മലപ്പുറം: വന്ധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടി പീഡനം നടത്തുന്ന പൂജാരി അറസ്റ്റിൽ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് പണവും സ്വർണവും തട്ടുകയും പിന്നീട് ആളൊഴിഞ്ഞ മുറിയിൽ വിളിച്ചു വരുത്തി പീഡനം പതിവാക്കിയ പൂജാരിയാണ് പൊന്നാനി പെരുമ്പടപ്പ് പൊലീസിന്റെ വലയിലായത്.

പൊന്നാനി ബിയ്യം ചെറുവായ്ക്കര സ്വദേശി തട്ടപറമ്പിൽ ഷാജി(32)യെയാണ് എസ്.ഐ സുനിൽ അറസ്റ്റ് ചെയ്തത്. പുത്തൻപള്ളി സ്വദേശിയായ യുവതിയും ഭർത്താവും നൽകിയ പരാതിയിലാണ് പൂജാരി കുടുങ്ങിയത്.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് ചികിത്സിക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദീർഘനാളായി കുട്ടികളില്ലാത്തതിനാൽ ഈ ദമ്പതികൾ ചികിത്സ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പൂജാരിയുടെ ചികിത്സ കേട്ടറിഞ്ഞ് ഇവർ ഇവിടെ എത്തിയത്. പറയുന്ന കാര്യങ്ങളും പൂജകളും കൃത്യമായി ചെയ്താൽ കുട്ടികളുണ്ടാകുമെന്ന് ഈ ദമ്പതികളോട് പൂജാരി മുൻകൂട്ടി പറഞ്ഞിരുന്നു.

പൂജക്കും മറ്റു ചികിത്സാ ചിലവെന്നും പറഞ്ഞ് ഇയാൾ ദമ്പതികളിൽ നിന്നും ഒരു പവൻ സ്വർണവും പതിനായിരം രൂപയും നേരത്തെ വാങ്ങിയിരുന്നു. പിന്നീട് പൂജയ്‌ക്കെന്ന പേരിൽ യുവതിയെ മുറിക്കുള്ളിലേക്ക് വിളിച്ചു വരുത്തുകയും സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. പൂജാരി അപമര്യാദയായി പെരുമാറിയതോടെ ബഹളം വച്ച് പുറത്തേക്ക് ഓടുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ദമ്പതികൾ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഷാജിയെ കോടത്തൂരിലെ താമസ സ്ഥലത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളിൽ നിന്നും വാങ്ങിയ സ്വർണം ബാങ്കിൽ പണയം വച്ചതായി ഷാജി പൊലീസിൽ സമ്മതിച്ചു. ഇയാൾ സമാനമായ നിരവധി സംഭവങ്ങൾ ചെയ്തതായാണ് വിവരം. എന്നാൽ മാനഹാനി ഭയന്ന് പരാതിയുമായി രംഗത്ത് വരാത്തവരാണ് അധികം പേരും. ദമ്പതികൾ ചികിത്സക്കെത്തുമ്പോൾ സ്ത്രീകൾക്കു മാത്രമായിരുന്നു ഇയാൾ പ്രത്യേക പൂജ നടത്തിയിരുന്നത്. ഇതിനാൽ വഞ്ചിതരാകുന്ന സ്ത്രീകളാകട്ടെ വിവരം പുറത്തു പറയാറില്ല. നിരവധി പേർ ചികിത്സക്ക് എത്താറുണ്ടെന്ന് ഷാജി സമ്മതിച്ചിട്ടുണ്ട്. സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായി എസ്.ഐ സുനിൽ പറഞ്ഞു.