കോട്ടയം: സംസ്ഥാന സർക്കാരിന്റെ 300 കോടിയുടെ സഹായധനം കൊണ്ട് റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് ചിലകേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം വസ്തുതകൾക്കു നിരക്കാത്തതാണെന്നും സർക്കാർ കഴിഞ്ഞ നാളുകളിൽ നടത്തിയ പല പ്രഖ്യാപനങ്ങളും പരാജയപ്പെട്ടപ്പോൾ ഇടനിലക്കാരില്ലാതെ 300 കോടിയുടെ സഹായധനം കർഷകരിലെത്തിക്കുവാൻ നടത്തുന്ന ശ്രമത്തിൽ കർഷകർ പരമാവധി സഹകരിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് ലൈസൻസുള്ള ചെറുകിട വ്യാപാരികൾ റബർ സംഭരിക്കുമെന്ന് സർക്കാർ ഉറപ്പാക്കണം. ചെറുകിട വ്യാപാരികൾ വ്യാപാരിവില അടിസ്ഥാനമാക്കിയാണ് റബർ വാങ്ങുന്നതും ബില്ല് നൽകുന്നതും. ഇത് റബർ ബോർഡുവിലയേക്കാൾ കുറവാണ്. റബർവില നിർണ്ണയത്തിൽ സർക്കാർ വ്യക്തത വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ വിൽക്കുന്ന ഒരു ഹെക്ടർ അടിസ്ഥാനമാക്കിയുള്ള 75 കിലോ റബറിന് സഹായധനമെന്നത് നടപ്പിലാക്കുക പ്രായോഗികമല്ല. മഴക്കാലത്ത് പല തോട്ടങ്ങളിലും ടാപ്പിങ് നടത്താനാവാത്തതുകൊണ്ട് റബർ ഉല്പാദനമില്ല.

അതേസമയം ഒക്‌ടോബർ മുതൽ മൂന്നുമാസങ്ങളിൽ സ്വാഭാവികമായി റബറിന്റെ ഉല്പാദനം ഉയരും. അതിനാൽ രണ്ടാഴ്ചയിൽ 75 കിലോ എന്നതിനുപകരം ഒരു വർഷം ഒരു ഹെക്ടറിന് 1800 കിലോ എന്നാക്കേണ്ടത് അടിയന്തരമാണ്. എങ്കിൽ മാത്രമേ കർഷകന് ഈ സഹായധനപദ്ധതി ഉപകരിക്കുകയുള്ളു. ലാറ്റക്‌സിന്റെ വിലയിടിവും അതിരൂക്ഷമായി തുടരുകയാണ്. റബർ ഉല്പാദന ഉത്തേജനപദ്ധതി ലാറ്റക്‌സ് ഉല്പാദിപ്പിക്കുന്ന കർഷകർക്ക് പ്രയോജനപ്പെടാത്തതുകൊണ്ട് റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിലനിൽക്കപ്പെടും.

റബർ വിലയിടിവുപോലെതന്നെ നാളികേരം, കുരുമുളക്, ഏലം, ഗ്രാമ്പു, ഇഞ്ചി തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട കാർഷികോല്പന്നങ്ങളുടെയെല്ലാം വിലത്തകർച്ചമൂലം വൻ സാമ്പത്തിക പ്രതിസന്ധിയാണ് കാർഷികമേഖലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും സംഭരണമുൾപ്പെടെയുള്ള തലങ്ങളിൽ സർക്കാരിന്റെയും പ്രത്യേകിച്ച് കൃഷിവകുപ്പിന്റെയും ശക്തമായ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.