വിതുര: പുതുതലമുറക്ക് പരിചിതമല്ലാതാകുന്ന മുറനിർമ്മാണം മുതൽ പുതുതലമുറയുടെ  ബഹിരാകാശ ശാസ്ത്ര സാങ്കേതിക നേട്ടമെന്ന വിശേഷിപ്പിക്കാവുന്ന മംഗൾയാൻ വരെ പൊതുജനങ്ങൾക്കു മുന്നിലെത്തിച്ചിരിക്കുകയാണ് വിതുരയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒരുക്കിയ പൊതുജനസമ്പർക്കപരിപാടിയുടെ പ്രദർശന സ്റ്റാളുകൾ. സ്‌കൂൾ കുട്ടികളുടെയും പൊതുജനങ്ങളുടെയും ഉൾപ്പെടെ വൻതിരക്കാണ് പ്രദർശന സ്റ്റാളുകളിൽ ഉള്ളത്.  പ്രദർശനം വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും കേന്ദ്രബജറ്റിനെക്കുറിച്ചും വിശദീകരിക്കുന്ന വിപുലമായ പ്രദർശന സ്റ്റാളാണ് കേന്ദ്ര പരസ്യപ്രചരണ  വിഭാഗമായ ഡിഎവിപി ഒരുക്കിയിട്ടുള്ളത്. ഐഎസ്ആർഒ ഒരുക്കിയ പ്രദർശന സ്റ്റാളിൽ വിവിധ റോക്കറ്റുകളുടെ മാതൃകകളും, മംഗൾയാൻ വിശദമാക്കുന്ന ടിവി പ്രദർശനവും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്നു.
അക്ഷയകേന്ദ്രം ഒരുക്കിയ സ്റ്റാളിൽ സാധാരണ അക്ഷയകേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ആധാർ രജിസ്‌ട്രേഷൻ ഫോറം, ജാതി, കമ്മ്യൂണിറ്റി, താമസം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആർടിഓഫീസ്, പാസ്‌പോർട്ട് ഓഫീസ്, ആം ആദ്മി ബീമാ യോജന തുടങ്ങീ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്നു.

കയർഫെഡ് സ്റ്റാളിലാകട്ടെ ചകിരിനാരുകൾകൊണ്ട് നിർമ്മിച്ച ചെടികൾ വളർത്താനുള്ള പൂച്ചെട്ടികളും, അലങ്കാരസസ്യങ്ങൾക്കുള്ള പ്രത്യേകദണ്ഡുകളും കിളിക്കൂടുകളും തുടങ്ങി ഇതര കയർ ഉത്പന്നങ്ങളും, ജൈവവളങ്ങളും 10 മുതൽ 15 ശതമാനം വിലക്കിഴിവിൽ സ്റ്റാളിൽ നിന്നും നേരിട്ട് വിൽപന നടത്തുന്നുണ്ട്.

പ്രദർശന സ്റ്റാളുകളിലെ മുഖ്യ ആകർഷണമാണ് കെഎസ്ഇബിയുടെ പ്രവർത്തനം വിശദമാക്കുന്ന സ്റ്റാൾ. അണക്കെട്ടുകളിൽ നിന്നുള്ള ജലവൈദ്യുത ഉദ്പാദനം മുതൽ കാറ്റാടി വൈദ്യുതോദ്പാദനം വരെ വിശദീകരിക്കുന്ന മാതൃകകൾ സ്റ്റാളിലുണ്ട്.   വിവിധ വൈദ്യുതി ഉപകരണങ്ങളും, വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷിത മാർഗങ്ങളെക്കുറിച്ചുള്ള അറിവും സ്റ്റാളിൽ നിന്നും ലഭിക്കുന്നു.
എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഒരുക്കിയ സ്റ്റാളിൽ എച്ച്‌ഐവി ബാധയെക്കുറിച്ചുള്ള ബോധവൽക്കരണ ലഘുലേഖകളും ലഭ്യമാണ്. വിദ്യാലയങ്ങളിലെ 'സ്റ്റുഡന്റ് പൊലീസ് കേഡറ്റ് '(എസ്‌പിവി)പദ്ധതിയക്കുറിച്ച് അറിവുനൽകാൻ വിതുര വൊക്കേഷണൽ ആൻഡ് ഹയർസെക്കന്ററി സ്‌കൂളിലെ എസ്‌പിവിയും സജീവമായുണ്ട്. തദ്ദേശീയ കരകൗശല ഉൽപന്നങ്ങളായ മുറം, വട്ടി, വിവിധ അലങ്കാര വസ്തുക്കൾ എന്നിവയുടെ സ്റ്റാളുമായി വിതുര പഞ്ചായത്ത് അംഗൻവാടി സ്റ്റാളും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച് രംഗത്തുണ്ട്. അമൃതം പോഷകാഹാര പൊടി ഉപയോഗിച്ച് പാകം ചെയ്ത ഇഡ്ഡലി, ചപ്പാത്തി, ഓംലെറ്റ്, ദോശ, പൂരി എന്നിവ സ്റ്റാളിലെ പ്രധാന ആകർഷണമാണ്.  ശുദ്ധജല മത്സ്യങ്ങളുടെ കുടലിൽ നിന്ന് നിർമ്മിക്കുന്ന ശസ്ത്രക്രിയാ നൂലുകൾ മുതൽ ഫിഷ് സൂപ്പ്, പപ്പടം തുടങ്ങി വിവിധ മത്സ്യ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളടെ പ്രദർശനവുമായി വെല്ലിങ്ടൺ ഐലന്റിലെ സെൻട്രൽ ഇൻഡസ്ട്രിയൽ ആൻഡ് ഫിഷറീസ് ടെക്‌നോളജിയുടെ സ്റ്റാളും ശ്രദ്ധേയമാണ്.

