനത്ത് മത്സരിച്ച ന്യൂസ് 18 കേരളാ അവതാരകൻ തോറ്റത് ജനയുഗം ഫോട്ടോഗ്രാഫറായ രാജേഷ് രാജേന്ദ്രനോട്; വെള്ളിമംഗലത്തെ തോൽപ്പിച്ച് പ്രസിഡന്റായി രാധാകൃഷണൻ; തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ ഇനി ഇവർ നയിക്കും
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ ന്യൂസ് 18 കേരളയിലെ ലല്ലു നയിച്ച പാനലിന് വൻ തോൽവി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ലല്ലുവും തോറ്റു. പ്രസിഡന്റായി എം രാധാകൃഷ്ണൻ ജയിച്ചു. നിലവിൽ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ.
മത്സരിച്ചവരിൽ ലല്ലുവിന്റെ പാനലിൽ നിന്ന് ഒരാൾക്ക് മാത്രമേ ജയിക്കാനായുള്ളൂ. ബാക്കിയെല്ലാവരും തോറ്റു. ന്യൂസ് 18 കേരളയിൽ നിന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അശ്വതി പിള്ളയും തോറ്റു. അശ്വതിയെ മറ്റൊരു വനിതാ മാധ്യമ പ്രവർത്തകയായ ഹണിയാണ്(എസിവി) തോൽപ്പിച്ചത്. തെരഞ്ഞെടുപ്പിൽ എം രാധാകൃഷ്ണന്റെ പാനൽ ജയം നേടുകയായിരുന്നു.
ജനയുഗത്തിലെ രാജേഷ് രാജേന്ദ്രനാണ് സെക്രട്ടറി. സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കളിൽ പ്രമുഖനായ ലല്ലുവിന് 209 വോട്ട് കിട്ടി. മറു പക്ഷത്ത് നിന്ന് രാജേഷ് രാജേന്ദ്രന് 300 വോട്ടും കിട്ടി. അതായത് 91 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകനായ ലല്ലു തോറ്റത്. ജനയുഗത്തിലെ ക്യാമറാമാനാണ് രാജേഷ് രാജേന്ദ്രൻ. ആദ്യമായാണ് രാജേഷ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാകുന്നത്.
ഇന്ത്യാവിഷനിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തി ന്യൂസ് 18 കേരളയിൽ എത്തിയ ലല്ലു മുമ്പും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മത്സരിച്ച് തോറ്റിട്ടുണ്ട്. ഇത്തവണ ലല്ലു ജയിക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. അതും അസ്ഥാനത്തായി. ജനയുഗത്തിലെ രാജേഷിനോട് സാമാന്യം നല്ല ഭൂരിപക്ഷത്തിന് തോൽവി സമ്മതിക്കേണ്ടി വന്നു. വോട്ട് ചെയ്തവർക്ക് നന്ദി... നിലപാടുകളിൽ ഒരു കഴഞ്ച് മാറ്റമില്ലാതെ തുടരും.-ഇതായിരുന്നു തോൽവിക്ക് ശേഷമുള്ള ലല്ലുവിന്റെ പ്രതികരണം.
പ്രസിഡന്റായി എം രാധാകൃഷ്ണൻ ജയിച്ചു. ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. രാധാകൃഷ്ണന് 308 വോട്ടു കിട്ടി. വെള്ളിമംഗലത്തിന് 206ഉം. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ് വെള്ളിമംഗലം. ലക്ഷ്മി മോഹനാണ്(മലയാളി വാർത്ത) വൈസ് പ്രസിഡന്റ്. കേരള കൗമുദിയിലെ അൻസാർ എസ് രാജിനെയാണ് ലക്ഷ്മി തോൽപ്പിച്ചത്. വലിയ തിരിച്ചടിയാണ് എല്ലാ അർത്ഥത്തിലും ലല്ലു പക്ഷത്തിനുണ്ടായത്. മത്സരിച്ച ഒരാളൊഴികെ ബാക്കിയെല്ലാവരും ഈ പാനലിൽ തോറ്റു.
മാനേജിങ് കമ്മറ്റിയിലെ ആറു സ്ഥാനങ്ങളിൽ അഞ്ചിലും ലല്ലുപക്ഷം തോറ്റു. അജി ബുധനൂർ(ജന്മഭൂമി), ടിബി ലാൽ(മനോരമ), മുസാഫർ എവി, രാമചന്ദ്രൻ നായർ(മനോജ്), സജിത്ത് വഴയില എന്നിവർ രാധാകൃഷ്ണൻ പക്ഷത്ത് നിന്ന് ജയിച്ചു. ലല്ലു പക്ഷത്ത് നിന്ന് സിറാജിലെ ടി ശിവജി കുമാറും ജയിച്ചു. വെൽഫയർ കമ്മറ്റിയിലേക്ക് റസാഖ് കളത്തിങ്ങൽ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