കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ വഴിത്തിരിവ്. വൈദികൻ ഇലപ്പനാൽ ഫാ.ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ഷൈനോയെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും ഇതു പരിഹരിക്കാനാണ് സ്വന്തം വീട്ടിൽ നിന്നുതന്നെ മോഷ്ടിക്കേണ്ടി വന്നതെന്നും പ്രതി പാമ്പാടി പൊലീസിനു മൊഴി നൽകി.വീടിനോടു ചേർന്ന ഷൈനോയുടെ സ്ഥാപനത്തിലാണ് മോഷ്ടിച്ച പണം സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

പട്ടാപ്പകൽ വീട്ടിൽക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വർണാഭരണവും പണവുമാണ് കവർന്നത്.മോഷണം നടത്തിയത് വീട്ടിലുള്ള ആൾ തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു.മോഷണം നടത്തി പരിചയമുള്ള സംഘമാണെങ്കിൽ താഴെ വീണുപോകാത്ത തരത്തിൽ ആഭരണങ്ങൾ കൊണ്ടു പോകുമായിരുന്നുവെന്നാണു കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈനോയെ പൊലീസ് ചോദ്യം ചെയ്തത്. സ്ഥിരം മോഷ്ടാവ് അല്ലാത്തതുകൊണ്ടുതന്നെ തുടർച്ചയായുള്ള പൊലീസ് ചോദ്യം ചെയ്യലിൽ ഷൈനോ കുറ്റം സമ്മതിക്കുകയായിരുന്നു.

തൃക്കോതമംഗലം സെന്റ് മേരീസ് ബത്ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലിൽ ചൊവ്വാഴ്ച വൈകിട്ടാണ് മോഷണം നടന്നത്. ഫാ. ജേക്കബും ഭാര്യ സാലിയും പള്ളിയിൽപോയി തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം.48 പവൻ സ്വർണവും 80,000 രൂപയും നഷ്ടപ്പെട്ടിരുന്നു.ഇതിൽ 21 പവൻ വീടിനോടു ചേർന്ന ഇടവഴിയിൽനിന്നു തിരിച്ചുകിട്ടി. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നാണു പണവും ആഭരണങ്ങളും എടുത്തത്.

വീട്ടിലെ മുഴുവൻ മുറികളിലും മുളകുപൊടി വിതറിയിട്ടനിലയിലായിരുന്നു. വൈദികന്റെ മുറിയിലെ അലമാര തകർത്താണ് സ്വർണവും പണവും കവർന്നത്. മറ്റു സാധനങ്ങൾ മുറിക്കുള്ളിൽ വലിച്ചുവാരിയിട്ട നിലയിലാണ്. മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. രാത്രി ഏഴുമണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരന്നു

കവർച്ചയ്ക്കുശേഷം ഓടിപ്പോകുന്നതിനിടെ മോഷ്ടാവിന്റെ കൈയിൽനിന്ന് താഴെവീണ നിലയിൽ മൂന്നുപവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിന്റെ പലഭാഗത്തുനിന്നായി തിരിച്ചുകിട്ടിയിരുന്നു.ഇന്ന് രാവിലെ മുതൽ ഷൈൻ നൈനാനെ തുടർച്ചായി ചോദ്യം ചെയ്തിരുന്നു.തുടർന്നാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തനിക്കുണ്ടായ സാമ്പത്തിക ബാധ്യതായണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.