ഓൺലൈൻ ലോട്ടറി തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളും പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നു.  പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ വിവിധ പാർസൽ സേവനങ്ങളെക്കുറിച്ചുള്ള സ്റ്റാളും പവലിയനിലുണ്ട്.  ലഹരി വസ്തുക്കൾക്കെതിരായ ബോധവൽക്കരണമടങ്ങിയ  എൽസിഡി പ്രദർശനവും, മയക്കുമരുന്ന്, മദ്യം, പാൻ മസാല തുടങ്ങിയവയുടെ ഭവിഷ്യത്തുകൾ വിശദീകരിക്കുന്ന ഫോട്ടോ പ്രദർശനവുമൊരുക്കി കേരള എക്‌സൈസ് വകുപ്പും സ്റ്റാളിലുണ്ട്.
പ്രധാന്മന്ത്രി ജൻ ധൻ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ വിവിധ ബാങ്കുകളുടെ സ്റ്റാളുകൾ സജീവമായി സ്റ്റാളുകളിലുണ്ട്. കേരള ഗ്രാമീൺ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, എസ്‌ബിറ്റി എന്നിവയുടെ സ്റ്റാളുകളാണ് ഇതിലുള്ളത്. നബാർഡിനെക്കുറിച്ചുള്ള അറിവുകൾ നൽകി, മെഴുകുതിരി നിർമ്മാണ യൂണിറ്റുമായി നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലെപ്‌മെന്റ് സൊസൈറ്റി (എൻഐഡിഎസ്)യും സ്റ്റാളിലുണ്ട്.

റബ്ബർ ബോർഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്റ്റാളിൽ റബ്ബർ കൃഷിരീതികളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങളും ലഭ്യമാണ്.  
ജവഹർലാൽ നെഹ്‌റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട് ഒരുക്കിയ സ്റ്റാളിൽ ഇരപിടിയൻ സസ്യം എന്നറിയപ്പെടുന്ന നെപ്പാന്തസ് പ്രദർശിപ്പിച്ചിട്ടുണ്ട്. ആസ്തമക്കും വാതത്തിനും ഔഷധമായി ഉപയോഗിക്കുന്ന ഊറാവ് മരവും, നീർമാതളം, വള്ളിക്കാഞ്ഞിരം, മരമഞ്ഞൾ എന്നീ സസ്യങ്ങളും, വിവിധ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സർവ ശിക്ഷ അഭിയാന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന എസ്എസ്എ സ്റ്റാളിൽ മൊബൈൽ ഫോൺ ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന വിദൂര നിയന്ത്രിത ഗാർഹിക മോട്ടോർ പമ്പിങ് സംവിധാനം ഒരുക്കി നന്ദിയോട് എസ്.കെ.വി. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ മാതൃകയാക്കിയിരിക്കുന്നു.  ബി.ആർ.സി. പാലോടിന്റെയും  ബിഎസ്എൻഎല്ലിന്റെയും സ്റ്റാളുകളും പവലിയനിലുണ്ട്. വനശ്രീ, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡ്രസ്ട്രീസ്, കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ സഞ്ചരിക്കുന്ന പ്രദർശന യൂണിറ്റുകളും പൊതുജനസമ്പർക്കപരിപാടിയുടെ ഭാഗമായി പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ വിവിധ സ്റ്റാളുകളിലൂടെ നിരവധി അറിവുകളും, കാണാക്കാഴ്ചകളും വിതുരക്കാരുടെ വീട്ടുമുറ്റത്തെത്തിച്ചിരിക്കുകയാണ് ഈ പൊതുജനസമ്പർക്ക പരിപാടിയുടെ സ്റ്റാളുകൾ.