കണ്ണൂർ: കാസർഗോട്ടെ അതിർത്തിഗ്രാമമായ പെർളയിലായിരുന്നു പ്രേതക്കല്യാണം ശ്രദ്ധേയമായി. ഇതിനും പ്രേതങ്ങൾക്ക് പ്രായപൂർത്തിയാകും വരെ നാട്ടുകാർ കാത്തിരുന്നു. കൊട്ടും കുരവയും സദ്യയുമായി ഭൂമിയിൽ ബന്ധുക്കൾ കല്യാണം നടത്തുകയായിരുന്നു, മൂന്നാംവയസിൽ മരിച്ച രമേശനും രണ്ടാംവയസിൽ മരിച്ച സുകന്യയും അങ്ങനെ പരലോകത്ത് ഇനി കുടുംബ ജീവിതം നയിക്കും! പരേതരുടെ കല്യാണത്തിനും ബന്ധുക്കൾ ഭൂമിയിലെ നിയമം തെറ്റിച്ചില്ല. ഇരുവരുടെയും ആത്മാക്കൾക്കു പ്രായപൂർത്തിയായശേഷമാണു കെട്ടിച്ചത്. കുടുംബത്തിലെയും ഗ്രാമത്തിലെയും ദോഷപരിഹാരത്തിനും യുവതീയുവാക്കളുടെ മംഗല്യഭാഗ്യത്തിനുമായി ജ്യോത്സ്യനിർദ്ദേശപ്രകാരമാണു പ്രേതക്കല്യാണം നടത്തുന്നത്.

ഉത്തരകേരളത്തിൽ കർണാടകത്തോടു ചേർന്ന ഗ്രാമങ്ങളിലാണു ദോഷപരിഹാരാർത്ഥം പ്രേതക്കല്യാണങ്ങൾ സജീവമായി നടക്കുന്നത്. കൺമുന്നിൽ വധൂവരന്മാർ ഇല്ലെന്നതൊഴിച്ചാൽ, പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉൾപ്പെടെ മറ്റു ചടങ്ങുകളെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെ തന്നെ. ശേഷം, ക്ഷണിക്കപ്പെട്ടവരെല്ലാം 'സങ്കടക്കണ്ണീർ' തുടച്ച്, സദ്യയുമുണ്ടു പിരിയും. വിവാഹത്തിനു മുമ്പേ മരിച്ച ഹതഭാഗ്യരുടെ ആത്മാക്കളെയാണ് കെട്ടിക്കുന്നത്. കുടുംബത്തിലോ ഗ്രാമത്തിലോ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാവുകയും പ്രതിവിധിയായി ജോത്സ്യൻ പ്രേതക്കല്യാണം നിർദ്ദേശിക്കുന്നത് ഇവിടെ പതിവാണ്.

കുടുംബത്തിൽ വിവാഹം നടക്കാതെ മരിച്ചയാൾക്കു പെണ്ണു തേടലാണ് ആദ്യം. സുന്ദരിയും സുശീലയും 'പരേതയു'മായ പെൺകുട്ടിയെ സ്വസമുദായത്തിൽനിന്നുതന്നെ കണ്ടെത്തും. ജാതകങ്ങൾ തമ്മിൽ ചേർന്നാൽ വിവാഹത്തീയതി കുറിക്കുകയായി. പിന്നെ കല്ല്യാണം. കുടുംബക്കാരെയും നാട്ടുകാരെയും കല്യാണക്കുറി നൽകിത്തന്നെ ക്ഷണിക്കും. വിവാഹം വധൂഗൃഹത്തിലാണ്. പരേതരായ വധൂവരന്മാരുടെ രൂപമുണ്ടാക്കി വിവാഹവസ്ത്രങ്ങൾ അണിയിക്കും. മോതിരം കൈമാറി, മാലയിട്ടാൽ ഇരുവരും ദമ്പതികളായി. തുടർന്ന് സദ്യയുണ്ട്, പ്രേതനവവധുവുമായി വരന്റെ ആത്മാവും കൂട്ടരും മടങ്ങും. ഗൃഹപ്രവേശത്തിനുശേഷം വധൂവരന്മാരെ പാലച്ചോട്ടിൽ കുടിയിരുത്തും. 'ആദ്യരാത്രി'യിൽ ആത്മാക്കളെ അവരുടെ പാട്ടിനുവിടുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

ക്ഷേത്രത്തിലെത്തുന്ന വീട്ടുകാർ ആത്മാക്കളെ ഓരോ തേങ്ങയിലേക്ക് ആവാഹിക്കുന്ന പ്രേതകല്ല്യാണവും ഉണ്ട്. പിന്നീടു ഹോമകുണ്ഡത്തിനു മുന്നിൽ വധൂവരന്മാരുടെ വസ്ത്രങ്ങൾ കൈമാറും. ഒടുവിൽ കമുകിൻപൂക്കുലയ്ക്കു മേൽ തേങ്ങകൾ വച്ച് കൈമാറുന്നതോടെ വിവാഹം കഴിയും. വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കൾക്കു മോക്ഷം ലഭിക്കില്ലെന്നും അവർ വീട്ടുകാർക്കു ശല്യമുണ്ടാക്കുമെന്നുമാണ് ഈ ആചാരത്തിനു പിന്നിലെ വിശ്വാസം.

മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നൊക്കെ കോടതി പറഞ്ഞാലും മിശ്രപ്രേതവിവാഹങ്ങൾക്കു നടക്കില്ല. എല്ലാം ജാതിയിൽ നിന്ന് മാത്രം.