- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് വോട്ടർമാർക്ക് സാരിയും പണവും മിക്സിയുമൊക്കെ നൽകി വോട്ട് വാങ്ങാൻ വാരിയെറിഞ്ഞ കോടികൾ തിരികെപിടിക്കാൻ ശ്രമം; കേരളത്തിൽ ചിക്കനും പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും തീവിലയെത്താൻ കാരണം തമിഴ്‌നാട് രാഷ്ട്രീയക്കാരോ?
ഇടുക്കി: ചിക്കൻകഴിക്കാനും അവിയൽകൂട്ടാനും സാമ്പാർ വയ്ക്കാനും രാഷ്ട്രീയക്കാരന് കാശ് കൊടുക്കണോ? വേണ്ടെന്നാണ് വയ്‌പെങ്കിലും ഇതും സത്യമായി വന്നിരിക്കുന്നു. കേരളത്തിൽ അവശ്യസാധനങ്ങളുടെ വൻവിലക്കയറ്റമാണ്. മാംസവിഭവങ്ങളും പച്ചക്കറികളും കേരളത്തിലേക്കെത്തിക്കാൻ തമിഴ്‌നാട്ടിൽ പടി നൽകണം. പത്തും നൂറുമല്ല, ലക്ഷങ്ങൾ തന്നെ എണ്ണി നിൽകിയാലേ സുഗമമായ ചരക്കുനീക്കം സാധ്യമാകൂ. തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ വോട്ടർമാർക്ക് പണമായും പാരിതോഷികങ്ങളായും വാരിയെറിഞ്ഞ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാനാണ് വൻകിട ഏജന്റുമാർ മുഖേന പ്രമുഖ രാഷ്ട്രീയപാർട്ടികൾ പടി വാങ്ങുന്നത്. തമിഴ്‌നാട്ടിൽ വ്യാപകമായി കോഴിഫാമുകളിൽ തുടങ്ങിയ പിരിവിന്റെ മറപിടിച്ചാണ് പച്ചക്കറി മേഖലയിലേയ്ക്കും മറ്റും പിരിവ് വ്യാപിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പ്രത്യേക കാരണമൊന്നുമില്ലാതെ ചിക്കൻവില വൻതോതിൽ ഉയർന്നിരുന്നു. പിന്നാലെയാണ് പച്ചക്കറികളുടേയും വിലയിൽ വർധനവുണ്ടായത്. ഇറച്ചിക്കോഴി വ്യാപാരത്തിൽ ഭീമമായ നഷ്ടം വരുന്ന യാതൊരു സാഹചര്യവും തമിഴ്നാട്ടിലുണ്ടായി
ഇടുക്കി: ചിക്കൻകഴിക്കാനും അവിയൽകൂട്ടാനും സാമ്പാർ വയ്ക്കാനും രാഷ്ട്രീയക്കാരന് കാശ് കൊടുക്കണോ? വേണ്ടെന്നാണ് വയ്‌പെങ്കിലും ഇതും സത്യമായി വന്നിരിക്കുന്നു. കേരളത്തിൽ അവശ്യസാധനങ്ങളുടെ വൻവിലക്കയറ്റമാണ്. മാംസവിഭവങ്ങളും പച്ചക്കറികളും കേരളത്തിലേക്കെത്തിക്കാൻ തമിഴ്‌നാട്ടിൽ പടി നൽകണം. പത്തും നൂറുമല്ല, ലക്ഷങ്ങൾ തന്നെ എണ്ണി നിൽകിയാലേ സുഗമമായ ചരക്കുനീക്കം സാധ്യമാകൂ. തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ വോട്ടർമാർക്ക് പണമായും പാരിതോഷികങ്ങളായും വാരിയെറിഞ്ഞ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാനാണ് വൻകിട ഏജന്റുമാർ മുഖേന പ്രമുഖ രാഷ്ട്രീയപാർട്ടികൾ പടി വാങ്ങുന്നത്. തമിഴ്‌നാട്ടിൽ വ്യാപകമായി കോഴിഫാമുകളിൽ തുടങ്ങിയ പിരിവിന്റെ മറപിടിച്ചാണ് പച്ചക്കറി മേഖലയിലേയ്ക്കും മറ്റും പിരിവ് വ്യാപിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പ്രത്യേക കാരണമൊന്നുമില്ലാതെ ചിക്കൻവില വൻതോതിൽ ഉയർന്നിരുന്നു. പിന്നാലെയാണ് പച്ചക്കറികളുടേയും വിലയിൽ വർധനവുണ്ടായത്. ഇറച്ചിക്കോഴി വ്യാപാരത്തിൽ ഭീമമായ നഷ്ടം വരുന്ന യാതൊരു സാഹചര്യവും തമിഴ്‌നാട്ടിലുണ്ടായില്ല. എന്നാൽ കേരളത്തിലേക്കെത്തിയ കോഴികളിൽ കിലോഗ്രാമിന് 40-50 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. തമിഴ്‌നാട് ഖജനാവോ സർക്കാർ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യാതെ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച അനാവശ്യ ശതകോടികൾ തിരിച്ചു പിടിക്കുകയെന്നത് എളുപ്പമല്ല. കോർപ്പറേറ്റുകളും വമ്പൻ പണക്കാരും പാർട്ടികൾക്ക് തെരഞ്ഞെടുപ്പിന് മുമ്പേ പണം നൽകിക്കഴിഞ്ഞു. ഇത്തവണ പക്ഷേ, തെരഞ്ഞെടുപ്പിലെ പാരിതോഷിക വിതരണം വൻ സാമ്പത്തികബാധ്യതയാണ് പ്രധാന പാർട്ടികൾക്കുണ്ടാക്കിയത്.
