മസ്‌ക്കറ്റ്: രാജ്യത്ത് വിൽക്കുന്ന 1180 മരുന്നുകളുടെ വില കുറച്ചു വിൽക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്കുള്ള മരുന്നുകൾ, സൈക്കാട്രിക്, ഇഎൻടി, കണ്ണ്, കാൻസർ, രക്തസംബന്ധിയായ അസുഖങ്ങൾക്കുള്ളവ, വാക്‌സിനുകൾ തുടങ്ങിയ മരുന്നുകളുടെ വിലയാണ് ജൂലൈ ഒന്നു മുതൽ കുറയ്ക്കുന്നത്.

ജീവൻ രക്ഷാ മരുന്നുകളുടെ വില കുറച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നടപടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മരുന്നുകളുടെ വില കുറയ്ക്കുന്നതിന്റെ ആദ്യ ഘട്ടം നടപ്പാക്കിയത്. അന്ന് 1400 മരുന്നുകളുടെ വിലയാണ് കുറച്ചത്.  ഹൃദ്രോഗം, പ്രമേഹം, ആമാശയ രോഗങ്ങൾ, കൊളസ്‌ട്രോൾ, വേദനസംഹാരികൾ തുടങ്ങിയവയുടെ വിലയിൽ അഞ്ച് മുതൽ 60 ശതമാനം വരെയാണ് കുറവ് വന്നത്.

നിലവിൽ വില കുറച്ച മരുന്നുകളുടെ പുതിയ വില വിവരം സുൽത്താനേറ്റിലെ എല്ലാ ഡ്രഗ് ഏജൻസികൾക്ക് അയച്ചിട്ടുണ്ട്. മിനിസ്ട്രിയുടെ വെബ് സൈറ്റിലും മരുന്നുകളുടെ പുതിയ വില പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ ഫാർമസികളിലെയും മരുന്നുവില മാറ്റേണ്ടതുണ്ട്. പട്ടികയിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ മന്ത്രാലയത്തിലെ നമ്പറായ 24441999ൽ വിളിച്ച് അറിയിക്കേണ്ടതാണ്.