ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത വൈദികനും ആളൂർ ബെറ്റർ ലൈഫ് മൂവ്‌മെന്റിന്റെ (ബിഎൽഎം) അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ.ജോണി ജോസ് കുന്നത്തുപറമ്പിൽ(39) അപകടത്തിൽ മരിച്ചു. സംസ്‌കാരശുശ്രൂഷകൾ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 2.30നു വെളയനാട് സെന്റ് മേരീസ് ഇടവകയിൽ നടക്കും.

സുഹൃത്തായ വൈദികന്റെ അമ്മയുടെ നിര്യാണത്തെത്തുടർന്ന് ദേവാലയത്തിൽ ദിവ്യബലിയർപ്പിക്കാൻ പോകവേ പുല്ലൂരിലായിരുന്നു അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിലും പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെളയനാട് സെന്റ് മേരീസ് ഇടവകാംഗമായ കുന്നത്തുപറമ്പിൽ പരേതനായ ജോസ് റോസി ദമ്പതികളുടെ ഇളയ മകനായ ജോണി 2010 ഡിസംബർ 30നാണ് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടനിൽനിന്നു പൗരോഹിത്യം സ്വീകരിച്ചത്. ചാലക്കുടി ഫൊറോന, തെക്കൻ താണിശേരി, കല്ലേറ്റുങ്കര ദേവാലയങ്ങളിൽ അസിസ്റ്റന്റ് വികാരിയായും തൊട്ടിപ്പാൾ ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചകഴിഞ്ഞു നാലു മുതൽ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിലും 5.30 മുതൽ 6.30 വരെ തൊട്ടിപ്പാൾ സെന്റ് മേരീസ് ഇടവകയിലും പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിക്കും.

സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭഘട്ടം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ ആരംഭിക്കും. 2.30ന് വെളയനാട് സെന്റ് മേരീസ് ഇടവക പള്ളിയിൽ ദിവ്യബലിയും സംസ്‌കാര ശുശ്രൂഷയുടെ മറ്റു കർമങ്ങളും നടക്കും.

ഡിഗ്രി പഠനത്തിനുശേഷം ഇരിങ്ങാലക്കുട മൈനർ സെമിനാരിയിൽ പ്രവേശിച്ച ഇദ്ദേഹം പൂന പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. അൽഫോൻസ സ്റ്റീഫൻ, മേരി ബാബു, ലിസി ജിജോ, സിലു ബിജു എന്നിവർ സഹോദരങ്ങളാണ്.