ന്യൂഡൽഹി: രാജ്യത്തുടനീളം ഒരു ഉൽപ്പന്നത്തിന് ഒരു വിലയെന്ന പുതിയ വിപണി വ്യവസ്ഥ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാളുകളിലും വിമാനത്താവളങ്ങളിലും മറ്റും ഉത്പന്നങ്ങൾക്ക് അധികവില ഈടാക്കുന്നതിന് ഇതോടെ അവസാനമാകും. അടുത്ത വർഷം ജനുവരി ഒന്നു മുതൽക്കാണ് ചട്ടം പ്രാബല്യത്തിൽ വരിക. 2011 ലെ അളവുതൂക്ക (പായ്ക്ക് ചെയ്ത ഉൽപന്നങ്ങൾ) ചട്ടത്തിൽ വരുത്തുന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണു നടപടി.

നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ, മാളുകൾ, സിനിമാ തിയറ്ററുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണമുൾപ്പടെയുള്ള വസ്തുക്കൾക്ക് അധിക വിലയാണ് ഈടാക്കുന്നത്. പലയിടത്തും യഥാർഥ വിലയുടെ നാലിരട്ടിയിലധികമാണ് ഈടാക്കുന്നത്. ഇതിന് തടയിടുകയാണ് ലക്ഷ്യം. മാളുകളിലേയും തിയേറ്ററുകളിലേയും വില വ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എന്നാൽ ആരും നടപടി എടുക്കാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇതിന്റെ ഭാഗമായി ഒരേ ഉൽപ്പന്നത്തിന് എല്ലായിടത്തും ഒരേ വിലമാത്രമേ ഈടാക്കാൻ പാടൂള്ളൂ എന്നു കേന്ദ്രസർക്കാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. കമ്പനികൾക്ക് ഇതിനാവശ്യമായ മാറ്റം വരുത്താൻ വേണ്ട സമയം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത വർഷം മുതൽ ഇതു നടപ്പാക്കാൻ തീരുമാനിച്ചത്. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ഉപഭോകതൃകാര്യ മന്ത്രാലയം അധികൃതരും വ്യക്തമാക്കി.

ഒരു ഉൽപ്പന്നത്തിന് എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കുകയോ ഇരട്ട എം.ആർ.പിയുണ്ടാകുകയോ ചെയ്യാവുന്നതല്ലെന്നു ചട്ടത്തിൽ വ്യക്തമായി പറയുന്നുണ്ട്. വിൽക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരുത്തുന്നതിൽ നിന്ന് കമ്പനികളെ തടയും. ചട്ടം നിലവിൽവരുന്നതോടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നത്തിന്റെ യഥാർഥ വില മനസിലാക്കാനും കബളിപ്പിക്കലിൽ നിന്ന് രക്ഷനേടാനും കഴിയും.

നിലവിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായാൽ പരാതിപ്പെടാൻ അവസരമില്ല. നിയമം രൂപീകരിക്കുന്നതോടെ ഇതിന് അവസരമുണ്ടാകും. നിലവിലെ അളവ് തൂക്ക നിയമപ്രകാരം മെഡിക്കൽ ഉപകരണങ്ങൾക്ക് ഡിക്ലറേഷൻ നിർബന്ധമില്ല. പുതിയ ചട്ടം വരുന്നതോടെ അതിനും സാധ്യതയുണ്ടെന്നതാണു പ്രത്യേകത.