സർക്കാർ സംവിധാനത്തിൽ തെരഞ്ഞെടുപ്പിന് നാളുകൾക്ക് മുമ്പേ, നിരവധി സമ്മാനങ്ങൾ വോട്ടർമാർക്ക് ലഭിച്ചു. ഇതിൽ കാര്യങ്ങളൊതുങ്ങില്ലെന്നും ഭരണക്കാരും, തങ്ങളുടെ കൈപ്പിടിയിലേക്ക് നിയന്ത്രണങ്ങളെത്തിക്കാൻ പ്രധാന പ്രതിപക്ഷവും ശ്രമിച്ചതോടെ വോട്ടർമാർക്ക് സമ്മാനങ്ങളുടെ ചാകരയാണ് കിട്ടിയത്. ലാപ്‌ടോപ്പ്, മിക്‌സി, ഗ്രൈൻഡർ തുടങ്ങിയ സ്ഥിരം സർക്കാർ സമ്മാനങ്ങൾക്കൊപ്പം പ്രതിപക്ഷവും ഇതൊക്കെ വിതരണം ചെയ്തു. പണമൊഴുക്കും പാരിതോഷിക വിതരണവും അതിരുവിട്ടപ്പോൾ രണ്ടു തവണ ഏതാനും നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും നിർബന്ധിതമായി. നഗരങ്ങളിൽ 1000 മുതൽ 4000 വരെയും ഉൾപ്രദേശങ്ങളിൽ 100 മുതൽ 500 വരെയും രൂപയാണ് വിവിധ കക്ഷികൾ വോട്ടർമാർക്ക് നൽകിയത്.
സാരിയുൾപ്പെടെയുള്ളയുള്ള വസ്ത്രങ്ങൾ, ഹെൽമറ്റ്, ഇരുചക്രവാഹന ടയറുകൾ, നിശ്ചിത തുകയ്ക്ക് പെട്രോൾ അടിക്കാനുള്ള ടോക്കൺ മുതലായവയും വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. ഇതിനുപുറമേ, മിക്കയിടത്തും വിഭവസമൃദ്ധമായ ഭക്ഷണവും. പാർട്ടികളുടെ ടോക്കൺ ലഭിക്കുന്നവർക്ക് അത് തെരഞ്ഞെടുപ്പ് സമയത്ത് പണമാക്കി മാറ്റാനും സൗകര്യമുണ്ടായിരുന്നു. ഇക്കുറി കേരളത്തിന്റെ അതിർത്തി മേഖലകളായ മൂന്നാർ, മറയൂർ, പീരുമേട് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തരം പാരിതോഷികം വിതരണം ഉണ്ടായിരുന്നു. ഇവരിൽനിന്ന് കമ്പിളി വസ്ത്രങ്ങൾ കൈപ്പറ്റിയ പൊലിസുകാർ അത് തിരികെ നൽകി ശിക്ഷാനടപടിയിൽനിന്നും രക്ഷപെട്ട സംഭവവുമുണ്ടായി. തെരഞ്ഞെടുപ്പിൽ ഇങ്ങനെ വാരിയറിഞ്ഞ പണം പിടിക്കാനാണ് തമിഴ്‌നാട് രാഷ്ട്രീയക്കാർ കേരളത്തിലേക്കുള്ള ചരക്കുകടത്തുകാരെ സമ്മർദത്തിലാക്കി കൊള്ള നടത്തുന്നത്.
