പാലക്കാട്: പൊതുവിപണിയിൽ അരിവില കുറയാൻ തുടങ്ങിയപ്പോൾ സപ്ലൈകോ അരി വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. കൂട്ടത്തിൽ ധാന്യവർഗങ്ങൾക്കും വില ഉയർത്തും. ഇതോടെ സപ്ലൈകോയിലും പൊതുവിപണിയിലും ഇവയുടെ വില ഏറെക്കുറെ തുല്യമാകും.

ഒരു കിലോ അരിക്ക് പൊതുവിപണിയിൽ അഞ്ചു മുതൽ മൂന്നു രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. പുതിയ സ്റ്റോക്ക് എടുത്തു വിൽക്കുന്ന കടകളിൽ പുതിയ വിലയ്ക്കാണ് അരി ലഭിക്കുന്നത്. നേരത്തെ 34 രൂപയോളം ഉണ്ടായിരുന്ന ബോധന തുടങ്ങിയ അരിക്ക് 29 രൂപയിലെത്തി വില. എന്നാൽ അരി വില പൊതുവിപണിക്ക് തുല്യമാക്കുന്നതിന്റെ ഭാഗമായാണ് അരി വില കുറയുന്ന സാഹചര്യത്തിൽ സപ്ലൈകോ വില ഉയർത്തുന്നത്. അരി കൂടാതെ 14 സബ്‌സിഡി ഉൽപ്പന്നങ്ങളിൽ 12 എണ്ണത്തിന്റെ വില ഏപ്രിൽ മുതൽ വർദ്ധിക്കും. വില മാർച്ച് ഒന്ന് മുതൽ വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ഡയറക്ടറോട് സപ്ലൈകോ മാനേജിങ് ഡയറക്ടർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വില വർദ്ധന പ്രതിഷേധത്തിന് ഇടയാക്കുമെന്നുകരുതി തീരുമാനം ഏപ്രിൽ മാസത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.

അരി വില കിലോക്ക് ഒന്നു മുതൽ രണ്ടു രൂപ വരെ വർദ്ധിപ്പിക്കണം എന്നാണ് ആവശ്യം. ധാന്യവർഗങ്ങൾക്ക് ഒരു രൂപ മുതൽ 16 രൂപ വരെ വില വർദ്ധനയുണ്ടാവും.നേരത്തെ സബ്‌സിഡി നൽകിയിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോൾ പൊതുവിപണിയിലേക്കാൾ കൂടിയ വില നൽകേണ്ട അവസ്ഥയാണ് സപ്ലൈകോയിൽ. പൊതു വിപണിയിൽ സാധാരണ കമ്പനി വെളിച്ചെണ്ണകൾ ലഭിക്കുമ്പോൾ ചില ഉയർന്ന കമ്പനിവിലയുള്ള വെളിച്ചെണ്ണ മാത്രമേ സപ്ലൈകോയിൽ ഇപ്പോൾ ലഭിക്കൂ. മാസങ്ങൾക്ക് മുമ്പ് മല്ലി, മുളക്, തുടങ്ങിയ പത്തോളം ഇനങ്ങൾക്ക് അമ്പതുശതമാനത്തിലേറെ വിലവർദ്ധന സപ്ലൈകോ നടപ്പിലാക്കിയിരുന്നു.

അരി ഉൾപ്പടെയുള്ള ധാന്യങ്ങൾക്കും ഇടക്കിടെ വില വർദ്ധന ഉണ്ടാകുന്നുണ്ട്. റേഷൻ കാർഡ് കാണിച്ചാൽ റേഷൻ കടയിൽനിന്ന് 9 രൂപക്ക് ലഭിക്കുന്ന അരിയാണ് സപ്ലൈകോയിൽ 25 രൂപക്ക് നൽകുന്നത്. രണ്ടുസംവിധാനങ്ങളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാറിന്റെ പൊതുമേഖലാ സംരംഭമാണ്. രണ്ടിടത്തും കാർഡ് കാണിച്ചാലേ അരി ലഭിക്കൂ എന്നുമുണ്ട്. ഇനിയും കൂട്ടാൻ കഴിയാത്തതിനാൽ വെളിച്ചെണ്ണക്കും പഞ്ചസാരക്കും വില വർദ്ധന ആവശ്യപ്പെട്ടിട്ടില്ല. പഞ്ചസാരക്ക് പൊതുവിപണിയെക്കാൾ നേരിയ വിലവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. വെളിച്ചെണ്ണക്ക് കൂടിയ വിലയും.

പുതിയ വില വർദ്ധന പട്ടിക.
ഇനം.            പഴയ വില. പുതുക്കിയ വില
മട്ട അരി.        25             26.50
ജയ അരി.      25             27.50
കുറുവ             25             26.50
പച്ചരി.            23             24
ചെറുപയർ      74             87
ഉഴുന്ന്            66             73
മുളക്             75             91
കടല             43             45
വൻപയർ       45             48
തുവരപ്പരിപ്പ്    65             70

പുതിയ വില വർദ്ധന വരുന്നതോടെ ഭൂരിഭാഗം സാധനങ്ങൾക്കും സപ്ലൈകോയിൽ പൊതുവിപണിയെ പോലെയാകും വില. ഇപ്പോൾ തന്നെ രണ്ടാം തരം ചെറുപയറിന് പൊതുവിപണിയിൽ സപ്ലൈകോയിൽ ഉള്ളതിനെക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. ഒന്നാം തരം ചെറുപയറിന് പുതിയ വില വർദ്ധന വരുന്നതോടെ വ്യത്യാസമില്ലാതെ വരും.

സപ്ലൈകോയെ ഒന്നാം കിട സൂപ്പർമാർക്കറ്റ് ആക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. നാളെ പണക്കാർക്ക് മാത്രം കയറി ചെന്ന് കുത്തക കമ്പനി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഒരു ബിഗ് ബസാർ തന്ത്രമാണ് നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനായി സർക്കാർ ഈ സാമ്പത്തിക വർഷവും 179 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. ഇതിനിടെയാണ് സപ്ലൈകോ മാനേജ്‌മെന്റിന്റെ പുതിയ വില ഉയർത്തൽ.