ആലപ്പുഴ : വിവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന സർക്കാർ പതിനെട്ടാമത്തെ അടവും പുറത്തെടുക്കുന്നു. മുമ്പെങ്ങുമില്ലാത്ത പുകിലുമായാണ് ഉമ്മചാണ്ടിയും സഹമന്ത്രിമാരും നാളെ രാവിലെ പതിനൊന്നു മുതൽ ജനങ്ങളുടെ മുമ്പാകെ എത്തുന്നത്. ഓരോ ജില്ലയിലും ഓരോ മന്ത്രിമാർ എത്തി സർക്കാരിന്റെ ഗുണഗണങ്ങൾ വാഴ്‌ത്തിപ്പാടാനാണ് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിട്ടുള്ളത്.

ജനങ്ങൾക്കിടയിൽ കൂടുതൽ അടുപ്പം പുലർത്താനും നിലവിലെ പിരിമുറുക്കത്തിന് അയവുവരുത്താനും നേർക്കുനേർ പരിപാടി ഉപകരിക്കുമെന്ന വിചാരമാണ് ഉമ്മൻ ചാണ്ടിയെ കൊണ്ട് വാർത്തസമ്മേളന പരമ്പര സൃഷ്ടിക്കാൻ പ്രരിപ്പിക്കുന്നത്. എന്നാൽ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പിരക്കാനും ഒരു അവസരം കൂടി നൽകണമെന്ന അപേക്ഷയുമായാണ് മന്ത്രിമാർ എത്തുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

മുഖ്യന്റെയും മന്ത്രിമാരുടെയും മാപ്പിരക്കൽ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വയനാട് തൊർനാട് ആദിവാസി കോളനി പരിസരത്ത് മന്ത്രി പി. കെ ജയലക്ഷ്മിയുമായുള്ള സംവാദത്തോടെ നാളെ രാവിലെ 11 ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബൽക് റിലേഷൻസ് വകുപ്പാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങളുമായുള്ള തുറന്ന സംവാദമാണ് ഒപ്പം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

പതിവ് വാർത്ത സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന്റെ വികസന പദ്ധതികൾ നടപ്പാക്കിയ സ്ഥലങ്ങളിലാണ് ഒപ്പം പരിപാടി ഒപ്പിക്കുന്നത്. ഓരോ പ്രദേശത്തും മാദ്ധ്യമ മേഖലയിൽ നിന്നുള്ള ഒരാൾ മോഡറേറ്ററാകും.അതത് വകുപ്പുകളിൽ നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങൾ പ്രത്യകം സജ്ജമാക്കിയ എൽ.ഇ.ഡി. വാളിൽ വീഡിയോ വാർത്താക്കുറിപ്പായി അവതരിപ്പിക്കും.

നല്ല കേരളം നാളേയ്ക്കും എന്ന സന്ദേശമുയർത്തിപ്പിടിക്കുന്ന ഒപ്പം വാർത്ത സമ്മേളന പരമ്പര വയനാട് തൊർനാട് ആദിവാസി കോളനി പരിസരത്ത് മന്ത്രി പി. കെ ജയലക്ഷ്മിയുമായുള്ള സംവാദത്തോടെ 13 ന് രാവിലെ 11 ന് ആരംഭിക്കും. 14 ന് കണ്ണൂർ വിമാനത്താവള പരിസരത്ത് രാവിലെ 11.30 ന് സംഘടിപ്പിക്കുന്ന ഒപ്പം വികസന വാർത്ത സമ്മേളനത്തിൽ ഇൻഫർമേഷന്മന്ത്രി കെ. സി. ജോസഫ് പങ്കെടുക്കും