കിലോഗ്രാമിന് 160 രൂപ വരെ വിലയെത്തിയ ചിക്കന്റെ വില വർധനവിന് കാരണം ഇറച്ചിക്കോഴി വളർത്തലിൽ മുൻപന്തിയിലുള്ള സംസ്ഥാനമായ ആന്ധ്രയിലെ കൊടുംവേനലാണെന്നാണ് കേരളത്തിലെ ഒരു വിഭാഗം വ്യാപാരികളുടെയും കേരളത്തിൽ കോഴിയെ എത്തിക്കുന്നവരുടെയും പ്രചാരണം. സീസണിൽ ശരാശരി 650 ടൺ കോഴിയാണ് പ്രതിദിനം കേരളത്തിന് ആവശ്യമുള്ളത്. ഇതിൽ 150 ടണ്ണോളമാണ് കേരളത്തിന്റെ വിഹിതം. ശേഷിക്കുന്ന ഇറച്ചിക്കോഴി തമിഴ്‌നാട്ടിൽ, കേരളത്തിന്റെ അതിർത്തി ജില്ലകളിൽനിന്നുതന്നെ എത്തുന്നുണ്ടെന്നതാണ് വാസ്തവം. കേരളത്തിലെത്തിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് ആന്ധ്രയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിയുന്നുണ്ട്.
കേരളത്തിൽ വില വർധിച്ചതിനാൽ ചിക്കൻ ഉപഭോഗം വലിയ ഇടിവാണ് നേരിടുന്നത്. എന്നാൽ വിലക്കയറ്റത്തിന്റെ യഥാർത്ഥ കാരണം മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആന്ധ്രയിൽ വേനൽ കടുത്ത് കോഴികൾ ചത്തൊടുങ്ങി എന്ന പ്രചാരണം പോലെയാണ് തമിഴ്‌നാട്ടിലെ പച്ചക്കറിയുടെ കാര്യത്തിലുമുള്ളത്. കാലവർഷക്കെടുതി, പെട്രോൾ വില വർധന തുടങ്ങിയവയാണ് കാരണങ്ങളായി നിരത്തുന്നത്. പത്ത് രൂപയുടെ തക്കാളി 60-80 രൂപയ്ക്കാണു വിപണിയിൽ കിട്ടുന്നത്. മധുര ജില്ലയിൽ പരക്കെ വില 12-15 രൂപ മാത്രം. പയറിനങ്ങൾ 20 രൂപയ്ക്കാണ് കർഷകരിൽനിന്നു തമിഴ്‌നാട്ടിൽ ശേഖരിക്കുന്നത്. കേരളത്തിലത് 50 മുതൽ 80 വരെ രൂപ കൊടുത്താലേ കിട്ടൂ. ആന്ധ്ര, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തുന്ന അവശ്യസാധനങ്ങളുടെ വില കേരള വിപണിയിൽ കുത്തനെ കൂടിയതിനു പിന്നിലും തമിഴ് രാഷ്ട്രീയ കക്ഷികളുടെ സമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ട്.
കമ്പം മുതൽ മധുര വരെയുള്ള സ്ഥലങ്ങളിൽ ഇത്തരം ധനസമാഹരണത്തിന് ഏജന്റുമാരുടെ സംഘമുണ്ട്. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ഡിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിൽ വമ്പന്മാരെ കണ്ട്, അവർ നിശ്ചയിക്കുന്ന തുക രാഷ്ട്രീയ പാർട്ടികൾക്കു നൽകാനും കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ ഏകദേശ വിൽപന വില അവിടെ തീരുമാനിക്കാനുമാണ് ഉന്നത നിർദ്ദേശം. ചിക്കൻ-പച്ചക്കറി എന്നിവയുടെ ഇപ്പോഴത്തെ വില വർധനവ് അയൽനാട്ടിലെ ഉൽപാദന കേന്ദ്രത്തിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നു കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ട്. തീവെട്ടിക്കൊള്ള തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുകൾക്കുള്ള പണംകൂടി കേരളത്തിൽനിന്നു കണ്ടെത്താൻ മലയാളികൾ നിന്നുകൊടുക്കേണ്ടിവരും.